അദാനിയുടെ വീഴ്ചയും ഷാരൂഖിന്റെ വാഴ്ചയും

വിജയത്തിന്റെ സന്തോഷം പങ്കിടാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് നിന്ന് ഷാരൂഖ് പറഞ്ഞു: സംസ്കാരവും ജീവിത വീക്ഷണവുമേതാകട്ടെ, നിങ്ങളെ സ്നേഹിക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ സിനിമയുണ്ടാക്കുന്നത്.ഞങ്ങള്‍ക്ക് സ്നേഹം തരൂ. സ്നേഹത്തിന്വി ശന്നിരിക്കുകയാണ് ഞങ്ങള്‍’.

പൗരത്വസമരവും കര്‍ഷകസമരവും ചൂടു പകര്‍ന്നുപോയ വര്‍ഷങ്ങളിലെ ശൈത്യത്തില്‍ നിന്ന് വ്യത്യസ്തമായി ഭരണകൂടത്തിന് ഒരു അല്ലലും അലട്ടലുമുണ്ടാക്കാതെ കടന്നുപോകേണ്ടതായിരുന്നു ഈ കൊടും ശൈത്യം. എന്നാല്‍ ഹിന്ദുത്വ രാഷ്ട്രീയം വിതച്ച വിദ്വേഷത്തിന്റെ കനലുകള്‍ താണ്ടിയ ഒരു യാത്ര അതിന്റെ വിജയകരമായ പരിസമാപ്തിയിലെത്തിയതും, ഹിന്ദുത്വ വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും തള്ളിക്കളഞ്ഞ് ഒരു ബോളിവുഡ് സിനിമയെ ഇന്ത്യന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതും, ഹിന്ദുത്വത്തെ രാഷ്ട്രീയത്തെ താങ്ങി നിര്‍ത്താന്‍ വേണ്ടുവോളം പണമൊഴുക്കുന്ന ഒരു ചങ്ങാത്ത മുതലാളി വിപണിയില്‍ അമ്ബേ തകര്‍ന്നടിഞ്ഞതും കണ്ടാണ് പോയവാരം കടന്നുപോയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആത്മവീര്യം ഇത്രകണ്ട് ചോര്‍ന്നുപോയ ഒരു വാരവും ഇതുപോലെ കടന്നുപോയിട്ടുണ്ടാവില്ല.

പ്രേക്ഷകന് വേണ്ട ചേരുവകളെല്ലാം വിളമ്ബിയ ഒരു ബോളിവുഡ് കച്ചവട സിനിമയില്‍ കവിഞ്ഞൊന്നുമല്ല ഷാരൂഖ് ഖാന്‍ പ്രധാന വേഷംചെയ്ത’പഠാന്‍’. ഒരു ഹിന്ദി സിനിമ വന്‍ ഹിറ്റാവുന്നതില്‍പരമൊരു പ്രാധാന്യവും ഉണ്ടാവുമായിരുന്നില്ല അതിന്റെ വിജയത്തിനും. ഇതിന് മുമ്ബിറങ്ങിയ ഹിന്ദി സിനിമകളില്‍ പലതിലും കണ്ടിട്ടുള്ളതുപോലെ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് അതിന്റെ പ്രമേയവും. എന്നിട്ടും അതിനുമപ്പുറത്തുള്ള മാനങ്ങള്‍ ‘പഠാന്‍’ സിനിമക്ക് കൈവന്നു. ‘നാണമില്ലാത്ത നിറം’ (ബേശരം രംഗ്) എന്ന ശില്‍പ റാവുവിന്റെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ദീപിക പദുകോണ്‍ ധരിച്ചിരുന്ന ബിക്കിനിയുടെ നിറം കാവിയായതായിരുന്നില്ല സിനിമക്കെതിരായ ഹിന്ദുത്വ രോഷത്തിന്റെ യഥാര്‍ഥ കാരണം.

