ആംസ്റ്റര്‍ഡാം : 2014ല്‍ യുക്രെയിന് മീതെ പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 777 എം.എച്ച് 17 വെടിവച്ച് വീഴ്ത്തിയ സംഭവത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനെതിരെ അന്വേഷണ സംഘം.
വിമാനം തകര്‍ത്ത മിസൈല്‍ പുട്ടിന്റെ ഉത്തരവോടെ വിതരണം ചെയ്യപ്പെട്ടതാണെന്നതിന്റെ ശക്തമായ സൂചന ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു. 2014 ജൂലായ് 17നായിരുന്നു 298 നിരപരാധികളുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തം. കിഴക്കന്‍ യുക്രെയിനില്‍ ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ അനുകൂല വിമത ഗ്രൂപ്പുകളും യുക്രെയിന് സൈന്യവും തമ്മില്‍ സംഘര്‍ഷം അരങ്ങേറവെയാണ് എം.എച്ച് 17നെ മിസൈല്‍ തകര്‍ത്തത്. 33,000 അടി ഉയരത്തില്‍ വച്ച് വിമാനം മൂന്നായി പിളര്‍ന്ന് കത്തിയമര്‍ന്നു.
നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപ്പൂരിലേക്കായിരുന്നു വിമാനം പറന്നത്. യുക്രെയിനിലെ റഷ്യന്‍ അനുകൂല വിമതര്‍ക്ക് മിസൈലുകള്‍ നല്കാന് പുട്ടിന് തീരുമാനിച്ചതിന് തെളിവുകളുണ്ടെന്നും എന്നാല്‍ വിമാനം വെടിവച്ച് വീഴ്ത്താന്‍ പുട്ടിനോ മറ്റ് ഉന്നത റഷ്യന്‍ ഉദ്യോഗസ്ഥരോ ഉത്തരവ് നല്‍കിയതായി സൂചനയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ കൂടുതല്‍ വിചാരണകളില്ലാതെ അന്വേഷണം അവസാനിപ്പിക്കും. സംഭവത്തില്‍ ആരോപിക്കപ്പെട്ട എല്ലാ പങ്കുകളും റഷ്യ നിഷേധിച്ചു.
നെതര്‍ലന്‍ഡ്സ് ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ പ്രതിനിധികളാണ് അന്വേഷണ സംഘത്തിലുള്ളത്. മരിച്ചവരിലേറെയും ഡച്ച് വംശജരായിരുന്നു. വിമത ഗ്രൂപ്പുകള്‍ക്ക് റഷ്യ നല്കിയ മിസൈലാണ് വിമാനത്തെ തകര്‍ത്തതെന്ന് പ്രാഥമികാന്വേഷണത്തിലും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച റഷ്യ യുക്രെയിനാണ് വിമാനം വെടിവച്ചു വീഴ്ത്തിയതെന്ന് ആരോപിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് റഷ്യന്‍ ഇന്റലിജന്‍സ് ഏജന്റുമാര്‍ അടക്കം മൂന്ന് പേര്‍ക്ക് ഡച്ച് കോടതി നവംബറില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അതേ സമയം, കുറ്റാരോപിതര്‍ വിചാരണയ്ക്ക് ഹാജരായിരുന്നില്ല.

