മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കുനേരെ നടന്ന ആക്രമണത്തില്‍ യുവതി അറസ്റ്റില്‍. ഭോജ്പുരി നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ സപ്‌ന ഗില്ലിനെതിരെയാണ് നടപടി.
സംഭവത്തില്‍ പൃഥ്വി ഷായുടെ കാര്‍ അക്രമികള്‍ പിന്തുടരുന്നതടക്കമുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഭോജ്പുരിയിലടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് സ്പന. പാര്‍ലമെന്റ് അംഗവും നടനുമായ രവി കിഷന്‍, ഭോജ്പുരി നടന്‍ ദിനേഷ് ലാല്‍ യാദവ് എന്നിവര്‍ക്കൊപ്പം സഹനടിയായും അഭിനയിച്ചിട്ടുണ്ട്. കാശി അമര്‍നാഥ്, നിര്‍ഹുവ ചലാല്‍ ലണ്ടന്‍, മേര വതന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
ചണ്ഡിഗഢ് സ്വദേശിയായ സപ്‌ന ഇപ്പോള്‍ മുംബൈയിലാണ് കഴിയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 2,20,000ത്തോളം ഫോളോവര്‍മാരുള്ള ഇവര്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായും ശ്രദ്ധേയയാണ്. വിഡിയോ ഷെയറിങ് ആപ്പായ ജോഷ്, മെസേജിങ് ആപ്പായ സ്‌നാപ്പ് ചാറ്റ് എന്നിവയിലും യൂട്യൂബിലുമെല്ലാം സജീവമാണ്.
ഇന്നലെ അന്വേഷണത്തിന്റെ ഭാഗമായി നടിയെയും സുഹൃത്തുക്കളെയും പൊലീസ് ഓഷിവാറ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനില്‍ ഹാജരായ സപ്‌നയ്ക്ക് അക്രമത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രിഥ്വി ഷായുടെ ബി.എം.ഡബ്ല്യു കാര്‍ നടിയുടെ കൂട്ടാളികള്‍ ബേസ്ബോള്‍ ബാറ്റ് ഉപയോഗിച്ച് അടിച്ച് തകര്‍ത്തതായും പൊലീസ് പറയുന്നു.
സെല്‍ഫിയില്‍ തുടങ്ങിയ കലഹം; നടുറോട്ടിലെ ‘ഷോ’
ബുധനാഴ്ച രാത്രി മുംബൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ മാന്‍ഷന്‍ ക്ലബിലുള്ള സഹാറാ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു പൃഥ്വി ഷാ. ഈ സമയത്താണ് ഇവിടെയെത്തിയ സപ്‌ന ഗില്ലും സുഹൃത്ത് ശോഭിത് താക്കൂറും സെല്‍ഫി ആവശ്യപ്പെട്ടത്.
പൃഥ്വി ഷാ ഒരു ഫോട്ടോയ്ക്ക് നിന്നുകൊടുക്കുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷവും സംഘം വീണ്ടും സെല്‍ഫി ആവശ്യപ്പെട്ടു. ഇതിന് പൃഥ്വി ഷാ കൂട്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ വന്നതാണെന്നും തങ്ങളെ വിടണമെന്നും താരം അപേക്ഷിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്നാണ് ആരോപണം. താരം പരാതി പറഞ്ഞതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ പുറത്താക്കി. തുടര്‍ന്ന് സംഘം പുറത്ത് കാത്തുനില്‍ക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
തുടര്‍ന്ന് പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ ബി.എം.ഡബ്ല്യു കാര്‍ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. പിന്നീട് പൃഥ്വി ഷായും സപ്‌നയും തമ്മില്‍ ഉന്തും തള്ളും കൈയേറ്റവും നടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ബേസ്ബാള്‍ ബാറ്റ് കൊണ്ട് താരം യുവതിയെ കൈയേറ്റം ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൃഥ്വി ഷാ തങ്ങളെ ശാരീരികമായി മര്‍ദിച്ചെന്ന് ഇവര്‍ ആരോപിക്കുന്നുണ്ട്.
പൃഥ്വിയുടെ സുഹൃത്തുക്കളാണ് പെണ്‍കുട്ടി അടങ്ങുന്ന സംഘത്തെ ആദ്യമായി ആക്രമിച്ചതെന്ന് ഇവരുടെ അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍ ആരോപിച്ചു. താരം മദ്യലഹരിയിലായിരുന്നുവെന്നും ഓഷിവാറ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ മെഡിക്കല്‍ അടക്കമുള്ള നടപടികള്‍ക്ക് പൊലീസ് തയാറായില്ലെന്നും അഭിഭാഷകന്‍ കുറ്റപ്പെടുത്തി.
അതേസമയം, ഒന്നം സംഭവിച്ചിട്ടില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമാണ് പൃഥ്വി ഷാ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. അവരാണ് അക്രമിച്ചതെന്നും കൂടുതല്‍ പറയാനില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

