തിരുവനന്തപുരം: നഗരസൗന്ദര്യവത്കരണ പദ്ധതിയായ ആര്‍ട്ടീരിയയുടെ ഭാഗമായി ആക്കുളം ബൈപാസില്‍ വരച്ച ചുമര് ചിത്രത്തെചൊല്ലി ചരിത്രകാരന്മാര്ക്കിടയിലും സാമൂഹികപ്രവര്ത്തകര്ക്കിടയിലും ‘കലാപം’. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ 1721ല്‍ ഇന്ത്യയില്‍ നടന്ന ആദ്യത്തെ ആസൂത്രിക സായുധസമരത്തെ അഞ്ചുതെങ്ങ് കലാപമായി ചിത്രീകരിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം. അഞ്ചുതെങ്ങ് കലാപം എന്നൊന്നില്ലെന്നും 1721ല്‍ നടന്നത് ആറ്റിങ്ങല്‍ കലാപമായിരുന്നു എന്ന വാദമാണ് ആറ്റിങ്ങല്‍ ഹിസ്റ്ററി ലൗവേഴ്സ് അസോസിയേഷന് ഉയര്‍ത്തുന്നത്.
ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള നടപടികളാണ് ചിത്രകാരന്മാര് നടത്തിയതെന്നും തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അസോസിയേഷന് പ്രസിഡന്റ് ആര്. നന്ദകുമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, 1721ല്‍ നടന്ന കലാപത്തിെന്റ തുടക്കവും ഒടുക്കവും പൂര്‍ണമായും അഞ്ചുതെങ്ങിനും അതിന് ചുറ്റുമുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുെന്നന്നും അതിനാല്‍ ചിത്രകാരന്മാര്ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ഹെറിറ്റേജ് കമീഷന് എക്സിക്യൂട്ടിവ് സെക്രട്ടറി ഫാ. സില്‍വസ്റ്റര്‍ കുരിശ് അറിയിച്ചു. വിവാദം കൊഴുക്കുമ്ബോഴും ഇരുവിഭാഗത്തിെന്റയും വാദപ്രതിവാദങ്ങളില്‍ ഉത്തരംമുട്ടി നില്‍ക്കുകയാണ് ടൂറിസം മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും.
ആക്കുളം പാലത്തിന് സമീപം 10,000 ചതുരശ്ര മീറ്ററിലാണ് ദിവസങ്ങള്‍ക്ക് മുമ്ബ് കെ.എസ്. രതീഷ്കുമാര്‍, കെ.പി. അജയ്, വി.സി. വിവേക്, കെ.സജിത്ത്, പി.എസ്. സ്റ്റീഫന്‍, തുഷാര ബാലകൃഷ്ണന്, അഖില്‍ വിനോദ്, അര്ജുന് പനയല്‍, സി. രമിത് എന്നിവരടങ്ങുന്ന ഒമ്ബതംഗസംഘം രണ്ടാഴ്ചകൊണ്ട് ചിത്രം പൂര്‍ത്തിയാക്കിയത്. ‘അഞ്ചുതെങ്ങ് സമരം/പ്രതിരോധം 1721’എന്നായിരുന്നു ചിത്രത്തിന് നല്കിയ അടിക്കുറിപ്പിെന്റ തലക്കെട്ട്.
എന്നാല്‍, ചരിത്രരേഖകളിലെല്ലാം ആറ്റിങ്ങല്‍ കലാപമെന്ന് രേഖപ്പെടുത്തിയ സംഭവത്തിെന്റ പേരുമാറ്റിയെഴുതിയത് തിരുത്തണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ചരിത്രകാരന്മാരും സാമൂഹിക പ്രവര്‍ത്തകരും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ സമീപിച്ചു. ഇതേതുടര്‍ന്ന് ചിത്രത്തിെന്റ അടിക്കുറിപ്പും തലക്കെട്ടും മായ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ചിത്രകാരന്മാര്ക്ക് നിര്‍ദേശം നല്കി. നിര്‍ദേശത്തെ തുടര്‍ന്ന് അടിക്കുറിപ്പ് മായ്ച്ചു. പക്ഷേ ചരിത്രരേഖകള്‍ പരിശോധിച്ചശേഷം ആള്ട്ടീരിയയുടെ ചുമതലയുള്ളവര്‍ ‘അഞ്ചുതെങ്ങ് സമരം’ എന്ന രീതിയില്‍ തന്നെ അടിക്കുറിപ്പ് നല്കാന് തീരുമാനിച്ചതാണ് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കിയത്. കഴിഞ്ഞ ദിവസം അടിക്കുറിപ്പ് എഴുതുന്നത് ഒരുവിഭാഗം തടസ്സപ്പെടുത്തിയിരുന്നു. മതപുരോഹിതന്മാരെ കൂട്ടുപിടിച്ച് ചിത്രകാരന്മാര് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ചിത്രകാരന്മാര് ചരിത്രം ചമക്കേണ്ടവരല്ലെന്നും ആര്. നന്ദകുമാര്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

