മാര്‍ക്കറ്റില്‍ പിടയ്ക്കണത് വിഷമത്സ്യം!

# പരിശോധന പേരിലൊതുങ്ങുന്നു

ആലപ്പുഴ: ഉപഭോക്താക്കളുടെ ആരോഗ്യത്തെ മുള്‍മുനയില്‍ നിറുത്തി നടക്കുന്ന വിഷമത്സ്യവില്‍പ്പനയ്ക്ക് കടിഞ്ഞാണിടാന്‍ അധികൃതര്‍ക്കാകുന്നില്ല.

കൊവിഡിനെ തുടര്‍ന്ന് നിലച്ച പരിശോധനകള്‍ കഴിഞ്ഞ ദിവസമാണ് നഗരത്തില്‍ പുനരാരംഭിച്ചത്.

ഒറ്റ ദിവസത്തെ പരിശോധനയില്‍ രണ്ട് കേന്ദ്രങ്ങളില്‍ നിന്നായി 80 കിലോ പഴകിയ മത്സ്യമാണ് നഗരസഭയുടെ ആരോഗ്യ വിഭാഗവും ഫുഡ് ആന്‍ഡ് സേഫ്ടി വിഭാഗവും സംയുക്തമായി പിടികൂടിയത്. ഇതിനപ്പുറത്തേക്ക് പരിശോധന നീണ്ടതുമില്ല. നിരന്തരം പരിശോധനകള്‍ നടത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവമാണ് കച്ചവടക്കാര്‍ക്ക് വളമാകുന്നതെന്ന ആക്ഷേപം ശക്തമാണ്. പലപ്പോഴും താക്കീതിനും ചെറിയ പിഴയ്ക്കുമപ്പുറം നടപടികള്‍ നീങ്ങാറുമില്ല.

വലയില്‍ വീഴാതെ വമ്ബന്‍ സ്രാവുകള്‍

ചെറുകിട കച്ചവട കേന്ദ്രങ്ങളില്‍ നടക്കുന്ന പരിശോധനകളില്‍ താഴെതട്ടിലുള്ളവരാണ് കുടുങ്ങുന്നത്. മംഗലാപുരത്ത് നിന്നും തൂത്തുക്കുടിയില്‍ നിന്നും മാസങ്ങള്‍ പഴക്കമുള്ള ടണ്‍കണക്കിന് മത്സ്യം നിത്യേന സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ എത്തുന്നതായാണ് ആക്ഷേപം. ഇവ എത്തിക്കുന്ന മൊത്ത കച്ചവടക്കാരെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല. വെളുപ്പിനെ 3നും 6നും ഇടയിലുള്ള സമയത്ത് പഴകിയ മത്സ്യങ്ങളുമായി അന്യസംസ്ഥാന ട്രക്കുകള്‍ ദിവസേന ജില്ലയിലെത്തുന്നുണ്ട്. വാഹന പരിശോധന വ്യാപകമാക്കിയാല്‍ ഇവ മാര്‍ക്കറ്റുകളില്‍ എത്തും മുമ്ബേ പിടികൂടി നശിപ്പിക്കാനാവും.

ഇരുകൂട്ടര്‍ക്കും സമയം വേണം

പഴകിയ മത്സ്യങ്ങളുടെ പരിശോധന ആരോഗ്യവിഭാഗത്തിന് തനിയെ നടത്താനാവില്ല. ഫോര്‍മാലിന്‍ പരിശോധനയ്ക്കുള്ള കിറ്റ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കൈവശമാണുള്ളത്. അതിനാല്‍ തന്നെ ഇരുകൂട്ടര്‍ക്കും സമയം ഒത്തുവരുമ്ബോഴേ പരിശോധന നടക്കൂ.

ശിക്ഷ

6 മാസം തടവും 2 ലക്ഷം രൂപ പിഴയും

“”

ഇടയ്ക്കിടെ മാത്രം പരിശോധന നടത്തിയിട്ട് കാര്യമില്ല. തെറ്റ് ചെയ്യുന്നവര്‍ അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. സ്ഥിരം പരിശോധനയ്ക്കൊപ്പം പിഴയും ശിക്ഷാ കാലാവധിയും വര്‍ദ്ധിപ്പിച്ചാല്‍ കുറ്റങ്ങള്‍ക്ക് തടയിടാനാകും.

ഭാഗ്യരാജ്, ആലപ്പുഴ

prp

Leave a Reply

*