കേന്ദ്ര മന്ത്രിസഭാ വികസനം: പ്രധാനമന്ത്രി ഇന്ന് ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തും, സത്യപ്രതിജ്ഞ ഉടന്‍

ന്യൂഡല്‍ഹി: മന്ത്രിസഭാ പുനസംഘടന ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് പാ‌ര്‍ട്ടിയിലെ ഉന്നത നേതാക്കന്മാരായി ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രിസഭയിലെ തന്നെ മുതിര്‍ന്ന മന്ത്രിമാരും ബി ജെ പി അദ്ധ്യക്ഷന്‍ ജെ പി നഡ്ഡയും പങ്കെടുക്കും. അമിത് ഷാ, രാജ്നാഥ് സിംഗ്, നിര്‍മലാ സീതാരാമന്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, പ്രഹ്ളാദ് ജോഷി, പീയുഷ് ഗോയല്‍, നരേന്ദ്ര സിംഗ് ടോമര്‍ എന്നിവരും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

തിങ്കളാഴ്ച അമിത് ഷാ, ബി ജെ പി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുമായി ദീര്‍ഘമായ ഒരു യോഗം മോദി നടത്തിയിരുന്നു. മന്ത്രിസഭാ വികസനത്തെകുറിച്ചുള്ള ഏകദേശ ധാരണ ഈ യോഗത്തില്‍ വച്ചു തന്നെ എടുത്തുകഴിഞ്ഞുവെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച്‌ വെള്ളിയാഴ്ച തന്നെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്തിയേക്കാം. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പ് ഇത് സംബന്ധിച്ച്‌ ഇതു വരെ വന്നിട്ടില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് ഉന്നത നേതാക്കളുമായി പ്രധാനമന്ത്രി നടത്തിയത്. നിലവില്‍ 53 അംഗങ്ങളുള്ള മന്ത്രിസഭയില്‍ 81 പേരെ വരെ ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കും. സര്‍ബാനന്ദ സോണോവാല്‍, ജ്യോതിരാദിത്യ സിന്ധ്യ, സുഷീല്‍ മോദി എന്നിവര്‍ കേന്ദ്ര മന്ത്രിസഭയില്‍ എത്താന്‍ സാദ്ധ്യത ഉണ്ട്. നിലവില്‍ എന്‍ ഡി എ സഖ്യകക്ഷികളില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അത്താവാലെ മാത്രമാണ് മന്ത്രിസഭയില്‍ അംഗമായിട്ടുള്ളത്. കൂടുതല്‍ സഖ്യകക്ഷികളെ മന്ത്രിസഭയില്‍ ഇത്തവണ ഉള്‍പ്പെടുത്തുമോ എന്നതും കണ്ടറിയണം.

prp

Leave a Reply

*