‘വിലക്കുകള്‍ക്ക് പിന്നില്‍ മനുഷ്യന്‍, സ്നേഹത്തിന് ബാധകമല്ല’; ഇത് അതിര്‍ത്തികള്‍ താണ്ടിയ ഇന്ത്യ-പാക് സൗഹൃദം

സൗഹൃദത്തിന് അതിര്‍ത്തിയില്ലെന്നാണ് പറയപ്പെടുന്നത്. ഇതിന് വലിയ ഉദാഹരണമാണ് ഇന്ത്യക്കാരിയും പാകിസ്താന്‍കാരിയുമായ രണ്ട് യുവതികളുടെ സൗഹൃദ കഥ.

ഏര്‍ളി സ്റ്റെപ്സ് അക്കാദമി സ്ഥാപകയും സി.ഇ.ഒയുമായ സ്നേഹ ബിശ്വാസും ഹാര്‍വേഡ് ബിസിനസ് സ്കൂളില്‍ സഹപാഠിയായിരുന്ന പാകിസ്താനി കൂട്ടുകാരിയും തമ്മിലുള്ള ചങ്ങാത്തമാണിത്. സ്നേഹ ബിശ്വാസ് ലിങ്ക്ടിനില്‍ പോസ്റ്റ് ചെയ്ത തന്‍റെ കൂട്ടുകാരിയെ കുറിച്ചുള്ള ഓര്‍മകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

“ഇന്ത്യയിലെ ഒരു ചെറിയ പട്ടണത്തില്‍ വളര്‍ന്ന എനിക്ക് ക്രിക്കറ്റും ചരിത്ര പുസ്തകങ്ങളും മാധ്യമങ്ങളുമാണ് പാകിസ്താനെ കുറിച്ച്‌ ആകെ ഉണ്ടായിരുന്ന അറിവ്. രാജ്യങ്ങള്‍ തമ്മിലുള്ള വെറുപ്പും പൊരുത്തക്കേടുകളും ഇതിലൊക്കെ കാണാമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഹാര്‍വേഡ് ബിസിനസ് സ്കൂളില്‍ എത്തിയപ്പോള്‍ ഞാന്‍ ഒരു പാകിസ്താനി പെണ്‍കുട്ടിയെ കണ്ടു. എനിക്കവളുമായി കൂട്ടുകൂടാന്‍ അഞ്ച് സെക്കന്‍റ് മാത്രമേ വേണ്ടി വന്നുള്ളു. സെമസ്റ്റര്‍ അവസാനിക്കുമ്ബോള്‍ കാമ്ബസിലെ എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി മാറി ആ കുട്ടി,” സ്നേഹ കുറിച്ചു.

പുതിയ കാല ജീവിത രീതികളിലേക്ക് അത്ര എളുപ്പം മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത കുടുംബമായിരുന്നു കൂട്ടുകാരിയുടേത്. എങ്കിലും സ്വപ്നങ്ങള്‍ക്ക് പിന്നാലെ പായുന്നതിന് കുടുംബം ആ കുട്ടിക്കൊപ്പം ചേര്‍ന്നു. കൂട്ടുകാരിയുടെ നിശ്ചയദാര്‍ഢ്യം തന്നെയും ഏറെ സ്വാധീനിച്ചതായി സ്നേഹ പറയുന്നു.

വിലക്കുകള്‍ മനുഷ്യന്‍ മുന്നോട്ട് വെക്കുന്നതാണെന്നും സ്നേഹത്തിന് അത് ബാധകമല്ലെന്നും സ്നേഹ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടേയും പാകിസ്താന്‍റെയും ദേശീയപതാകളേന്തി ഇരുവരും നില്‍ക്കുന്ന ചിത്രവും കുറിപ്പിനൊപ്പം പങ്ക് വച്ചിട്ടുണ്ട്.

അതിര്‍ത്തികള്‍ താണ്ടിയുള്ള സൗഹൃദത്തില്‍ സന്തോഷമറിയിച്ച്‌ നിരവധി പേരാണ് അഭിപ്രായങ്ങള്‍ അറിയിച്ചത്. ഇതിനോടകം 40,000ത്തില്‍ പരം ആളുകള്‍ കുറിപ്പിന് ലൈക്ക് ചെയ്തിട്ടുണ്ട്.

prp

Leave a Reply

*