റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നത് യുക്രെയ്‌ന്റെ ‘സ്വപ്‌നം’; അന്റോണോവ് എയര്‍പോര്‍ട്ടും ലോകത്തെ ഏറ്റവും വലിയ വിമാനവും നാമാവശേഷമാക്കി

കീവ്: ലോകത്തിലെ ഏറ്റവും വലിയ വിമാനം റഷ്യന്‍ സൈന്യം തകര്‍ത്തതിന്റെ ചിത്രങ്ങള്‍ പുറത്ത്.

യുക്രെയ്‌നിലെ ഹോസ്റ്റോമെല്‍ വിമാനത്താവളത്തില്‍ സൂക്ഷിച്ചിരുന്ന എഎന്‍-225 മ്രിയ വിമാനം ഫെബ്രുവരി 27നായിരുന്നു റഷ്യ തകര്‍ത്തത്. ‘ഡ്രീം’ എന്ന് വിളിക്കപ്പെട്ടിരുന്ന ഈ വിമാനം റഷ്യന്‍ ആക്രമണത്തിന് പിന്നാലെ വെറും ലോഹക്കഷ്ണങ്ങളായി മാറിക്കിടക്കുന്ന കാഴ്ച ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഹോസ്റ്റോമെല്‍ എയര്‍പോര്‍ട്ട് എന്ന പേരിലും അന്റോണോവ് അന്താരാഷ്‌ട്ര വിമാനത്താവളമെന്ന പേരിലും അറിയപ്പെടുന്ന യുക്രെയ്‌നിലെ എയര്‍പോര്‍ട്ടിലാണ് ഡ്രീം സൂക്ഷിച്ചിരുന്നത്. ആക്രമണത്തില്‍ വിമാനത്തിനോടൊപ്പം എയര്‍പോര്‍ട്ടും പൂര്‍ണമായും നശിക്കപ്പെട്ടു. കീവിന് പുറത്തായി സ്ഥിതിചെയ്യുന്ന അന്റോണോവ് എയര്‍പോര്‍ട്ട് റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യ ലക്ഷ്യങ്ങളില്‍ ഒന്നുകൂടിയായിരുന്നു.

അന്റോണോവ് വിമാനത്താവളം തകര്‍ത്ത് കീവ് പിടിച്ചടക്കുക എന്നതായിരുന്നു റഷ്യന്‍ സൈന്യത്തിന്റെ ആദ്യ നീക്കം. എന്നാല്‍ ഹോസ്‌റ്റോമെലിനെയും കീവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇര്‍ഫിന്‍ എന്ന പാലം യുക്രെയ്ന്‍ സൈന്യം നശിപ്പിച്ചതിനാല്‍ പദ്ധതി നീണ്ടുപോകുകയായിരുന്നു.

ഇപ്പോള്‍ റഷ്യയുടെ തകര്‍ന്ന സൈനിക വാഹനങ്ങളും യുദ്ധോപകരണങ്ങളും, പൊട്ടിത്തെറിക്കാത്ത ബോംബുകളും മാത്രമാണ് എയര്‍പോര്‍ട്ടിലുള്ളത്. നിലവില്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം യുക്രെയ്‌ന്റെ സായുധസേനയുടെ കൈകളിലാണ്. ഇതിന്റെ ഭാഗമായി തകര്‍ന്ന എയര്‍പോര്‍ട്ടില്‍ യുക്രെയ്ന്‍ പതാക ഉയര്‍ത്തിയതായി പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു.

prp

Leave a Reply

*