ഐസിയുവില്‍ കാണാനെത്തിയ കേന്ദ്രമന്ത്രിയോട് അപ്പ ചോദിച്ചത് നിമിഷ പ്രിയയുടെ കാര്യം, മരിയ ഉമ്മന്റെ കുറിപ്പ്

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിരി മെച്ചപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വരുന്നതിന്റെ ആശ്വസത്തിലാണ് പ്രവര്‍ത്തകരും നാട്ടുകാരും.

ആരോഗ്യസ്ഥിതിയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയില്‍ നിന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഡിസ്‌ചാര്‍ജ് ആയിരുന്നു. എന്നാല്‍ രണ്ടാഴ്‌ചക്ക് ശേഷം ചികിത്സ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ബെംഗളൂരുവില്‍ തന്നെ തുടരുകയാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ അറിയിച്ചിരുന്നു.

അതിനിടെയാണ് ഉമ്മന്‍ചാണ്ടി ഐസിയുവില്‍ കഴിയുന്നതിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ച്‌ മകള്‍ മരിയ ഉമ്മന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നത്. ഐസിയുവില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. എന്നാലും കേന്ദ്രമന്ത്രി വി.മുരളീധരന്‍ കാണാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ കാണണമെന്ന് അപ്പ പറഞ്ഞു. മന്ത്രിയോട് ദീര്‍ഘനേരം സംസാരിച്ച അദ്ദേഹം ഒരേയൊരു കാര്യമാണ് വീണ്ടും വീണ്ടും ആവശ്യപ്പെട്ടത്. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യെമനില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനം ഉടന്‍ സാധ്യമാക്കണം. നിമിഷപ്രിയയെ അവളുടെ
എട്ടുവയസുകാരിയായ മകളോടും കുടുംബത്തോടും ചേര്‍ക്കാന്‍ സര്‍ക്കാര്‍ സഹായമുണ്ടാകണമെന്നും മന്ത്രിയോട് അദ്ദേഹം അഭ്യര്‍ഥിച്ചതായും കുറിപ്പില്‍ മരിയ പറഞ്ഞു.

ഐസിയുവില്‍ കഴിയുമ്ബോഴും അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പൂര്‍ണ ആരോഗ്യത്തോടെ തിരിച്ച്‌ വരുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹത്തിന്റെ മകളായതില്‍ അഭിമാനമുണ്ടെന്നും മരിയ പറഞ്ഞു.ഫെബ്രുവരി 12നാണ് തുടര്‍ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമായിരുന്നു ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

prp

Leave a Reply

*