വെണ്ണലയിലെ പി സി ജോര്‍ജിന്‍റെ പ്രസംഗം പ്രകോപനപരമെന്ന് കോടതി. പി സി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു. പ്രസംഗം വിദ്വേഷം പടര്‍ത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമാണെന്നും തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവില്‍ പറയുന്നു .
പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയുള്ള ഉത്തരവിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
ജോര്‍ജിന്‍റെ ജാമ്യം ഇന്ന് ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ഉത്തരവിട്ടിരുന്നു. ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോര്‍ജിന്‍റെ വിവാദ പ്രസംഗം. ഇതിനെത്തുടര്‍ന്ന് മെയ് ഒന്നിന് പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മജിസ്ട്രേറ്റ് ജോര്‍ജിന് ഉപാധികളോടെ ജാമ്യം നല്‍കുകയായിരുന്നു. ജാമ്യം ലഭിച്ച ശേഷം പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ പലതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കേസിനോട് സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, സമാനമായ കുറ്റം ആവര്‍ത്തിക്കരുത് ഇതൊക്കെയായിരുന്നു ജാമ്യ ഉപാധികള്‍. എന്നാല്‍ ജാമ്യം ലഭിച്ചതിന് ശേഷവും പരമാര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായാണ് പി സി ജോര്‍ജ് പ്രതികരിച്ചത്. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പി.സി ജോര്‍ജ് ഇന്ന് ഹാജരായി. ബി.ജെ.പി നേതാക്കന്മാരും അണികളും ചേര്‍ന്ന് വന്‍ വരവേല്‍പ്പാണ് പാലാരിവട്ടത്ത് ജോര്‍ജിന് നല്‍കിയത്. വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന് നേരത്തേ ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

