തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജിലെ നഴ്സിനെ കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ യുവതിയുടെ ഭര്‍ത്താവ്. പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായി. കണ്മുന്നില് അക്രമം നടന്നിട്ടും അതില്‍ പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് നവാസ് ആരോപിച്ചു. നാളെ നോക്കാമെന്നാണ് പൊലീസ് അറിയിച്ചത്.
ചികിത്സയിലുളള ഭാര്യയുടെ മൊഴിയെടുക്കാന്‍ പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടെന്നും നവാസ് പറയുന്നു.തൃക്കുന്നപ്പുഴയില്‍ ബൈക്കിലെത്തിയ സംഘം നഴ്സിനെ കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പട്രോളിംഗ് വാഹനം കണ്ടതോടെ കടന്നുകളയുകയായിരുന്നു. എന്നാല്‍ സംഭവം കണ്ടിട്ടും പൊലീസ് പ്രതികളെ പിടികൂടാന്‍ തയ്യാറായില്ലെന്നാണ് നഴ്സിന്റെ ഭര്‍ത്താവ് പറഞ്ഞത്. സംഭവത്തില്‍ വീഴ്ചയുണ്ടായെന്ന് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. പൊലീസിന് വീഴ്ചയുണ്ടായി. ഇക്കാര്യത്തില്‍ ഡിജിപിയോട് പരാതിപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.

