ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി20 മത്സരം ആറു വിക്കറ്റിന് ജയിച്ച് ഇന്ത്യ പരമ്ബരയില്‍ ഒപ്പത്തിനൊപ്പമെത്തി.
ലഖ്നോ അടല്‍ ബിഹാരി സ്റ്റേഡിയത്തില്‍ എതിരാളികളെ കുറഞ്ഞ സ്കോറിലൊതുക്കിയിട്ടും ഇന്ത്യക്ക് വിജയത്തിനായി അവസാന ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു.
ബാറ്റിങ്ങിനെ ഒട്ടും തുണക്കാത്ത പിച്ചില്‍ പേസര്‍മാര്‍ക്കു പകരം സ്പിന്നര്‍മാരാണ് കളം വാണത്. ജയിച്ചെങ്കിലും പിച്ച് ദുരന്തമായെന്ന രൂക്ഷ വിമര്‍ശനവുമായി നായകന് ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെ രംഗത്തുവന്നു. ന്യൂസിലന്‍ഡിനെ 20 ഓവറില്‍ 99 റണ്‍സിലൊതുക്കിയ ഇന്ത്യ ലക്ഷ്യം അടിച്ചെടുക്കാന്‍ 19.5 ഓവറാണ് ബാറ്റു ചെയ്തത്. പുറത്താകാതെ 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവായിരുന്നു ടോപ് സ്കോറര്‍.
അതേസമയം, മുന്‍ ഇന്ത്യന്‍ ബാറ്റര്‍ ഗൗതം ഗംഭീര്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള ഇന്ത്യന്‍ ഓപ്പണര്‍മാരുടെ, പ്രത്യേകിച്ച് ഇഷാന് കിഷന്റെ പോരായ്മയില്‍ പൊട്ടിത്തെറിച്ചു. മത്സരത്തില്‍ രണ്ടു ടീമിലെയും ബാറ്റര്‍മാര്‍ ഏറെ പ്രയാസപ്പെടുന്നതാണ് കണ്ടത്. മത്സരത്തില്‍ ഒരു സിക്സ് പോലും പിറന്നില്ല. ആക്രമണോത്സുക ബാറ്റിങ്ങിന് പേരുകേട്ട ഇഷാന് കിഷനും ശുഭ്മാന്‍ ഗില്ലും യഥാക്രമം 19, 11 റണ്‍സെടുത്താണ് മടങ്ങിയത്.
ദുഷ്കരമായ പിച്ചില്‍ ബൗണ്ടറി നേടുന്നത് ഏറെ പ്രയാസമാണെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയാണ് ഇത്തരം സാഹചര്യങ്ങളില്‍ താരങ്ങള്‍ ചെയ്യേണ്ടതെന്നും ഗംഭീര്‍ പറയുന്നു. ‘സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് യുവതാരങ്ങള്‍ വേഗത്തില്‍ പഠിക്കണമെന്ന് ഞാന്‍ കരുതുന്നു, കാരണം ഇത്തരമൊരു വിക്കറ്റ് ഗ്രൗണ്ടില്‍ ഇറങ്ങി സിക്സ് അടിക്കുന്നത് അത്ര എളുപ്പമല്ല. സ്പിന്നിനെതിരെ പൊരുതി നില്‍ക്കുകയാണ് വേണ്ടത്, സ്ട്രൈക്കുകള്‍ സ്ഥിരമായി റൊട്ടേറ്റ് ചെയ്യാനുള്ള കഴിവാണ് ബാറ്റര്മാര്ക്കുവേണ്ടത്’ -ഗംഭീര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ഇഷാന് കിഷന് ഇരട്ട സെഞ്ച്വറി നേടിയിരുന്നു. പിന്നീടുള്ള മത്സരങ്ങളില്‍ വലിയ സ്കോര്‍ നേടാന്‍ വിക്കറ്റ് കീപ്പറായ കിഷന് കഴിഞ്ഞിട്ടില്ല. താരം അവസാന 15 ട്വന്റി20 മത്സരങ്ങളില്‍ നേടിയത് 106 റണ്‍സാണ്.
ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വറി നേടിയ താരത്തിന്റെ ബാറ്റിങ് പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. എന്നാല്‍, പിന്നീടങ്ങോട് താരം നിരാശപ്പെടുത്തി. അവന് കളിച്ച തരത്തിലുള്ള ഇന്നിങ്സുകള്‍ നോക്കുമ്ബോള്‍ അവന്റെ ഗ്രാഫ് ഉയരുമെന്നാണ് എല്ലാവരും കരുതിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. കീവിസിനെതിരായ പരമ്ബരയിലെ നിര്‍ണായകമായ മൂന്നാമത്തെ മത്സരം ബുധനാഴ്ച അഹ്മദാബാദില്‍ നടക്കും.