ഹിന്ദി സിനിമയിലെ ‘ഖാന്‍’ കാഴ്ചക്ക് അറുതി വരുത്തുകയും തീവ്രഹിന്ദുത്വത്തിനുള്ള വിദ്വേഷ പ്രചാരണ ആയുധങ്ങളായി ‘ഖാന്‍’സിനിമകളെ ഉപയോഗിക്കുകയുമായിരുന്നു ലക്ഷ്യം. ഷാരൂഖിനൊപ്പം സിനിമയെടുത്തതായിരുന്നു ദീപിക പദുകോണ്‍ ചെയ്ത തെറ്റ്. അസം മുഖ്യമന്ത്രി ഹേമന്ത ബിശ്വ ശര്‍മ ഷാരൂഖ് ഖാനോ, അതാര്? എന്ന് ചോദിക്കുന്നിടത്തോളമെത്തി പഠാനോടുള്ള അസഹനീയ അസഹിഷ്ണുത.

തന്നെ അറിയില്ലെന്ന് പറഞ്ഞ അതേ അസം മുഖ്യമന്ത്രിയെ തന്റെ സിനിമക്ക് വേണ്ടി പുലര്‍ച്ചെ രണ്ടര മണിക്ക് വിളിച്ചു സംസാരിക്കേണ്ടിവന്നു ഷാരൂഖ് ഖാന്.

നാണമില്ലാതായ വിദ്വേഷ വണിക്കുകള്‍

തീവ്ര ഹിന്ദുത്വ വാദികളുടെ വിദ്വേഷ പ്രചാരണവും ബഹിഷ്കരണ ആഹ്വാനവും ആക്രമണ ഭീഷണിയും തള്ളിക്കളഞ്ഞ സിനിമ പ്രേക്ഷകര്‍ തള്ളിക്കയറിയതോടെ ഇന്ത്യയുടെ സിനിമ ചരിത്രത്തിലെ എല്ലാ റെക്കോഡുകളും ഭേദിച്ച ചിത്രമായി ‘പഠാന്‍’ പണം വാരി. ബഹിഷ്‍കരണാഹ്വാനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം സിനിമ പോസ്റ്ററുകളും ഫ്ലക്സുകളും കത്തിക്കുന്നതിലും തിയറ്റര്‍ ആക്രമിക്കുന്നതിലും ഉടമകളെ ഭീഷണിപ്പെടുത്തുന്നതിലും എത്തിയ ശേഷമായിരുന്നു ഇത്.

അപ്രതീക്ഷിത വിജയത്തിന്റെ സന്തോഷം പങ്കിടാന്‍ ദീപികക്കും ജോണിനുമൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് നിന്ന് ഷാരൂഖ് പറഞ്ഞു: ‘ഇത് ദീപിക പദുകോണ്‍…അവര്‍ അമര്‍, ഞാന്‍ ഷാരൂഖ് ഖാന്‍…അക്ബര്‍, ഇത് ജോണ്‍ എബ്രഹാം…അദ്ദേഹം അന്തോണി. അമര്‍ അക്ബര്‍ അന്തോണി ഇതാണ് സിനിമയെ സൃഷ്ടിക്കുന്നത്. സംസ്കാരവും ജീവിത വീക്ഷണവുമേതാകട്ടെ, നിങ്ങളെ സ്നേഹിക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ സിനിമയുണ്ടാക്കുന്നത്. ഞങ്ങള്‍ക്ക് സ്നേഹം തരൂ. സ്നേഹത്തിന് വിശന്നിരിക്കുകയാണ് ഞങ്ങള്‍’.

സ്നേഹയാത്രയുടെ വിജയ പരിസമാപ്തി

ദീപിക പദുകോണിനെയും ജോണ്‍ എബ്രഹാമിനെയും അരികെ നിര്‍ത്തി ഷാരൂഖ് ചോദിച്ച ആ സ്നേഹത്തിന്റെ കട തുറക്കാനായി മാസങ്ങള്‍ക്ക് മുമ്ബ് രാജ്യത്തിന്റെ ഒരറ്റത്തു നിന്ന് കാല്‍നടയായി യാത്ര തിരിച്ച ഒരു മനുഷ്യന്‍ എല്ലാവരെയും അതിശയിപ്പിച്ച്‌ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ലക്ഷ്യസ്ഥാനത്തെത്തി ചരിത്രം കുറിച്ചതും പോയവാരത്തിലായിരുന്നു.

