തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലാബ് പരിശോധന ഫലങ്ങള്‍ മൊബൈല്‍ ഫോണിലും ഉടന്‍ ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ആദ്യഘട്ടമാണ് ഇവിടെ നടപ്പിലാക്കുന്നത്.
മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇമ്ബ്രൂവ്മെന്റ് ഇനിഷേറ്റീവിന്റെ ഭാഗമായാണ് നടപടി. ഈ പദ്ധതിയുടെ ഭാഗമായി ആശുപത്രിയിലെ ലാബ് സാമ്ബിള്‍ കളക്ഷന്‍ സെന്ററും ടെസ്റ്റ് റിസള്‍ട്ട് സെന്ററും ഏകീകരികരിച്ചിട്ടുണ്ട്.അതിനാല്‍ ആശുപത്രിയിലെ വിവിധ ബ്ളോക്കുകളിലെ രോഗികള്‍ക്ക് അവരവരുടെ പരിശോധന ഫലങ്ങള്‍ അതാത് ബ്ലോക്കുകളില്‍ തന്നെ ലഭ്യമാകും. ഇത് കൂടാതെയാണ് മൊബൈല്‍ ഫോണുകളിലും പരിശോധനാ ഫലങ്ങള്‍ ലഭ്യമാക്കുക . ഫോണ്‍ നമ്ബര്‍ വെരിഫിക്കേഷന് കഴിഞ്ഞ രോഗികള്‍ക്കാണ് ഈ സേവനം ലഭ്യമാകും.
ഒ.പി രജിസ്ട്രേഷന് സമയത്തോ ലാബില്‍ ബില്ലിംഗ് ചെയ്യുന്ന സമയത്തോ മൊബൈല്‍ നമ്ബര്‍ വെരിഫിക്കേഷന് ചെയ്യാവുന്നതാണ്. ടെസ്റ്റ് മെസേജായി മൊബൈലില്‍ ഒരു ലിങ്ക് വരും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പരിശോധനാ ഫലം ലഭിക്കും. 90 ദിവസം ആ ലിങ്ക് സജീവമായിരിക്കുകയും ചെയ്യും . ഇതുകൂടാതെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എച്ച്.ഡി.എസ്., ആര്.ജി.സി.ബി, എ.സി.ആര്. എന്നീ ലാബുകളിലെ പരിശോധന ഫലങ്ങള്‍ ആശുപത്രിക്ക് അകത്തുള്ള ഏകീകൃത റിസള്‍ട്ട് കൗണ്ടറില്‍ നിന്നും 24 മണിക്കൂറും ലഭ്യമാണ്. വരും ദിവസങ്ങളില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സാ വിഭാഗത്തിലെ രോഗികളുടെ പരിശോധനാ ഫലങ്ങള്‍ അവരവരുടെ വാര്‍ഡുകളില്‍ തന്നെ ലഭ്യമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
ആരോഗ്യ വകുപ്പിന്റെ ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായാണ് മെഡിക്കല്‍ കോളജില്‍ ഈ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. ഇ ഹെല്‍ത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ ക്യൂ നില്‍ക്കാതെ ഒപി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടുമടങ്ങുമ്ബോള്‍ തന്നെ തുടര്‍ചികിത്സയ്ക്കുള്ള തീയതിയും ടോക്കണും ഈ സംവിധാനത്തോടെ നേരത്തെയെടുക്കാനും സാധിക്കുന്നു.

