പത്തനംതിട്ട: വിവാദമായ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ഉല്ലാസയാത്ര പോകാന്‍ കൂട്ട അവധിയെടുത്ത സംഭവത്തില്‍ ജില്ല കളക്ടര്‍ ദിവ്യ എസ്.
അയ്യര്‍ റിപ്പോര്‍ട്ട് നല്കി. ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉല്ലാസ യാത്ര പോയ ജീവനക്കാര്‍ ഔദ്യോഗികമായി അവധി എടുത്തവരാണെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ഉദ്യോഗസ്ഥരുടെ അവധി ഓഫീസില്‍ എത്തിയ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കണ്ടെത്തലുണ്ട്. റിപ്പോര്‍ട്ടിന് മേല്‍ നടപടി എടുക്കേണ്ടത് ലാന്‍ഡ് റവന്യു കമ്മീഷണറാണ്.
കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്കുന്നതില് മാര്‍ഗരേഖ തയ്യാറാക്കാന്‍ സാധ്യതയുണ്ട്. ഇതെ കുറിച്ച് ഇന്ന് ചേരുന്ന റവന്യു സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച നടക്കും. ജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂവകുപ്പായത് കൊണ്ട് ജീവനക്കാരില്‍ എത്ര ശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്കാമെന്നതില് പൊതു മാനദണ്ഡം ഉണ്ടാക്കാനാണ് സാധ്യത.
കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയിത്. ആകെയുള്ള 63 പേരില്‍ 21 ജീവനക്കാര്‍ മാത്രമാണ് ഓഫീസില്‍ എത്തിയത്. 20 പേര് അവധി അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും വ്യക്തമായിരുന്നു. സ്ഥലത്തെത്തിയ കോന്നി എംഎല്‍എ കെ.യു. ജനീഷ്കുമാര്‍ തഹസില്‍ദാരെ ഫോണ്‍ വിളിച്ചു വിശദീകരണം ചോദിച്ചതോടെയാണിത് വാര്‍ത്തയായത്.
ഇതിന്റെ തുടര്‍ച്ചയായി ജീവനക്കാരുടെ കൂട്ട അവധിയില്‍ ഇടപെട്ട എംഎല്‍എയും ഉദ്യോഗസ്ഥരും തമ്മില്‍ വാക്ക് പോര് നടന്നു. കെ.യു. ജനീഷ് കുമാറിന്റെ ഇടപെടല്‍ മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണെന്ന വിമര്‍ശനവുമായി ഡെപ്യുട്ടി തഹസില്‍ദാര്‍ എം.സി. രാജേഷ് രംഗത്തെത്തി. താലൂക്ക് ഓഫീസിലെ ഹെഡ്ക്വാര്‍ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി. രാജേഷ് ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലാണ് എം.എല്‍.എ ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ തഹസില്‍ദാരുടെ കസേരയിലിരിക്കാനും രജിസ്റ്റര്‍ പരിശോധിക്കാനും എംഎല്‍എക്ക് എന്ത് അധികാരമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. എന്നാല്‍ ഡെപ്യൂട്ടി തഹസില്‍ദാരുടേത് പെരുമാറ്റചട്ട ലംഘനമാണെന്നായിരുന്നു ജനീഷ് കുമാറിന്റെ പ്രതികരണം.

