ബീജിംഗ്: ലോകത്തിലെ മറ്റ് രാജ്യങ്ങളിലെല്ലാം കൊറോണ ഏറെക്കുറേ നിയന്ത്രണ വിധേയമായിട്ടും, രോഗം പിറവി കൊണ്ട ചൈനയില്‍ ദുരിതങ്ങള്‍ക്ക് ശമനമില്ല.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 31,454 പേര്‍ക്കാണ് ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 27,157 പേര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമല്ല.
സീറോ കൊവിഡ് നയം ശക്തമായി നടപ്പിലാക്കിയിട്ടും രോഗവ്യാപനം നിയന്ത്രിക്കാന്‍ ചൈനക്ക് സാധിക്കുന്നില്ല. ചൈനയുടെ കൊവിഡ് നയം നിമിത്തം ആപ്പിള്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്‌ട്ര കമ്ബനികള്‍ രാജ്യത്തെ ഉത്പാദനം നിര്‍ത്തി വെക്കുന്ന സ്ഥിതിയുണ്ടായി. ഷാംഗ്ഹായ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ലോക്ക്ഡൗണ്‍ തുടരുകയാണ്. ജനങ്ങളെ അവശ്യസാധനങ്ങളോ മരുന്നോ പോലും വാങ്ങാന്‍ അധികൃതര്‍ അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. ഇതില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.
കഴിഞ്ഞ ദിവസം ചൈനയിലെ ഫോക്സ്കോണിന്റെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ നടന്ന തൊഴിലാളി സമരം അക്രമാസക്തമായിരുന്നു. പ്ലാന്റില്‍ ഏര്‍പ്പെടുത്തിയ കൊറോണ നിയന്ത്രണങ്ങള്‍ തൊഴിലാളി വിരുദ്ധമാണ് എന്ന് ആരോപിച്ചായിരുന്നു സമരം. പ്രകടനവുമായി നൂറു കണക്കിന് തൊഴിലാളികള്‍ തെരുവില്‍ പ്രതിഷേധിക്കുന്നതും അവരെ പോലീസ് നേരിടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

