കാന്‍ബെറ : ഓസ്ട്രേലിയയില്‍ റോഡില്‍ കാണാതായ അതീവ അപകടകാരിയായ റേഡിയോ ആക്ടീവ് പദാര്‍ത്ഥമടങ്ങുന്ന കാപ്സ്യൂള്‍ ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തി.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ ജനുവരി 10നും 16നും ഇടയില്‍ വച്ചാണ് കാപ്സ്യൂള്‍ നഷ്ടമായത്. ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ ന്യൂമാന്‍ പട്ടണത്തിനും പെര്‍ത്ത് നഗരത്തിനും മദ്ധ്യേ 1,400 കിലോമീറ്റര്‍ ദൂരത്തിനിടെയില്‍ വച്ച് കാണാതായ കാപ്സ്യൂളിനുള്ളില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ സീസിയം – 137 ആണുണ്ടായിരുന്നത്.
അളവ് തീരെ കുറവാണെങ്കിലും ഉയര്‍ന്ന റേഡിയേഷനുള്ളതിനാല്‍ സീസിയം – 137 തൊടുന്നവര്‍ക്ക് ഗുരുതര രോഗമുണ്ടാകും. അതിനാല്‍ കാപ്സ്യൂള്‍ കണ്ടാല്‍ അടുത്തേക്ക് പോകരുതെന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. റേഡിയേഷന്‍ ഡിറ്റക്ടിംഗ് ഉപകരണത്തിന്റെ സഹായത്തോടെ ഇന്നലെ രാവിലെയാണ് കാപസ്യൂള്‍ കണ്ടെത്തിയത്.
ന്യൂമാന്‍ പട്ടണത്തിന്റെ തെക്ക് റോഡില്‍ നിന്ന് 7 അടി മാറി വശത്തായിരുന്നു കാപസ്യൂളിന്റെ സ്ഥാനം. കാപ്സ്യൂളിന്റെ ചിത്രം സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് പുറത്തുവിട്ടു. നിലവില്‍ കാപ്സ്യൂള്‍ കണ്ടെത്തിയതിന് 20 മീറ്റര്‍ ചുറ്റളവില്‍ ഹോട്ട് സോണായി പ്രഖ്യാപിച്ചു. ലെഡ് കണ്ടെയ്നറിലേക്ക് മാറ്റിയ കാപ്സ്യൂള്‍ ഇന്ന് പെര്‍ത്തിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും.
ഇത്തിരിക്കുഞ്ഞന്‍
വെറും 6 മില്ലീമീറ്റര്‍ വീതിയും 8 മില്ലീമീറ്റര്‍ ഉയരവും മാത്രമാണ് കാപ്സ്യൂളിനുള്ളത്. ഒരു നാണയത്തേക്കാള്‍ ചെറുത്. ബില്‍ബാരാ മേഖലയില്‍ ന്യൂമാന്‍ പട്ടണത്തിന് വടക്കുള്ള ഒരു ഖനന മേഖലയിലേക്കും പെര്‍ത്തിന്റെ വടക്ക് – കിഴക്കന്‍ ഭാഗത്തേക്കും ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെയാണ് കാപ്സ്യൂള്‍ നഷ്ടമായത്. ഖനന പ്രവര്‍ത്തനങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന വസ്തുവാണ് സീസിയം – 137. കാപ്സ്യൂള്‍ റേഡിയേഷന്‍ മൂലമുള്ള പൊള്ളലിനും കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും കാരണമായേക്കാം.
കാപ്സ്യൂളിന്റെ ഒരു മീറ്റര്‍ ചുറ്റളവിനുള്ളില്‍ നില്‍ക്കുന്നത് ഒരു മണിക്കൂറിനുള്ളില്‍ 10 എക്സ് റേകള്‍ക്ക് വിധേയമാകുന്നതിന് തുല്യമാണെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. കാപ്സ്യൂള്‍ നഷ്ടപ്പെട്ടതിന് പിന്നാലെ ഉടമസ്ഥരായ ഖനന കമ്ബനി റിയോ ടിന്റോ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.
