ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് മുന്‍കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായി ഇടുക്കി ഡാം ഒരിക്കല്‍ കൂടി തുറന്നപ്പോള്‍ ജനങ്ങള്‍ക്ക് വീണ്ടും വിസ്മയക്കാഴ്ചയായി.ഇടുക്കി ഡാമിനു ഷട്ടറുകളില്ലെങ്കിലും ജലനിരപ്പ് നിയന്ത്രിക്കാനായി ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഇടുക്കി ഡാം ഓരോ തവണ തുറക്കുന്പോഴും അത് ചരിത്രത്തിന്റെ ഭാഗമാകാറുണ്ട്. വര്‍ഷങ്ങള്‍ കൂടുന്പോഴാണ് ഡാം തുറക്കേണ്ട അവസ്ഥ സാധാരണ ഉണ്ടാകാറുള്ളത്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ ഡാം ചെറിയ കാലയളവില്‍തന്നെ തുറന്നു പുറത്തേക്ക് വെള്ളമൊഴുക്കുന്നുണ്ട്.
1981ല്‍ രണ്ടുവട്ടം ഡാം തുറന്നിരുന്നു. 32.88 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് അന്ന് ഒഴുക്കിവിട്ടത്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ അഞ്ച് വരെ 23.42 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും നവംബര്‍ 10 മുതല്‍ 14 വരെ 9.46 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് തുറന്നുവിട്ടത്. 11 വര്‍ഷത്തിനുശേഷം 1992 ല്‍ പിന്നെ ഡാം തുറന്നപ്പോള്‍ 78.57 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലം തുറന്നുവിട്ടു. ഒക്ടോബര്‍ 12 മുതല്‍ 16 വരെ 26.16 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും നവംബര്‍ 16 മുതല്‍ 23 വരെ 52.41 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് തുറന്നുവിട്ടത്.
26 വര്‍ഷത്തിനു ശേഷം 2018-ലെ പ്രളയത്തോടനുബന്ധിച്ചാണ് പിന്നീട് ഡാം തുറക്കുന്നത്. റെക്കോര്‍ഡ് വെള്ളമാണ് അന്ന് ഡാമില്‍നിന്ന് തുറന്നുവിട്ടത്. 1068.32 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് പുറത്തേക്കൊഴുക്കിയത്. ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെ 1063.23 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും ഒക്ടോബര്‍ ഏഴു മുതല്‍ ഒന്‍പതു വരെ 5.09 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് തുറന്നത്.
2021 ല്‍ ഡാം തുറന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അടുപ്പിച്ചു മൂന്നു മാസത്തിനുള്ളില്‍ നാലു തവണയാണ് ഡാം തുറന്നത്. ഒക്ടോബര്‍ 19 മുതല്‍ ഒക്ടോബര്‍ 27 വരെ 46.29 മില്യണ്‍ ക്യൂബിക് മീറ്ററും നവംബര്‍ 14 മുതല്‍ 16 വരെ 8.62 മില്യണ്‍ ക്യൂബിക് മീറ്ററും നവംബര്‍ 18 മുതല്‍ 20 വരെ 11.19 മില്യണ്‍ ക്യൂബിക് മീറ്ററും ഡിസംബര്‍ ഏഴു മുതല്‍ ഒന്‍പതു വരെ 8.98 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് അന്ന് തുറന്നുവിട്ടത്.
ഒരു വര്‍ഷത്തിനു ശേഷം ഇന്നലെയാണ് ഡാം വീണ്ടും തുറന്നത്.
മൂന്നാമത്തെ ഷട്ടര്‍ 70 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനയടി വെള്ളമാണ് മന്ത്രി റോഷി അഗസ്റ്റിന്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി കെ.വി. കുര്യാക്കോസ്, ഡാം സുരക്ഷാ വിഭാഗം അധികൃതര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രാവിലെ 10ന് തുറന്നുവിട്ടത്.

