ന്യൂഡല്‍ഹി: പാലക്കാട് – തൃശൂര്‍ പാതയിലെ യാത്രക്കാര്‍ക്ക് ആശ്വാസമേകി കുതിരാന്‍ തുരങ്കം ഇന്ന് തുറക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി കിട്ടിയതോടെയാണ് കുതിരാന്‍ തുറക്കുന്നത്.
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് കുതിരാന്‍ ഇരട്ടതുരങ്കങ്ങളില് ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ തുരങ്കമായ കുതിരാനില്‍ ഒരു ലൈനില്‍ ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി ഗതാഗതയോഗ്യമായ ഒരു തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തി വിടാനാണ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ നിര്‍ദേശം. ഇന്ന് വൈകുന്നേരം അഞ്ച് മുതല്‍ കുതിരാനിലൂടെ വാഹനങ്ങള്‍ കടത്തിവിടും.