അതീവ അപകടകാരി
സീസിയം മൂലകത്തിന്റെ ഐസോടോപ്പായ സീസിയം – 137 ലോകത്ത് നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 1986ലെ ചെര്‍ണോബില്‍ ആണവ ദുരന്തമാണ് അതില്‍ ഏറ്റവും വലുത്. ചെര്‍ണോബില്‍ സ്ഫോടനത്തില്‍ ഏകദേശം 27 കിലോഗ്രാം സീസിയം – 137 അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടു. ദുരന്തത്തിന്റെ ഫലമായി മേഖലയില്‍ വ്യാപിച്ച റേഡിയേഷന്റെ പ്രധാന സ്രോതസ്സുകളിലൊന്നായിരുന്നു ഇത്. പ്രിപ്യാറ്റ് നഗരത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന ചെര്‍ണോബില്‍ ആണവോര്‍ജ്ജ പ്ലാന്റിന്റെ നാലാം നമ്ബര്‍ റിയാക്ടറിലാണ് ഭീകരമായ പൊട്ടിത്തെറിയുണ്ടായത്.
ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ അപകടങ്ങളില്‍ ഒന്നായിരുന്നു ഫുകുഷിമയിലേത്. 2011 മാര്‍ച്ച് 11ന് ജപ്പാനെയും അയല്‍ രാജ്യങ്ങളെയും വിറപ്പിച്ച് റിക്ടര്‍ സ്കെയിലില്‍ 9 തീവ്രതയിലെ ഭൂചലനം ഉണ്ടാവുകയും തൊട്ടുപുറകെ 40 മീറ്റര്‍ ഉയരത്തില്‍ കൂറ്റന്‍ സുനാമി തിരകള്‍ ആഞ്ഞുവീശുകയും ചെയ്തു. സുനാമി തിരകള്‍ ഫുകുഷിമ ആണവനിലയത്തിലേക്കും ഇരച്ചുകയറി.
റിയാക്ടറുകള്‍ ചൂടായി ഉരുകി റേഡിയോ ആക്ടീവായ നീരാവിയും ഹൈഡ്രജനും ആണവ നിലയത്തിന് പുറത്തേക്ക് പ്രവഹിക്കുകയും ഒടുവില്‍ പൊട്ടിത്തെറിയില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഫുകുഷിമയിലെ വനമേഖലയിലെ മരങ്ങളിലും മണ്ണിലും കൂണുകളിലും സീസിയം – 137ന്റെ സാന്നിദ്ധ്യം കണ്ടെത്തി. 2019 ജനുവരിയില്‍ ഇന്ത്യയില്‍ ആന്ധ്രാപ്രദേശിലെ ഒ.എന്‍.ജി.സിയുടെ പര്യവേക്ഷണ മേഖലയില്‍ സീസിയം – 137 അടങ്ങിയ ചെറു കണ്ടെയ്നര്‍ ട്രക്കില്‍ നിന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.
1987 ബ്രസീലിലെ ഗൊയേനിയയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ആശുപത്രിയില്‍ സുരക്ഷിതമല്ലാത്ത തരത്തില്‍ കണ്ടെത്തിയ ഒരു റേഡിയോ തെറാപ്പി സ്രോതസ് പലരുടെ കൈകളിലെത്തുകയും നാല് പേര്‍ ഇതിലെ സീസിയം – 137ന്റെ റേഡിയേഷനേറ്റ് മരിക്കുകയും ചെയ്തു.
1989ല്‍ കിഴക്കന്‍ യുക്രെയിനിലെ ഡൊണെസ്കിലുള്ള ക്രാമറ്റോര്‍സ്ക് നഗരത്തില്‍ ഒരു അപ്പാര്‍ട്ട്മെന്റിന്റെ കോണ്‍ക്രീറ്റ് ഭിത്തിക്കുള്ളില്‍ സീസിയം – 137കാപ്സ്യൂള്‍ കണ്ടെത്തി. ഏതോ ഉപകരണത്തിന്റെ ഭാഗമായിരുന്ന കാപ്സ്യൂള്‍ 1970കളില്‍ കാണാതാവുകയും അപ്പാര്‍ട്ട്മെന്റ് നിര്‍മ്മാണ സമയത്ത് കോണ്‍ക്രീറ്റില്‍ പെട്ടുപോവുകയുമായിരുന്നു എന്ന് കരുതുന്നു. 9 വര്‍ഷത്തിനിടെ രണ്ട് കുടുംബങ്ങള്‍ ഈ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നു. കാപ്സ്യൂള്‍ കണ്ടെത്തിയപ്പോഴേക്കും നാല് പേര്‍ ലുക്കീമിയ ബാധിച്ച് മരിച്ചിരുന്നു. 17 പേരില്‍ റേഡിയേഷന്‍ ഏറ്റെന്നും കണ്ടെത്തി.

