ബെയ്ജിംഗ്: ചൈന വീഴുമോ? ആഗോള സാന്പത്തിക രംഗങ്ങളില്‍ സജീവ ചര്‍ച്ചയായി ഈ ചോദ്യം ഉയര്‍ന്നുവരികയാണ്. കടുത്ത ഊര്‍ജപ്രതിസന്ധിയില്‍ വലയുന്ന ചൈനയില്‍ ഡീസലിനു റേഷന്‍ ഏര്‍പ്പെടുത്തി എന്നതാണ് പുതിയ വാര്‍ത്ത. ഉത്പാദനമേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഇതു മൂലം ചൈന നേരിടുന്നത്. സാന്പത്തികരംഗത്തെ തകിടം മറിക്കുന്ന രീതിയിലാണ് ഊര്ജപ്രതിസന്ധിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
വിലവര്‍ധനയും ദൗര്‍ലഭ്യവും കാരണം ചൈനയിലെ പന്പുകള്‍ ഡീസലിനു റേഷന്‍ ഏര്‍പ്പെടുത്തിത്തുടങ്ങി. ട്രക്കുകളില്‍ ഇന്ധനം നിറയ്ക്കാന്‍ ഡ്രൈവര്‍മാര്‍ ഒരു ദിവസം വരെ കാത്തുകിടക്കുന്നതായിട്ടാണു റിപ്പോര്‍ട്ട്.
കല്‍ക്കരിയുടെയും പ്രകൃതിവാതകത്തിന്റെയും ലഭ്യതക്കുറവു മൂലം ചൈന നിലവില്‍ ഊര്ജപ്രതിസന്ധിയിലാണ്. വൈദ്യുതി ഉത്പാദനം കുറഞ്ഞു. ഫാക്ടറികളിലും ഭവനങ്ങളിലും വൈദ്യുതി ലഭിക്കുന്നില്ല. ഇതിനിടെയാണ് ഡീസല്‍ ലഭ്യത കുറഞ്ഞിരിക്കുന്നത്. കല്‍ക്കരിക്കും പ്രകൃതിവാതകത്തിനും പകരം ഡീസലിനെ ആശ്രയിക്കാന്‍ തുടങ്ങിയതാണു പ്രതിസന്ധിക്കു കാരണം.
ലോകത്തിന്റെ ഫാക്ടറി എന്നറിയപ്പെടുന്ന ചൈനയിലെ ഇന്ധ നപ്രതിസന്ധി ആഗോള ചരക്കുനീക്കത്തെ വലുതായി ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ചൈനയില്‍ വിലക്കയറ്റം ഉണ്ടാകുമെന്നും അത് ആഗോള വിപണിയില്‍ പ്രതിഫലിക്കുമെന്നും ആശങ്കയുണ്ട്.
സംഭരണശേഷിയുടെ പത്തു ശതമാനം മാത്രം ഡീസലാണ് ഒരു ട്രക്കിനു നിലവില്‍ അനുവദിക്കുന്നതെന്ന് ഹെബെയ് പ്രവിശ്യയില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചിലയിടങ്ങളില്‍ ഇതിലും താഴെയാണ് അനുവദിക്കുന്നത്. ഫുള്‍ ടാങ്ക് അടിക്കാന്‍ പന്പുകാര് ട്രക്ക് ഡ്രൈവര്‍മാരില്‍നിന്ന് അധികതുക ഈടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

