ബസ് ജീവനക്കാര്‍ തമ്മിലടിച്ചു; മൂന്നു വനിത യാത്രക്കാര്‍ക്ക് പരിക്ക്

കോന്നി: കോന്നിയില്‍ സര്‍വിസ് നടത്തുന്നതിനിടെ സ്വകാര്യ ബസ് ഡ്രൈവറും ഇതേ ബസിലെ കണ്ടക്ടറും തമ്മിലടിച്ചതിനിടെ യാത്രക്കാരായ മൂന്ന് സ്ത്രീകള്‍ക്ക് മര്‍ദനമേറ്റു.

കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം പത്തനംതിട്ട- പുനലൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.

ബസ് കോന്നി കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തി ആളുകളെ കയറ്റുന്നതിനിടെയാണ് സംഭവം. വിദ്യാര്‍ഥിനി കയറുന്നതിന് മുമ്ബ് ഡ്രൈവര്‍ രാജേഷ് ബസ് മുന്നോട്ട് എടുത്തു. ഇത് ചോദ്യം ചെയ്ത അനീഷിനെ രാജേഷ് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ബസില്‍ അടിപിടിയായി. ഈ സമയത്താണ് യാത്രക്കാര്‍ക്ക് മര്‍ദനമേറ്റത്. വിദ്യാര്‍ഥികളായ അതുല്യ (22), അഞ്ജലി (18), വീട്ടമ്മ ലേഖ (40) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

ബസില്‍നിന്നും ഇറങ്ങിയ ഇരുവരും കല്ലുകള്‍ കൊണ്ട് മര്‍ദിക്കാന്‍ ശ്രമിച്ചതായും യാത്രക്കാര്‍ പറയുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടയുകയും ചെയ്തു. കോന്നി പൊലീസില്‍ അറിയിച്ചിട്ടും വൈകിയാണ് എത്തിയതെന്ന് ആക്ഷേപമുണ്ട്. യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മര്‍ദനമേറ്റ യാത്രക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

prp

Leave a Reply

*