ലഡാക്ക്-കന്യാകുമാരി നോണ്‍സ്റ്റോപ് ഡ്രൈവ് റെക്കോര്‍ഡ് തിരുത്തി മലയാളികള്‍

രാമനാട്ടുകര: ലഡാക്കില്‍ നിന്ന് കന്യാകുമാരി വരെ കാറില്‍ സഞ്ചരിച്ച്‌ പുതുചരിത്രം കുറിച്ച്‌ മലയാളി യുവാക്കള്‍. സപ്തംബര്‍ ഒന്നിന് രാവിലെ 07.05ന് ലഡാക്കില്‍ നിന്ന് യാത്ര ആരംഭിച്ച്‌ സപ്തംബര്‍ മൂന്നിന് രാവിലെ 08:39 ഓടെ കന്യാകുമാരിയില്‍ എത്തിയതോടെ ഏഴ് വര്‍ഷം മുന്‍പുള്ള റെക്കോര്‍ഡാണ് ഈ മൂവര്‍ സംഘം തിരുത്തി കുറിച്ചത്. 49 മണിക്കൂറും 34 മിനിറ്റും കൊണ്ടാണ് ഈ നോണ്‍സ്റ്റോപ് ഡ്രൈവ് ‘ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്കും അതോടൊപ്പം ചരിത്രത്തലേക്കും കാറോടിച്ചു കയറിയത്.
മലപ്പുറം ആക്കോട് സ്വദേശി നൗഫല്‍(35), കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശി ബിബിന്‍(37), ആലപ്പുഴ സ്വദേശി സമീര്‍(36)എന്നിവരാണ് ടീം എഫ് 1 ഇന്ത്യ എന്ന ട്രാവല്‍ പ്ലാറ്റ്‌ഫോമിന്റെ കീഴില്‍ ഈയൊരു ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കിയത്. 17 മണിക്കൂറുകളോളം ദുര്‍ഘടമായ ഹിമാലയന്‍ പാതകളിലൂടെ യാത്ര ചെയ്ത് പഞ്ചാബില്‍ എത്തിയ സംഘം പ്രതികൂലമായ സാഹചര്യങ്ങള്‍ തരണം ചെയ്ത് ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക വഴി തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ എത്തിയപ്പോള്‍ 3870 കി.മീ. പിന്നിട്ടിരുന്നു.
ലഡാക്കില്‍ എസ്.എന്‍.എം ഹോസ്പിറ്റലിലെ സി.എം.ഒ. ഡോ. റീചാന്‍ ഫ്ലാഗ് ഓഫ് ചെയ്ത ഈ യാത്ര കന്യാകുമാരിയില്‍ അവസാനിച്ചപ്പോള്‍ മലയാളി കൂടിയായ ഐ.എസ്.ആര്‍.ഒ. അസിസ്റ്റന്റ് കമാന്‍‌ഡന്റ് ശശികുമാര്‍ ആണ് ഇവരെ സ്വീകരിച്ചത്. കേരളത്തില്‍ നിന്ന് ലഡാക്കിലേക്കുള്ള യാത്രക്കിടയില്‍ സര്‍ജിക്കല്‍ മാസ്‌ക് വിതരണം ചെയ്തും കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചും കൊണ്ടാണ് ഇവര്‍ യാത്ര ചെയ്തത്. ആറു മാസത്തോളം നീണ്ടു നില്‍ക്കുന്ന അടുത്ത ഒരു യാത്രയിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് ഈ സംഘം ലക്ഷ്യമിടുന്നത്.

prp

Leave a Reply

*