പോത്തന്‍കോട് : വെള്ളാണിക്കല്‍ പാറയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നാട്ടുകാരുടെ സദാചാര ഗുണ്ടാ ആക്രമണം.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചെത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ പെണ്‍കുട്ടികളെ വടി കൊണ്ട് അടിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടികളെ നടുറോഡിലിട്ട് മര്‍ദിക്കുന്നത് കണ്ടവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കൂട്ടുകാരന്റെ വീട്ടില്‍ പോയ ശേഷം വിദ്യാര്‍ഥികള്‍ മടങ്ങുന്നതിനിടെയാണ് സംഭവം. ഇനി ഈ പ്രദേശത്ത് കണ്ടുപോകരുതെന്ന് പറഞ്ഞ് നാട്ടുകാര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ അടക്കം വടികൊണ്ട് മര്‍ദിക്കുകയും ചെയ്തു.
സംഭവം കണ്ടെത്തിയ മറ്റൊരാളാണ് വീഡിയോ പകര്‍ത്തിയത്. എന്തിനാണ് കുട്ടികളെ മര്‍ദിച്ചതെന്ന് ചോദിച്ചപ്പോള്‍ താന്‍ പെണ്‍കുട്ടികളുടെ മുട്ടിന് താഴെയാണ് അടിച്ചതെന്നും താനൊന്നും പത്രം വായിക്കാറില്ലേ എന്നുമായിരുന്നു അക്രമിയുടെ മറുപടി. ദൃശ്യം പകര്‍ത്തിയ ആളോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തു.
സെപ്റ്റംബര്‍ നാലാം തീയതിയാണ് ഈ സംഭവമുണ്ടായതെന്നാണ് പോത്തന്‍കോട് പോലീസ് പറയുന്നത്. സംഭവത്തില്‍ ശ്രീനാരായണപുരം സ്വദേശി മനേഷിനെ അറസ്റ്റ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
അതേസമയം, ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായാണ് വിവരം. നിസാര വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയതെന്നും ആക്ഷേപമുണ്ട്.

