ഇസ്താംബുള്‍ : തുര്‍ക്കിയില്‍ ഭൂകമ്ബമുണ്ടായി ദിവസങ്ങള്‍ പിന്നിടുന്ന പശ്ചാത്തലത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്ന് ആളുകളെ ജീവനോടെ രക്ഷിക്കാനാകുമെന്ന വിശ്വാസം മങ്ങുന്നതിനിടെ പ്രതീക്ഷയുടെയും അത്ഭുതത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ് യാഗിസ്.
വെറും പത്ത് ദിവസം മാത്രമാണ് ഈ ആണ്‍ക്കുഞ്ഞിനുള്ളത്. കഴിഞ്ഞ ദിവസം ഹാതെയ് പ്രവിശ്യയിലെ സമന്ദാഗ് പട്ടണത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്ന് യാഗിസിനെ പുറത്തെടുത്തവര്‍ക്ക് ഇപ്പോഴും ആശ്ചര്യമടക്കാനാകുന്നില്ല.
തിങ്കളാഴ്ച ഭൂചലനമുണ്ടായി 90 മണിക്കൂറിന് ശേഷമാണ് യാഗിസിനെ പുറത്തെടുത്തത്. തങ്ങളുടെ കൈകളിലെത്തിയ ഉടന്‍ യാഗിസിനെ ഒരു തെര്‍മല്‍ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് വോളന്റിയര്‍മാര്‍ ആംബുലന്‍സിന്റടുത്തേക്ക് ഓടി. കുഞ്ഞ് യാഗിസിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം. മറ്റൊരു സന്തോഷ വാര്‍ത്ത കുഞ്ഞിന്റെ മാതാവിനെയും രക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ്. അമ്മയ്ക്ക് നട്ടെല്ലിന് പരിക്കുണ്ട്. നിരാശയുടെയും നഷ്ടത്തിന്റെയും സമയത്ത് ഇത്തരം അത്ഭുതകരമായ രക്ഷപെടുത്തലുകള്‍ ജീവന് പണംവച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഊര്‍ജം പകരുകയാണ്.
104 മണിക്കൂര്‍ മരണത്തോട് മുഖാമുഖം
കിറിഖാന് നഗരത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്ന് ഇന്നലെ രക്ഷപെടുത്തിയ സൈനബ് കഹ്രാമന് എന്ന 40കാരി 104 മണിക്കൂറാണ് ജീവനോട് മല്ലിട്ടത്. കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്കും തകര്‍ന്ന കമ്ബികള്ക്കുമിടെയില് അനങ്ങാന്‍ പോലുമാകാതെ കിടന്ന സൈനബിനെ ജര്‍മ്മന്‍ വോളന്റിയര്‍മാരാണ് പുറത്തെടുത്തത്. അതിനിടെ ഇസ്കെന്‍ഡെറൂണില്‍ 100 മണിക്കൂര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിക്കിടന്ന ഒരു കുടുംബത്തിന്റെ ആറ് പേരെയും ജീവനോടെ പുറത്തെത്തിക്കാനായി.
നൂറ്റാണ്ടിന്റെ ദുരന്തം
ഭൂകമ്ബത്തിന് പിന്നാലെ മറ്റൊരു ദുരന്തത്തിലേക്ക് നീങ്ങുകയാണ് തുര്‍ക്കിയും സിറിയയും. കിടപ്പാടം നഷ്ടപ്പെട്ട ആയിരങ്ങള്‍ ശൈത്യത്തിനിടെ തെരുവുകളില്‍ കഴിച്ചുകൂട്ടുന്നു. പലര്‍ക്കും ഇന്ധനം, ശുദ്ധജലം, വൈദ്യുതി എന്നിവ ലഭിക്കുന്നില്ല. പകര്ച്ചവ്യാധികളുണ്ടാകുമോ എന്നും ആശങ്കയുണ്ട്. തുര്‍ക്കിയിലെ സാഹചര്യം ‘ നൂറ്റാണ്ടിന്റെ ദുരന്ത”മാണെന്ന് പ്രസിഡന്റ് റെസെപ് തയ്യിപ് എര്ദോഗന് പറഞ്ഞു.

