ആര്‍മിയുടെ പവര്‍ അറിഞ്ഞ് പൊലീസ്, സൈനികനെ സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവം സി ബി ഐക്ക് വിടും, കേന്ദ്ര പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് തേടി

കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച സംഭവത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിടുന്നത് സംബന്ധിച്ച്‌ കേന്ദ്ര പ്രതിരോധ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.

പൊലീസിനെതിരായ പരാതി പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. സംഭവം വിവാദമായതിന് പിന്നാലെ മിലിട്ടറി ഇന്റലിജന്‍സ് ഇവിടെയെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

എ.ഡി.എം.എ കേസിലെ പ്രതിയെ ജാമ്യത്തിലെടുക്കാന്‍ വന്ന സൈനികനും സഹോദരനും കിളികൊല്ലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐയെ കസേരയില്‍ നിന്ന് വലിച്ച്‌ നിലത്തിട്ട് സ്റ്റൂള്‍ കൊണ്ട് തലയ്ക്കടിച്ചെന്നായിരുന്നു കിളികൊല്ലൂര്‍ പൊലീസ് ചമച്ച കള്ളക്കേസ്. യഥാര്‍ത്ഥത്തില്‍ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ ഓരോരുത്തരായി സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച്‌ അവശരാക്കുകയായിരുന്നു. പ്രതിരോധത്തിനിടയില്‍ സൈനികന്‍ നല്‍കിയ ഒരു അടിയേറ്റാണ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളില്‍ പരിക്കേറ്റത്.

സംഭവത്തിന്റെ ചുരുള്‍ നിവര്‍ന്നതോടെ കിളികൊല്ലൂര്‍ സി.ഐ, എസ്.ഐ എന്നിവരടക്കം നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 25നായിരുന്നു അക്രമ സംഭവങ്ങള്‍.

prp

Leave a Reply

*