സാറെ ഒരബദ്ധം പറ്റിയതാണ്; ജിബിന്‍ ഇനി കള്ളനെ പിടിക്കാത്ത പൊലീസ് അല്ല, സിനിമാ സ്റ്റൈലില്‍ സ്റ്റീരിയോ മോഷ്ടാവിനെ കുടുക്കി നടന്‍

തിരുവനന്തപുരം; റോഡില്‍ പാര്‍ക്ക് ചെയ്ത തന്റെ കാറില്‍ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ കയ്യോടെ പിടികൂടി സിനിമാ നടനായ പൊലീസുകാരന്‍.

തിരുവനന്തപുരം പിഎംജിക്കു സമീപമുള്ള കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനും ചലച്ചിത്രതാരവുമായ ജിബിന്‍ ഗോപിനാഥനാണ് സിനിമാസ്റ്റൈലില്‍ കള്ളനെ പിടിച്ച്‌ സ്റ്റാറായത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ ജിബിന്‍ തന്നെയാണ് കള്ളനെ പിടിച്ച കഥ പങ്കുവച്ചത്.

വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ജിബിന്റെ കാറില്‍ നിന്ന് സ്റ്റീരിയോ മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനാണ് പിടിയിലായത്. 16 വര്‍ഷത്തെ പൊലീസ് ജീവിതത്തില്‍ ഒരു മോഷ്ടാവിനെ പിടിച്ചിട്ടില്ലെന്ന പാപഭാരം ഇതോടെ കഴുകി കളഞ്ഞുവെന്നാണ് അദ്ദേഹം കുറിച്ചത്. നഗരത്തിലെ കാര്‍ ഷോറൂമിലെ ജീവനക്കാരനായ ആനയറ സ്വദേശി നിധീഷ് ആണ് പിടിയിലായത്. മിന്നല്‍ മുരളി, കോള്‍ഡ‍് കേസ്, ദ് ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ ജിബിന്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

ജിബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ്

ഇന്നൊരു സംഭവം ഉണ്ടായി.എന്റെ 16 വര്‍ഷത്തെ police ജീവിതത്തില്‍ ഇതുവരെ ഒരു മോഷ്ടാവിനെ എനിക്ക് പിടിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല.ഇനി കഥയിലേക്ക്, വൈകിട്ട് 6.20 മണിയോടെ ന്റെ ചെക്കന്റെ chocolate കൊതി നിര്‍ബന്ധം കാരണം, അത് വാങ്ങാന്‍ two വീലറില്‍ പുറത്തേക്കിറങ്ങിയതാണ്. വീട്ടിലേക്ക് കയറുന്നതിന്റെ അരികില്‍ കുറച്ച്‌ അടുത്തായാണ് എന്റെ car park ചെയ്തിരുന്നത്.. ചെറിയ gate അടഞ്ഞു കിടന്നതിനാല്‍ തുറക്കാന്‍ ചെന്ന ഞാന്‍, car നോട്‌ ചേര്‍ന്ന് കാറിനു road ലേക്ക് ഇറങ്ങാന്‍ പറ്റാതെ ഒരു auto park ചെയ്തേക്കുന്നത് കണ്ട്,അടുത്തൊന്നുമില്ലാത്ത അതിന്റെ driver നെ മനസ്സില്‍ തെറി പറഞ്ഞു ചെറിയ gate open ആക്കി തിരിഞ്ഞ ഞാന്‍, എന്തോ ഒരു അസ്വാഭാവികത feel ചെയ്തിട്ട് കാറിലേക്ക് നോക്കി.ഒരു നിമിഷം സംശയിച്ചു എന്റെ car അല്ലെയെന്നു.

കാരണം driving seat ല്‍ വേറൊരാള്‍ അതിനകത്തിരിപ്പുണ്ട്.അപ്പൊ അതിനൊരു തീരുമാനം ആവണമല്ലോ എന്ന് കരുതി അയാള്‍ പുറത്തിറങ്ങാന്‍ wait ചെയ്തു.ഒരു മിനിറ്റില്‍ അദ്ദേഹം car ലേ audio video മോണിറ്റര്‍ system എല്ലാം കൈയില്‍ പിടിച്ചു വളരെ നൈസര്‍ഗികമായ ഒരു ചിരിയോടെ എന്നെ നോക്കി.എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ്‌ ഒന്നുല്ല എന്ന് നിഷ്കളങ്കമായി മറുപടി തന്നു.കൈയില്‍ എന്താണ് എന്ന് ചോദിച്ചപ്പോ എനിക്ക് മനസ്സിലാകാത്തത് കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം പറഞ്ഞത് stereo എന്നാണ്. എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോ “സാറെ ഒരബദ്ധം പറ്റിയതാണ്. ക്ഷമിക്കണം, “എന്ന്. ചെറുതായി

മനസ്സലിവ് തോന്നിയെങ്കിലും ഉടന്‍ കോളറിനു കുത്തിപ്പിടിച്ചു തൊട്ടടുത്ത കടയില്‍ കൊണ്ടുപോയി ചാരിനിര്‍ത്തി. ആള്‍ക്കാരെ വിളിച്ചുകൂട്ടി, പിന്നെ police ആയി പത്രക്കാരായി.. എന്തായാലും museum station ല്‍ case എടുത്തു അയാളെ അകത്താക്കിയിട്ടുണ്ട്. അങ്ങനെ service ല്‍ ഇരിക്കെ സ്വന്തം വാഹനത്തിലെ മോഷണം കണ്ടുപിടിച്ചു ആ പാപഭാരം ഞാനിന്നു കഴുകി കളഞ്ഞു സുഹൃത്തുക്കളെ.

prp

Leave a Reply

*