ന്യൂഡല്‍ഹി: കാന്‍പൂരില്‍ 200 കോടിയുടെ അനധികൃത സമ്ബാദ്യവുമായി പിടിയിലായ പീയുഷ് ജയിന് ഏത് പാര്‍ട്ടിക്കാരനെന്ന കാര്യത്തില്‍ തര്‍ക്കം തുടരുന്നു.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമാജ്വാദി പാര്‍ട്ടിക്ക് വേണ്ടി സ്വരൂപിച്ചു വച്ചിരുന്ന അനധികൃത സമ്ബത്താണ് നികുതിവകുപ്പ് കണ്ടെത്തിയതെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ഇതിന് മറുപടി പറയണമെന്നും ഇന്ന് നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. സമാജ്വാദി പാര്‍ട്ടി മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന വെട്ടിപ്പിന്റെയും തട്ടിപ്പിന്റെയും തെളിവാണ് പീയുഷ് ജയിനിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആരോപിച്ചു.
എന്നാല്‍ ബി ജെ പിക്കും കേന്ദ്രസര്‍ക്കാരിനും ആള് മാറിപ്പോയതാണെന്നും അവരറിയാതെ ബി ജെ പി അനുഭാവിയായ വ്യവസായിയുടെ വീടാണ് റെയ്ഡ് ചെയ്തതെന്നും സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് തിരിച്ചടിച്ചു. സമാജ്വാദി പാര്‍ട്ടിയുമായി ബന്ധമുള്ള പുഷ്പ്രാജ് ജയിന് എന്ന വ്യവസായിയെയാണ് യഥാര്‍ത്ഥത്തില്‍ റെയ്ഡ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പേരുമാറി പീയുഷ് ജയിനിനെയാണ് റെയ്ഡ് ചെയ്തതെന്നും അഖിലേഷ് യാദവ് പറഞ്ഞു. പീയുഷ് ജയിന് ബി ജെ പി അനുഭാവിയാണെന്നും ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ബി ജെ പി തന്നെ സൂക്ഷിച്ചിരുന്ന പണമാണ് ഇപ്പോള്‍ നികുതിവകുപ്പ് പിടിച്ചെടുത്തതെന്നും അഖിലേഷ് ആരോപിച്ചു.
പീയുഷ് ജയിനിന്റെ ഫോണ്‍ റെക്കാഡുകള്‍ പരിശോധിച്ചാല്‍ ഇയാള്‍ക്ക് നിരവധി ബി ജെ പി നേതാക്കന്മാരുമായുള്ള ബന്ധം പുറത്തുവരുമെന്നും അക്കൂട്ടത്തില്‍ നിരവധി ദേശീയ നേതാക്കന്മാരും കാണാന്‍ സാദ്ധ്യതയുണ്ടെന്നും അഖിലേഷ് ആരോപിച്ചു.
കഴിഞ്ഞ ആഴ്ചയാണ് ആറ് ദിവസത്തോളം നീണ്ടുനിന്ന നികുതി വകുപ്പിന്റെ റെയ്ഡില്‍ ഉത്തര്‍പ്രദേശ് വ്യവസായിയായ പീയുഷ് ജയിനിന്റെ വീട്ടില്‍ നിന്നും 200 കോടിയോളം വിലമതിക്കുന്ന അനധികൃത സമ്ബത്ത് കണ്ടെത്തിയത്. ഇതില്‍ 194 കോടി രൂപ നോട്ടുക്കെട്ടുകളായും ബാക്കി 23 കിലോ സ്വര്‍ണവും 250 കിലോ വെള്ളിയുമായാണ് വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്നത്.

