ന്യൂഡല്ഹി: ദൃശ്യം സിനിമയില് നിന്ന് പ്രേരണയുള്കൊണ്ട് അയല്വാസി തന്നെ ആക്രമിച്ചതായി വരുത്തിത്തീര്ക്കാന് കൊലപാതകക്കേസ് പ്രതി നടത്തിയ ശ്രമം വിഫലമായി.
വടക്കന് ഡല്ഹിയിലെ മജ്നു കാ തില്ല നിവസിയായ അമര് പാല് ഈ വര്ഷം മേയ് 29നാണ് 60 ദിവസത്തെ ഇടക്കാല ജാമ്യത്തില് ജയിലില് നിന്ന് പുറത്തിറങ്ങിയത്. 2019ല് അയല്വാസിയായ ഓംബിറിെന്റ മാതാവിനെ കൂട്ടുകാര്ക്കൊപ്പം കൊലപ്പെടുത്തിയ കേസില് ജയിലിലായിരുന്നു അമര് പാല്. സംഭവം നടന്ന അന്ന് മുതല് അമര്പാലും സുഹൃത്തുക്കളും ജയിലിലായിരുന്നു.
ജാമ്യത്തില് ഇറങ്ങിയ ശേഷം കേസില് സാക്ഷികളായ ഒംബീറിെന്റ കുടുംബത്തില് സമ്മര്ദം ചെലുത്തി കേസില് നിന്ന് ഊരാര് അമര് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടര്ന്നാണ് ഓംബീറും കുടുംബവും തന്നെ ആക്രമിച്ചതായി വരുത്തിത്തീര്ക്കാന് സഹോദരന് ഗുഡ്ഡുവിനെയും ബന്ധു അനിലിനെയും കൂട്ടി അമര് ഗൂഡാലോചന നടത്തിയതായി പൊലീസ് പറഞ്ഞു.
അമര് ആദ്യം തെന്റ ബന്ധുക്കള്ക്ക് ‘ദൃശ്യം’ സിനിമ കാണിച്ച് കൊടുത്തു. സിനിമ കണ്ടതിെന്റ അടിസ്ഥാനത്തില് ചില രംഗങ്ങള് പുനര്ചിത്രീകരിക്കുകയും അതുവഴി സാക്ഷികളെ ഉണ്ടാക്കുകയുമായിരുന്നു ലക്ഷ്യം.
പദ്ധതിയുടെ അടിസ്ഥാനത്തില് ഓംബിറും കുടുംബവും തന്നെ ഭീഷണിപ്പെടുത്തുന്നതായും പ്രതികാരത്തിെന്റ ഭാഗമായി തന്നെ അപായപ്പെടുത്താന് ശ്രമിക്കുന്നതായും അമര് ആളുകളെ വിശ്വസിപ്പിച്ചു. ആക്രമണ സമയത്ത് സംഗതി കൈവിട്ട് പോകാതിരിക്കാന് നാടന് തോക്കാണ് അമര് തയാറാക്കി വെച്ചത്. അനില് തെന്റ ബന്ധുവായ മനീഷിനെയും കൂടെകുട്ടി.
അനില് അമറിനെതിരെ വെടിവെക്കുമെന്നും ഇത് ഓംബീറും കുടുംബവും ചെയ്തതാണെന്ന് വരുത്തിത്തീര്ക്കാനായിരുന്നു അവരുടെ പദ്ധതി. താന് ഇടക്കിടെ പോകാറുള്ള ഖൈബര് ചുരത്തിലാണ് അമര് പദ്ധതി നടപ്പാക്കാന് ശ്രമിച്ചത്. ഏറെ പരിചയക്കാര് പ്രദേശത്തുള്ളതിനാല് അവര് തെന്റ വാദം അംഗീകരിക്കുമെന്ന് കരുതി. ജൂണ് 29ന് ഖൈബര് ചുരത്തിലൂടെ ഒരു മണിക്കൂര് ചുറ്റിയടിച്ച് നടന്ന അമര് തന്നെ ചിലര് പിന്തുടരുന്നുവെന്ന് കാണിക്കാന് ശ്രമിച്ചു. ശേഷം ഗഡ്ഡുവിനെ വിളിച്ച് പ്ലാന് നടപ്പാക്കാന് നോക്കി. അമറിനെ വെടിവെച്ച ശേഷം അനില് ഗുഡ്ഡുവിനും മനീഷിനുമൊപ്പം രക്ഷപെട്ടു.
പരിക്കേറ്റ നിലയില് സുഹൃത്തിെന്റ അടുത്തെത്തിയ അമര് തന്നെ ഓംബിറും കുടുംബവും ആക്രമിച്ചതായി പറഞ്ഞു. കേസിനായി നോര്ത്ത് ഡി.സി.പി ആേന്റാ അല്ഫോണ്സ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ജൂലൈ രണ്ടിന് നടത്തിയ അന്വേഷണത്തില് അമറിെന്റ കുടുംബം ഓംബീറിെന്റ കുടുംബത്തില് കുറ്റം ചാര്ത്തി. എന്നാല് അവരുടെ വാദത്തില് പൊലീസിന് വൈരുധ്യം തോന്നി.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലില് അനില് ആദ്യം ഒഴിഞ്ഞുമാറാന് ശ്രമിച്ചെങ്കിലും ഒടുവില് ഗൂഡാലോചനയുടെ ചുരുളഴിഞ്ഞു. അമറിനെ വെടിവെച്ച തോക്ക് അനിലിെന്റ അടുത്ത് നിന്ന് പൊലീസ് കണ്ടെത്തി. അമര് ഇപ്പോള് ചികിത്സയില് കഴിയുകയാണ്. മനീഷിനും ഗുഡ്ഡുവിനുമായി പൊലീസ് തെരച്ചിലിലാണ്.