ഗ്രനേഡുകള്‍ എറിയുമെന്നു പറഞ്ഞ് തന്നെ പേടിപ്പിച്ചത് ഏത് ജനതയെ കുറിച്ചാണോ അതേ മനുഷ്യര്‍ ഗ്രനേഡുകള്‍ക്ക് പകരം സ്നേഹമാണ് തനിക്ക് നല്‍കിയതെന്ന് പറഞ്ഞതിനെ സാക്ഷ്യപ്പെടുത്തുകയായിരുന്നു യാത്രയില്‍ പങ്കാളികളായ കശ്മീരി നേതാക്കള്‍. ആരുടെയും ആഹ്വാനമില്ലാതെ രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്യാന്‍ കൂട്ടത്തോടെ വീടുവിട്ടിറങ്ങിയ ജനങ്ങള്‍ കൂടെ നടന്നും വാരിപ്പുണര്‍ന്നും കണ്ട് അത്ഭുതപ്പെട്ടത് മുന്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയാണ്. ഡല്‍ഹിയുടെ പ്രതിനിധിയായല്ല, മറിച്ച്‌ അവരുടെ വികാരത്തിന്റെ ഒരു പ്രതിനിധിയായാണ് ജമ്മു-കശ്മീരിലെ ജനങ്ങള്‍ രാഹുലിനെ വരവേറ്റതെന്ന് മറ്റൊരു മുന്‍ മുഖ്യമന്ത്രിയും ഫാറൂഖിന്റെ മകനുമായ ഉമര്‍ അബ്ദുല്ല പറഞ്ഞു. ഫാറൂഖിനെയും ഉമറിനെയും പോലെ മുന്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയും രാഹുലിനൊപ്പം നടന്ന് 370 റദ്ദാക്കിയ ശേഷമുള്ള ജമ്മു-കശ്മീരില്‍ രാഷ്ട്രീയ ഓളങ്ങളുണ്ടാക്കി. ഈ യാത്രയുടെ സമാധാനപൂര്‍ണമായ സമാപ്തി ഹിന്ദുത്വക്യാമ്ബില്‍ വല്ലാത്ത സമാധാനക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്.

ചങ്ങാതി മുതലാളിക്ക് അടിതെറ്റിയപ്പോള്‍

ഇന്ത്യക്ക് കിട്ടിയ ജി20 അധ്യക്ഷസ്ഥാനം പ്രധാനമന്ത്രിയുടെ അന്തര്‍ദേശീയമായും ആഭ്യന്തരമായും മുതല്‍ക്കൂട്ടാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തങ്ങളായ അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചും വലിയ പ്രചാരണങ്ങള്‍ നടത്തിയും വന്‍തോതില്‍ ജി20 പ്രചാരണവുമായി കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും മുന്നോട്ടുപോകുന്നതിനിടെയാണ് മോദിയുടെ ‘ചങ്ങാത്ത മുതലാളി’ എന്ന ആക്ഷേപം നേരിടുന്ന ഗുജറാത്ത് വ്യവസായി ഓഹരി വിപണിയില്‍ അടിതെറ്റി താഴോട്ടു പതിച്ചത്. ആ പതനം ഹിന്ദുത്വ രാഷ്ട്രീയത്തിനേല്‍പിച്ച ആഘാതം കൊണ്ടാണ് ബി.ജെ.പി ഇത്രയും ദിവസമായി മൗനം പാലിച്ചിരിക്കുന്നത്.

അടുത്ത പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് വളരെ കരുതലോടെയുള്ള അര്‍ഥഗര്‍ഭമായ ഈ മൗനം. തനിക്കെതിരായ റിപ്പോര്‍ട്ട് ഇന്ത്യക്കെതിരായ നീക്കമാണെന്ന അദാനിയുടെ പ്രകോപനത്തിനുപോലും ബി.ജെ.പി, സംഘ് പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് കാര്യമായ പിന്തുണ കിട്ടിയില്ല. തങ്ങള്‍ ആക്രമിക്കപ്പെടുന്ന ഒരു വിവാദത്തില്‍ രണ്ടാം നിര നേതാക്കളെ ഇറക്കിയെങ്കിലും പ്രതിരോധം തീര്‍ക്കാറുള്ള ബി.ജെ.പി അദാനി വിഷയത്തിലും മൗനംപാലിച്ചു.

മാധ്യമപ്രവര്‍ത്തകനായ എം.കെ. വേണു പറഞ്ഞതുപോലെ വിപണിയില്‍ നിന്ന് ഓഹരികള്‍ വാങ്ങി ലോകത്തെ ശതകോടീശ്വരന്മാര്‍ ആരെങ്കിലും അദാനിയുടെ രക്ഷക്കെത്തുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

prp

Leave a Reply

*