Latest
ഇന്ത്യ തങ്ങളുടെ മൂന്നാം ആണവ അന്തര്‍വാഹിനി രഹസ്യമായി നീറ്റിലിറക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. അരിഹന്ത് ക്ലാസില്‍ വരുന്ന എസ്-4 എന്ന് കോഡ്നാമമുള്ള ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതും ആണവമിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതുമായ അന്തര്‍വാഹിനിയാണ് രാജ്യം വിശാഖ പട്ടണത്ത് നീറ്റിലിറക്കിയത്.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ വിഷയങ്ങള്‍ സംബന്ധമായ പ്രസിദ്ധീകരണമായ ജയിന്‍സ് ഡിഫന്‍സ് വീക്കിലിയാണ് വിവരം പുറത്തുവിട്ടത്.
ഡിസംബര്‍ 29 ന് ജെയിന്‍സ് ഡിഫന്‍സ് വീക്കിലി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. റിപ്പോര്‍ട്ട് അനുസരിച്ച് നവംബര്‍ 23നാണ് അന്തര്‍വാഹിനി നീറ്റിലിറക്കിയത്. ഇപ്പോള്‍ തന്നെ കമ്മിഷനിങ്ങിന് തയ്യാറായിരിക്കുന്ന രണ്ടാം ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഗത് കിടന്നിരുന്ന വാര്‍ഫിലേക്കാണ് പുതിയ അന്തര്‍വാഹിനി നീക്കിയിരിക്കുന്നത്. ഉപഗ്രഹചിത്രങ്ങളില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായതെന്നും ജെയിന്‍സ് ഡിഫന്‍സ് വീക്കിലി വ്യക്തമാക്കിയിട്ടുണ്ട്. തുറമുഖ-കടല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ രണ്ടാം ആണവ അന്തര്‍വാഹിനിയുടെ നാവികസേനയിലേക്കുള്ള കമ്മിഷനിങ് കോവിഡ് മഹാമാരി മൂലമാണ് വൈകുന്നത്.
ഇപ്പോള്‍ ലോഞ്ച് ചെയ്ത മൂന്നാം ആണവ അന്തര്‍വാഹിനി എസ്-4, അരിഹന്ത് ക്ലാസിലെ മുന്‍ഗാമികളേക്കാള്‍ അല്പം കൂടി വലുതാണെന്നും ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത് പ്രസിദ്ധീകരണം പറയുന്നു.7000 ടണ്‍ കേവുഭാരമുള്ള അന്തര്‍വാഹിനിയുടെ നീളം 125.4 മീറ്ററാണ്. ആദ്യ അരിഹന്ത് അന്തര്‍വാഹിനിയ്ക്ക് 6000 ടണ്‍ കേവുഭാരവും 111.6 മീറ്റര്‍ നീളവുമാണ് ഉള്ളത്.
എസ്-4ന് അധിക വലിപ്പം ഉണ്ടായതു കൊണ്ടു തന്നെ അതിന് കൂടുതല്‍ ആണവ മിസൈലുകള്‍ വഹിക്കാന്‍ കഴിയുമെന്നും ജയിന്‍സ് വീക്കിലി പറയുന്നു.എട്ട് കെ-ഫോര്‍ മിസൈലുകള്‍ അല്ലെങ്കില്‍ ഇരുപത്തിനാല് കെ-15 മിസൈലുകള്‍ വഹിക്കാന്‍ ഈ അന്തര്‍വാഹിനിക്ക് കഴിയുമെന്നും പ്രസിദ്ധീകരണം പറയുന്നു.കെ-ഫോര്‍ മിസൈലുകള്‍ക്ക് 3500 കിലോമീറ്ററാണ് ദൂരപരിധിയെങ്കില്‍ ഹൃസ്വദൂര ബാലിസ്റ്റ് മിസൈല്‍ ആയ കെ-15ന് 750 കിലോമീറ്ററാണ് ദൂരപരിധി.
ഒരു രാജ്യത്തിനു നേരെയും ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്നതില്‍ അടിസ്ഥാനമാണ് ഇന്ത്യയുടെ അണ്വായുധ നയം.അതുകൊണ്ടു തന്നെ ആദ്യം ആണവായുധം ഉപയോഗിച്ച് ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കുള്ള ശേഷി രാജ്യത്തിന് ഉണ്ടാകേണ്ടതുണ്ട്. ഇത്തരത്തില്‍ തിരിച്ചടിക്കുള്ള വിശ്വസനീയമായ ശേഷിയില്‍ പ്രധാനമാണ് ആണവ അന്തര്‍വാഹിനികള്‍. ആണവമിസൈലുകള്‍ വഹിക്കുന്ന ഈ അന്തര്‍വാഹിനികളെ ശത്രുവിന് കണ്ടെത്തി ആദ്യ ആക്രമണത്തില്‍ നശിപ്പിക്കാന്‍ കഴിയില്ല എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് തിരിച്ചടിക്കുള്ള ശേഷി (second strike capability)വിലയിരുത്തുന്നത്. തിരിച്ചടിക്കുള്ള ശേഷി ഉണ്ടെന്ന് ശത്രുവിന് ബോധ്യം വന്നാല്‍ അവരില്‍ നിന്ന് മുന്‍കൂട്ടിയുള്ള ആണവ ആക്രമണം ഉണ്ടാവില്ല എന്നാണ് ആണവയുദ്ധത്തിലെ പൊതുതത്വം.
അതുകൊണ്ടാണ് ഇന്ത്യ അരിഹന്ത് ക്ലാസില്‍ നാലുംട എസ്-5 ക്ലാസില്‍ മൂന്നും ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ അരിഹന്ത് ഇപ്പോള്‍ സര്‍വീസില്‍ ഉണ്ട്. അരിഗത് ഉടന്‍ കമ്മീഷന് ചെയ്യപ്പെടും. ഇപ്പോള്‍ നീറ്റിലിറക്കിയ എസ്-ഫോര്‍ തുറമുഖ-കടല്‍ പരീക്ഷണങ്ങളിലേക്ക് ഉടന്‍ കടക്കും. എസ്-ഫോര്‍ സ്റ്റാര്‍ എന്ന നാലാം അന്തര്‍വാഹിനി വിശാഖപട്ടണത്തെ രഹസ്യ ഷിപ് ബില്‍ഡിംഗ് സെന്ററില്‍ നിര്‍മാണത്തിലാണ്. ഇവയുടെ ഇരട്ടി വലിപ്പവും ഇരട്ടി ആയുധ ശേഷിയുമുള്ള എസ്-5 ക്ലാസ് രൂപകല്പനയുടെ ഘട്ടത്തിലാണ്.

