അവിവാഹിതരാണോ? പൂഞ്ഞാറ്റിലേക്കു വരൂ; മാര്യേജ് ഡയറി എന്ന ആശയവുമായി തിടനാട് ഗ്രാമ പഞ്ചായത്ത്

വിവാഹം കഴിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നര്‍ ഉള്ള നാടാണ് കേരളം. പലര്‍ക്കും കൃത്യമായ സമയത്ത് പങ്കാളിയെ കിട്ടുന്നില്ല എന്ന പ്രതിസന്ധി ഉണ്ട്. വിവാഹപ്രായം കഴിഞ്ഞ് വീടുകളില്‍ കഴിയുന്ന പുരുഷന്മാരും സ്ത്രീകളും നിരവധിയാണ്. അത്തരക്കാര്‍ക്ക് ഒക്കെ ആശ്വാസമാവുകയാണ് തിടനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തില്‍ നടത്തിയ സര്‍വ്വേ അനുസരിച്ച്‌ നിരവധിപേര്‍ വിവാഹം കഴിക്കാനായി കാത്തുനില്‍ക്കുന്നുണ്ട് എന്ന് കണ്ടെത്തി. ഇതിന് പിന്നാലെ എങ്ങനെ പ്രശ്നം പരിഹരിക്കാം എന്ന ആലോചനയായി. ആ ആലോചനക്ക് ഒടുവിലാണ് സൗജന്യമായി മാരേജ് ഡയറി ഉണ്ടാക്കാന്‍ തിടനാട് പഞ്ചായത്ത് തീരുമാനിച്ചത്.

കേവലം തിടനാട് പഞ്ചായത്തില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ‘മാരേജ് ഡയറി’ എന്ന ആശയം. പഞ്ചായത്തിന് പുറത്തുള്ളവര്‍ക്കും മാരേജ് ഡയറിയുടെ ഭാഗം ആകാം. ‘ഒന്നാകുന്ന ഹൃദയം ഒന്നു ചേരുന്ന കുടുംബബന്ധങ്ങള്‍’ എന്ന ക്യാപ്ഷന്‍ ഇട്ടാണ് മാരേജ് ഡയറി തയ്യാറാക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തിടനാട് പഞ്ചായത്ത് ഈ വിവരം പൊതുസമൂഹത്തെ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്:

“നമ്മള്‍ ഈ സമൂഹത്തില്‍ ജീവിക്കുമ്ബോള്‍ വലിയൊരു പ്രാധാന്യമുള്ള കാര്യമാണ് കുടുംബജീവിതം. എല്ലാ വാര്‍ഡിലും ഞങ്ങളുടെ ഒരു ടീം സര്‍വേ നടത്തി. ഈ സര്‍വേയുടെ അഭിപ്രായത്തില്‍ നമ്മുടെ പഞ്ചായത്തില്‍ വിവാഹപ്രായം കഴിഞ്ഞ് വിവാഹം കഴിക്കാന്‍ നില്‍ക്കുന്ന ആണ്‍ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. ഒരുപരിധിവരെ പെണ്‍കുട്ടികളും. പിന്നെ ചെറുപ്പത്തില്‍ വിധവകളായ പെണ്‍കുട്ടികളും. അതിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ തിടനാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാരേജ് ഡയറി എന്ന പേരില്‍ ഒരു മാരേജ് രജിസ്റ്റര്‍ ആരംഭിക്കുകയാണ്.

വിവിധ വാര്‍ഡുകളിലെ വിവാഹപ്രായം കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന വിധവകള്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ രജിസ്റ്റര്‍ പൂര്‍ണമായും സ്വകാര്യത കാത്തുസൂക്ഷിക്കുന്നതായിരിക്കും. ഈ ഡയറിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരു തരത്തിലുള്ള ഫീസും ഈടാക്കുന്നതല്ല. കേരളത്തിലുള്ള എല്ലാ പഞ്ചായത്തുകളുമായി ബന്ധപ്പെടുത്തിയാണ് ഇത് ചെയ്യുന്നത്. താഴെക്കൊടുത്തിരിക്കുന്ന വാട്സ്‌ആപ്പ് നമ്ബര്‍ വഴിയാണ് നിങ്ങളുടെ ഡീറ്റെയില്‍സും ഫോട്ടോയും അയച്ചു തരേണ്ടത് എന്ന് കോഡിനേറ്റര്‍ ഷെറിന്‍ പെരുമാകുന്നേല്‍ ( തിടനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍) നമ്ബര്‍ 9847998258.”

ഏതായാലും പഞ്ചായത്ത് പുതുതായി തുടങ്ങിയ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. പഞ്ചായത്തിന് പുറത്ത് കേരളത്തില്‍ എവിടെ നിന്നുള്ളവര്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാം എന്നതാണ് വലിയ പ്രത്യേകത. മാരേജ് ഡയറി വിജയം കണ്ടാല്‍ അത് ഒരുപാട് പേര്‍ക്ക് ആശ്വാസമാകുമെന്ന് പഞ്ചായത്ത് കരുതുന്നു. വലിയതോതില്‍ ഫീസ് ഈടാക്കി വേണം പല മാര്യേജ് സൈറ്റുകളിലും രജിസ്റ്റര്‍ ചെയ്യാന്‍. ബ്രോക്കര്‍മാര്‍ ഈടാക്കുന്ന തുകയും വളരെ വലുതാണ്. അങ്ങനെയിരിക്കെ നവീനമായ ആശയത്തിന് കയ്യടി കൂടുകയാണ്. പദ്ധതി വൈകാതെ വിജയം കാണും എന്ന പ്രതീക്ഷയിലാണ് തിടനാട് ഗ്രാമപഞ്ചായത്ത്.

prp

Leave a Reply

*