പിസി ജോര്‍ജിനെതിരായ സര്‍ക്കാര്‍ നീക്കം പാളുന്നു; കോടതിയില്‍ ഫലിച്ചില്ല… പിസി കൂടി പറയട്ടെ…


തിരുവനന്തപുരം: പിസി ജോര്‍ജിനെതിരായ മതവിദ്വേഷ കേസില്‍ സര്‍ക്കാര്‍ നീക്കം പാളുന്നു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലെ ജഡ്ജി ഇന്ന് തീരുമാനമെടുത്തില്ല.

സര്‍ക്കാരിന്റെ ചില വാദങ്ങളെ കോടതി ഖണ്ഡിക്കുകയും ചെയ്തു.

പ്രോസിക്യൂഷന്‍ വാദം പൂര്‍ണമായും കേട്ട കോടതി പിസി ജോര്‍ജിന്റെ പ്രതികരണം തേടി. എതിര്‍ വാദം ഉന്നയിക്കാന്‍ ഈ മാസം 17ന് കോടതി പിസി ജോര്‍ജിന് അവസരം നല്‍കി. ശേഷമായിരിക്കും പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോടതി അന്തിമ തീരുമാനം എടക്കുക. വിശദാംശങ്ങള്‍ ഇങ്ങനെ…

1

തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയില്‍ പിസി ജോര്‍ജ് നടത്തിയ പ്രസംഗമാണ് നേരത്തെ വിവാദമായത്. കടുത്ത പ്രതിഷേധം ഉയരുകയും ഒട്ടേറെ പരാതികള്‍ ലഭിക്കുകയും ചെയ്തതോടെ പോലീസ് കേസെടുക്കുകയായിരുന്നു. ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത നടപടി ഏറെ ചര്‍ച്ചയായിരുന്നു.

2

മുസ്ലിങ്ങളുടെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്, മറ്റു മതക്കാരെ വന്ധ്യകരിക്കാന്‍ അവര്‍ നീക്കം നടത്തുന്നു തുടങ്ങി വിചിത്രമായ വാദങ്ങളാണ് പിസി ജോര്‍ജ് പ്രസംഗത്തില്‍ നിരത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. എന്നാല്‍ വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയില്‍ അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയില്‍ ഹാജരാക്കിയ ഉടനെ പിസി ജോര്‍ജിന് ജാമ്യം ലഭിക്കുകയായിരുന്നു.

3

ജാമ്യം ലഭിച്ച്‌ കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ പിസി ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കുകയും തന്റെ പ്രസംഗത്തില്‍ ഉറച്ച്‌ നില്‍ക്കുന്നു എന്ന് പറയുകയും ചെയ്തു. പിന്നീട് അദ്ദേഹം പല മാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കി. കോടതി മുന്നോട്ടുവച്ച ജാമ്യവ്യവസ്ഥ പിസി ജോര്‍ജ് ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. പിസി ജോര്‍ജിന്റെ അഭിമുഖങ്ങളുടെ വീഡിയോകള്‍ പോലീസ് പരിശോധിച്ച ശേഷമാണ് ജാമ്യം റദ്ദാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്.

4

കഴിഞ്ഞ ദിവസം പിസി ജോര്‍ജിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ഈ കേസില്‍ പിസി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുകയാണ്. മതവിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പിസി ജോര്‍ജിനെതിരായ കേസ്. എന്നാല്‍ വിദ്വേഷം അടങ്ങിയ പ്രസംഗം താന്‍ നടത്തിയിട്ടില്ലെന്ന് പിസി ജോര്‍ജ് പറയുന്നു.

5

ഈ സാഹചര്യത്തില്‍ കൂടിയാണ് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അഭിഭാഷകനെ കേള്‍ക്കാതെ കോടതി ജാമ്യം നല്‍കിയെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദം കോടതി തള്ളി. ഒളിവില്‍ പോയ വ്യക്തിയെ അല്ല പോലീസ് അറസ്റ്റ് ചെയ്തതെന്നും കോടതിയില്‍ ഹാജരാക്കിയ വേളയില്‍ പോലീസിന് പറയാനുള്ളത് ബോധിപ്പിക്കാമായിരുന്നില്ലേ എന്നും കോടതി പ്രതികരിച്ചു.

6

പ്രോസിക്യൂഷന്‍ വാദം കേട്ടില്ല, ജാമ്യം ലഭിച്ച ശേഷവും പിസി ജോര്‍ജ് സമാനമായ പ്രതികരണങ്ങള്‍ നടത്തുന്നു… തുടങ്ങിയ കാര്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്. പിസി ജോര്‍ജ് ക്രമസമാധാനം തകര്‍ക്കുന്നു, ആചാര അനുഷ്ടാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു, കോടതിയെ വെല്ലുവിളിക്കുന്നു. ഇതെല്ലാം സാധാരണക്കാരനായ വ്യക്തയല്ല ചെയ്യുന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

7

ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്നു തന്നെ തീരുമാനം എടുക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇക്കാര്യം ഗൗനിച്ചില്ല. ഈ മാസം 17ലേക്ക് കേസ് മാറ്റി. അന്ന് പിസി ജോര്‍ജിന്റെ വാദം കൂടി കോടതി കേള്‍ക്കും. ശേഷമായിരിക്കും വിധി പറയുക. തങ്ങളുടെ വാദം കേട്ടില്ല, ഇന്നു തന്നെ തീരുമാനം വേണം തുടങ്ങിയ പ്രോസിക്യൂഷന്റെ രണ്ട് ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല.

prp

Leave a Reply

*