പോത്തന്‍കോട്: പൊലീസിനെ കബളിപ്പിച്ച് സമര്‍ത്ഥമായി മുങ്ങിനടന്ന പോത്തന്‍കോട് കൊലക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷിനെ കുടുക്കിയത് ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം.
അന്വേഷണത്തിനിടെ ഒരു പൊലീസുകാരന്റെ ജീവന്‍വരെ നഷ്ടമായിട്ടും ഇയാളെ പിടികൂടാന്‍ കഴിയാതായതോടെ പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഒട്ടകം രാജേഷുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ഇവരുടെ ഫോണ്‍വിളികള്‍ നിരീക്ഷിച്ചുവരികയായിരുന്നു. രാജേഷ് സംസ്ഥാനം വിടാന്‍ സാദ്ധ്യതയുള്ളതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫോണ്‍കാളുകള്‍ പ്രത്യേകം നിരീക്ഷിച്ചു. ഇതിനിടെ ചാത്തമ്ബാടുള്ള ഒളിസങ്കേതത്തില്‍ കഴിഞ്ഞിരുന്ന ഒട്ടകം രാജേഷ് വെഞ്ഞാറമൂടെത്തി, ഇവിടെനിന്ന് ബസില്‍ പഴനിയിലേക്ക് കടന്നു. അവിടെനിന്ന് മറ്രൊരാളുടെ ഫോണിലൂടെ നാട്ടിലുള്ള സുഹൃത്തിനെ വിളിച്ച് പണമാവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു.
രാജേഷിനെക്കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് ഒരു സംഘത്തെ പഴനിയിലേക്കയച്ചു. നാട്ടിലേക്ക് വിളിച്ച ഫോണിന്റെ ഉടമയെ കണ്ടെത്തിയ ശേഷം ഇയാളുടെ സഹായത്തോടെ രാജേഷ് പോയ സ്ഥലങ്ങള്‍ മനസിലാക്കി ഇവിടങ്ങളിലെ സി.സി ടിവി കാമറാ ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇതില്‍ കേരളത്തിലേക്ക് സര്‍വീസുകള്‍ നടത്തുന്ന ബസ് സ്റ്റാന്‍ഡില്‍ ഒട്ടകം രാജേഷ് എത്തിയ ദൃശ്യവും ഉണ്ടായിരുന്നു. എന്നാല്‍ മറ്റൊരു സുഹൃത്തിനെ വിളിച്ചപ്പോള്‍ പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ രാജേഷ് ഇതിനിടെ എറണാകുളത്തേക്ക് കടന്നിരുന്നു. തുടര്‍ന്ന് മറൈന്‍ഡ്രൈവ്, എറണാകുളം ബാനര്‍ജി റോഡ് എന്നിവിടങ്ങളില്‍ നിന്ന് വഴിയാത്രക്കാരുടെ ഫോണ്‍വാങ്ങി വീണ്ടും സുഹൃത്തിനെ വിളിച്ച് പണം ശരിയായോ എന്ന് അന്വേഷിച്ചു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ രാജേഷിന്റെ സഞ്ചാരമാര്‍ഗ്ഗം മനസിലാക്കിയ പൊലീസ് സംഘം കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും
പളനിയില്‍ പോയി മടങ്ങിയ സംഘം വെഞ്ഞാറമൂട്ടിലും നിലയുറപ്പിച്ചു. ഇതിനിടെ എറണാകുളത്തു നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടറെ പൊലീസ് ബന്ധപ്പെട്ടു. ഇദ്ദേഹം പൊലീസിന് വാട്സാപ് വഴി അയച്ചുകൊടുത്ത യാത്രക്കാരുടെ ഫോട്ടോകള്‍ പരിശോധിച്ച് ഒട്ടകം രാജേഷ് എറണാകുളം-കാട്ടാക്കട സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ഉള്ളതായി സ്ഥീരികരിക്കുകയും ബസ് പുലര്‍ച്ചെ 2.30 ന് കൊല്ലത്തെത്തിയപ്പോള്‍ ഇയാളെ കസ്റ്രഡിയിലെടുക്കുകയുമായിരുന്നു.
കേസിലെ ഒന്നും മൂന്നും പ്രതികളെ ചാത്തമ്ബാട് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ ഒട്ടകം രാജേഷ് സ്ഥലത്തുണ്ടായിരുവെന്ന് ചോദ്യം ചെയ്യലിനിടയിലാണ് പൊലീസിനു മനസിലായത്. മറ്റുള്ളവരോട് കീഴടങ്ങാന്‍ പറഞ്ഞശേഷമാണ് ഇയാള്‍ തമിഴ്നാട്ടിലേക്കു മുങ്ങിയത്. കൈവശമുണ്ടായിരുന്ന പണം തീര്‍ന്നതോടെയാണ് നാട്ടിലേക്കു തിരിച്ചുവരാന്‍ തീരുമാനിച്ചതെന്നാണ് സൂചന.
ചില്ലറക്കാരനല്ല ഒട്ടകം
പോത്തന്‍കോട്: ഗുണ്ടാകുടിപ്പകയെ തുടര്‍ന്ന് പോത്തന്‍കോട് കല്ലിയൂരില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ മുഖ്യ ആസൂത്രകനും കേസിലെ രണ്ടാംപ്രതിയുമായ ഒട്ടകം രാജേഷ് ചില്ലക്കാരനല്ല. 32 വയസിനുള്ളില്‍ 28 ലേറെ കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കുള്ളത്. എന്നാല്‍ നാളിതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടുമില്ല. പല കേസുകളിലും വിചാരണ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ചില കേസുകളില്‍ റിമാന്‍ഡിലായി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ജയിലില്‍ കിടന്നത്.
ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് വധശ്രമക്കേസും ഒരു ഡസനിലേറെ അടിപിടി, വധഭീഷണി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. 2004ല്‍ കഠിനംകുളം സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലക്കേസില്‍ നാലാം പ്രതിയുമാണ് ഒട്ടകം രാജേഷ്. 2014ല്‍ പോത്തന്‍കോടുള്ള ഷാജീസ് മൊബൈല്‍ ഷോപ്പിന്റെ ഉടമയുടെ അനുജന്റെ കൈവെട്ടിയ കേസിലും പ്രതിയാണിയാള്‍.
ഏഴ് വര്‍ഷം പിന്നിട്ടിട്ടും ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും പൊലീസിനായിട്ടില്ല. ആക്രമണത്തിന് ഇരയായ പോത്തന്‍കോട് അയണിമൂട് സ്വദേശി ബിജു (32) മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പോത്തന്‍കോട് പരിധിയില്‍ വധശ്രമം, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ നിരവധി കേസുകളിലും ഒട്ടകം രാജേഷ് പ്രതിയാണ്.
ഇയാള്‍ക്ക് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. 12 ഓളം കേസുകളാണ് ഇയാള്‍ക്കെതിരെ ഇവിടെയുള്ളത്.

