തയ്‌വാനുചുറ്റും വീണ്ടും ചൈനയുടെ സൈനികാഭ്യാസം

തായ്പെ
തിങ്കള്‍മുതല്‍ തയ്വാനു ചുറ്റും പുതിയ സൈനികാഭ്യാസം ആരംഭിച്ച്‌ ചൈന. പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ്വാന്‍ സന്ദര്‍ശനത്തിലൂടെ അമേരിക്ക നടത്തിയ പ്രകോപനത്തിന് മറുപടിയായി ആരംഭിച്ച നാലുദിനം നീണ്ട വമ്ബന്‍ സൈനികാഭ്യാസം ഞായറാഴ്ച അവസാനിച്ചിരുന്നു.

ഞായര്‍ വൈകിയാണ് അന്തര്‍വാഹിനി വേധ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വിപുലമായ പുതിയ പരിശീലനം പ്രഖ്യാപിച്ചത്.

കടലില്‍നിന്നുള്ള വെടിവയ്പ് പരിശീലനമാണ് തിങ്കളാഴ്ച പ്രധാനമായും നടന്നത്. വ്യോമസേന നിരവധി മിസൈല്‍, റോക്കറ്റ് സംവിധാനങ്ങളും പരീക്ഷിച്ചു. എത്രദിവസത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. ചൈനയ്ക്കും കൊറിയന്‍ ഉപദ്വീപിനും ഇടയിലുള്ള മഞ്ഞക്കടലില്‍ ആഗസ്ത് 15 വരെയും ബൊഹായി കടലില്‍ ഒരു മാസം നീളുന്ന പരിശീലനവും നടത്തുന്നു. കിഴക്കന്‍ ചൈന കടല്‍ത്തീരത്ത് പുതിയ സൈനികാഭ്യാസവും പ്രഖ്യാപിച്ചിട്ടുണ്ട്.

തയ്വാന്‍ ചൈനയുടെ ഭാഗം: വാങ് യി
തയ്വാന്‍ അമേരിക്കയുടെയല്ല, തങ്ങളുടെ ഭൂപ്രദേശമാണെന്ന് ഓര്‍മിപ്പിച്ച്‌ ചൈനീസ് വിദേശമന്ത്രി വാങ് യി. ‘ചൈനയുടെ പ്രദേശത്തുതന്നെയാണ് സൈനികാഭ്യാസം നടത്തുന്നത്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാനുള്ള ന്യായവും നിയമാനുസൃതവുമായ നടപടിയാണ് ചൈന സ്വീകരിക്കുന്നത്. വിഷയത്തില്‍ അമേരിക്ക തര്‍ക്കം ഉന്നയിക്കുകയാണ്’–- അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*