തുമ്ബ: ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് സി ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനു 162 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്.
ഛത്തീസ്ഗഡ് ഒന്നാം ഇന്നിങ്സ് 149, രണ്ടാം ഇന്നിങ്സ് രണ്ടിന് 10. കേരളം ഒന്നാം ഇന്നിങ്സ് 311.
രണ്ട് ഓപ്പണര്‍മാരെയും പൂജ്യത്തിനു പുറത്താക്കാന്‍ കേരളത്തിനായി. ഋഷഭ് തിവാരിയെ ജലജ് സക്സേന സഞ്ജു സാംസണിന്റെ കൈയിലെത്തിച്ചു. സാനിധ്യ ഹര്കതിനെ വൈശാഖ് ചന്ദ്രന് ബൗള്‍ഡാക്കി. നായകന് ഹര്‍പ്രീത് സിങ് (മൂന്ന്), അമന്‍ദീപ് ഖാരെ (ഏഴ്) എന്നിവരാണു ക്രീസില്‍.
സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ എട്ടു വിക്കറ്റ് കൈയിലിരിക്കേ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാള്‍ 152 റണ്‍ പിന്നിലാണ് ഛത്തീസ്ഗഡ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 107.1 ഓവറില്‍ അവസാനിച്ചു. മുന്‍ നായകന്മാരായ രോഹന് പ്രേം (77), സച്ചിന് ബേബി (77) എന്നിവര്‍ക്കു പിന്നാലെ ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച നായകന് സഞ്ജു സാംസണും (54 പന്തില്‍ മൂന്ന് സിക്സറും ഫോറുമടക്കം 46) അടിച്ചു തകര്‍ത്തതോടെ കേരളം മികച്ച നിലയിലെത്തി.
രോഹന് പ്രേം 157 പന്തില്‍ ഏഴു ഫോറുകള്‍ സഹിതമാണ് 77 റണ്ണെടുത്തത്. സച്ചിന് ബേബി 171 പന്തില്‍ ഒരു സിക്സറും ആറു ഫോറും സഹിതമാണ് 77 റണ്ണെടുത്തത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 123 റണ്ണിന്റെ സെഞ്ചറി കൂട്ടുകെട്ടാണു കേരള ഇന്നിങ്സിന്റെ നട്ടെല്ല്. ഓപ്പണര്‍മാരായ പി.രാഹുല്‍ (58 പന്തില്‍ 24), രോഹന് എസ്.കുന്നുമ്മല്‍ (50 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 31), അക്ഷയ് ചന്ദ്രന് (58 പന്തില്‍ 12), ജലജ് സക്സേന (20 പന്തില്‍ 11), സിജോമോന്‍ ജോസഫ് (27 പന്തില്‍ ആറ്), ഫാനൂസ് ഫാസില്‍ (15 പന്തില്‍ ഒന്‍പത്), എന്‍.പി.ബേസില്‍ (0) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം. വൈശാഖ് ചന്ദ്രന് 31 പന്തില്‍ എട്ടു റണ്ണുമായിനിന്നു. ഛത്തീസ്ഗഡിനായി സുമിത് റൂയ്കര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. അജയ് മണ്ഡല് രണ്ടു വിക്കറ്റുമെടുത്തു. രവി കിരണ്‍, സൗരഭ് മജുംദാര്‍, മായങ്ക് യാദവ്, ശശാങ്ക് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. ഛത്തീസ്ഗഡിന്റെ ഒന്നാം ഇന്നിങ്സ് 149 ല്‍ അവസാനിപ്പിച്ച കേരളം ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്ബോള്‍ രണ്ട് വിക്കറ്റിന് 100 റണ്‍ എന്ന നിലയിലായിരുന്നു.
അഞ്ച് വിക്കറ്റെടുത്ത ജലജ് സക്സേനയുടെ സ്പിന്‍ മികവിലാണ് ഛത്തീസ്ഗഡിനെ ഒതുക്കിയത്. വൈശാഖ് ചന്ദ്രന്, സച്ചിന് ബേബി എന്നിവരും രണ്ട് വിക്കറ്റ് വീതമെടുത്തു. കേരളാ താരം രോഹന് പ്രേം ഫസ്റ്റ്ക്ല ാസ് ക്രിക്കറ്റില്‍ 5000 റണ്ണെന്ന നാഴികക്കല്ല് പിന്നിട്ടു. രഞ്ജിയില്‍ കേരളത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രോഹന് തന്നെയാണു ടീമിനായി ഏറ്റവും കൂടുതല്‍ റണ്ണടിച്ചതും സെഞ്ചുറി നേടിയതും. ട്വന്റി20 യില്‍ കേരളത്തിനായി 1000 റണ്‍ നേടുന്ന ആദ്യ ബാറ്ററും രോഹനാണ്. അണ്ടര്‍ 13 മുതല്‍ കേരളത്തിനായി കളിക്കുകയും സെഞ്ചുറിയടിക്കുകയും ടീമിനെ നയിക്കുകയും ചെയ്തെന്ന പ്രത്യേകതയും രോഹനുണ്ട്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരേ ഗ്രൗണ്ടിലിറങ്ങി 88 മത്സരങ്ങള്‍ കളിച്ച കെ.എന്‍. അനന്തപദ്മനാഭന്റെ റെക്കോഡ് മറികടന്നിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ ഝാര്‍ഖണ്ഡിനെതിരേ രണ്ട് ഇന്നിങ്സുകളിലും അര്‍ധ സെഞ്ചുറിയടിച്ചു. ഛത്തീസ്ഗഢിനെതിരേ എട്ടു റണ്‍ നേടിയപ്പോഴാണ് 5000 എന്ന നാഴികക്കല്ല് പിന്നിട്ടത്. 2005 ഡിസംബറില്‍ 19 ാം വയസിലാണ് രോഹന്റെ അരങ്ങേറ്റം. അന്നു കൂടെക്കളിച്ച ടിനു യോഹന്നാനാണ് ഇപ്പോഴത്തെ ടീം കോച്ച്. അണ്ടര്‍ 19 ദേശീയ ടീമില്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയ്ക്കൊപ്പം കളിച്ചു.

