മുംബൈ: 7017 കോടി രൂപയ്ക്ക് ഊര്‍ജ്ജ കമ്ബനിയായ ഡി.ബി പവറിനെ ഏറ്റെടുക്കാനുള്ള അദാനി പവറിന്റെ നീക്കം പൊളിഞ്ഞു.
ഫെബ്രുവരി 15 ആയിരുന്നു വിനിമയം നടത്തി ഏറ്റെടുക്കേണ്ടിയിരുന്ന അവസാന തീയതി. ഇരുകമ്ബനികളും തമ്മില്‍ ഒപ്പുവച്ചെ ധാരണാപത്രം കാലഹരണപ്പെട്ടതായി അദാനി പവര്‍ റഗുലേറ്ററി ഫയലിങ്ങിലൂടെ സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.
2022 ആഗസ്ത് 18നായിരുന്നു ഇരു കമ്ബനികളും തമ്മിലുള്ള കരാര്‍. ആ വര്‍ഷം ഒക്ടോബര്‍ 31ന് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണം എന്നാണ് ധാരണാ പത്രത്തില്‍ പറഞ്ഞിരുന്നത്. പിന്നീട് ഇത് നാലു തവണ മാറ്റിവച്ചെങ്കിലും അദാനി പവറിന് ആവശ്യമായ തുക കണ്ടെത്താനായില്ല എന്നാണ് വിവരം. ഛത്തീസ്ഗഢിലെ ജഞ്ച്ഗിര്‍ ചാമ്ബയില്‍ 1200 മെഗാ വാട്ട് കോള്‍ ഫയേഡ് പവര്‍ പ്ലാന്റാണ് ഡി.ബി പവറിന് സ്വന്തമായുള്ളത്.
രാജ്യത്തുടനീളം സാന്നിധ്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അദാനി പവര്‍ ഡി.ബി പവറുമായി കരാറിലേര്‍പ്പെട്ടിരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ മൂല്യം പകുതിയോളം ഇടിഞ്ഞ അദാനിക്ക് കരാര്‍ കാലഹരണപ്പെട്ടത് വന്‍ ആഘാതമായി. ഇതിന് മുമ്ബ് നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് മുമ്ബോട്ടു വച്ച ഇരുപതിനായിരം കോടി രൂപയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫറിങ് (എഫ്.പി.ഒ) അദാനി ഗ്രൂപ്പിന് പിന്‍വലിക്കേണ്ടി വന്നിരുന്നു.
പത്തു ലക്ഷം കോടിയുടെ നഷ്ടം
ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പിന്റെ പത്ത് ലിസ്റ്റഡ് കമ്ബനികളുടെ മൂല്യത്തില്‍നിന്ന് പത്തു ലക്ഷം കോടിയിലേറെ രൂപയാണ് ഒലിച്ചുപോയത്. മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഓഹരികളുടെ വിനിമയം നടക്കുന്നത് എന്നായിരുന്നു യുഎസ് സാമ്ബത്തിക ഗവേഷണ സ്ഥാപനത്തിന്റെ പ്രധാന ആരോപണം. ഇതിന് ശേഷം കമ്ബനിക്കേറ്റ തിരിച്ചടി ഇന്ത്യന്‍ ഓഹരി വിപണിയിലെ തന്നെ ഏറ്റവും വലിയ വീഴ്ചയായി കണക്കാക്കപ്പെടുന്നു.
എസിസി, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ്, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി വില്‍മര്‍, അംബുജ സിമെന്റ്‌സ്, എന്‍ഡിടിവി എന്നീ കമ്ബനികളാണ് നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത അദാനി കമ്ബനികള്‍.
തിരിച്ചടികള്‍ക്ക് പിന്നാലെ അദാനി ഗ്രീന്‍ എനര്‍ജിയുടെ റേറ്റിങ് മൂഡീസ് ഇന്‍വസ്റ്റര്‍ സര്‍വീസ് സ്റ്റേബിളില്‍നിന്ന് നെഗറ്റീവിലേക്ക് താഴ്ത്തിയിരുന്നു.

