സ്ത്രീധനമായി നല്‍കിയത് അഞ്ഞൂറ് പവനും… മൂന്ന് കോടിയും, എന്നിട്ടും മതിയായില്ല; എം എല്‍ എയുടെ സഹോദരിക്ക് നേരിടേണ്ടിവന്നത് ക്രൂരപീഡനം

തിരുവനന്തപുരം: സ്ത്രീധന പീഡന മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ ആരാണ്… എത്ര നല്‍കിയാലും വീണ്ടും വേണം എന്ന് ആര്‍ത്തിപിടിക്കുന്ന ഭര്‍ത്താവും വീട്ടുകാരുമാണോ…

കണക്കുപറഞ്ഞു വരുന്ന വരനെ വേണ്ടെന്നുവയ്ക്കാനുള്ള ചങ്കൂറ്റം കാണിക്കാത്ത പെണ്‍കുട്ടികളാണോ അതോ മകള്‍ക്ക് കണക്കില്‍കവിഞ്ഞസ്വര്‍ണവും പണവും ആഡംബര കാറും നല്‍കി നാട്ടുകാരെ കുടുംബമഹിമ കാണിച്ച്‌ കെട്ടിച്ചയയ്ക്കുന്ന മാതാപിതാക്കളാണോ…എന്തായാലും, വിസ്‌മയക്കേസിനു ശേഷവും സ്ത്രീധന പീഡനങ്ങള്‍ക്കും കേസുകള്‍ക്കും കുറവൊന്നുമില്ല.

വിവാഹസമയത്ത് നല്‍കിയ 500പവന്‍ വിറ്റുതുലയ്ക്കുകയും മൂന്നുകോടി രൂപ സ്ത്രീധനമായി വാങ്ങിയെടുക്കുകയും ചെയ്തിട്ടും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന പരാതി നല്‍കിയത് ഭരണകക്ഷിയില്‍പെട്ട കൊല്ലത്തെ മുന്‍ എം.എല്‍.എയുടെ മകള്‍, നിലവിലെ എം.എല്‍.എയുടെ സഹോദരി. പരാതിക്കാരിക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടായിട്ടും അന്വേഷണത്തില്‍ പൊലീസ് ഉഴപ്പി. ഒടുവില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടുകയോ ഡി.ഐ.ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയോ വേണമെന്ന് അവര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്.

സ്ത്രീധനത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുന്നുണ്ട്. 2007 ജൂലായ്‌ക്കു ശേഷം വിവാഹിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യപ്രസ്താവന നല്‍കേണ്ടതുണ്ട്. പരാതികളില്‍ ക്രിമിനല്‍ കേസെടുക്കും. ജില്ലകളില്‍ വനിതാശിശു വികസന ഓഫീസര്‍മാരെ സ്ത്രീധന നിരോധന ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് നിയമസഹായം നല്‍കാന്‍ ജില്ലാ ഉപദേശക ബോര്‍ഡുകളുണ്ട്.

നിയമം ശക്തമായി നടപ്പാക്കാന്‍ സ്ഥാപനങ്ങളെയും സംഘടനകളെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ഗാര്‍ഹിക, ലൈംഗിക, സ്ത്രീധന പീഡനത്തെക്കുറിച്ചും സ്ത്രീകള്‍ക്കുള്ള നിയമ പരിരക്ഷയെക്കുറിച്ചും അവബോധം നല്‍കി. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ കനല്‍ പദ്ധതിയുണ്ട്.

prp

Leave a Reply

*