കൊച്ചി: അഞ്ചു വര്‍ഷത്തിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ കോടികളുടെ പദ്ധതികളെന്ന് റിപ്പോര്‍ട്ട്. നീതി ആയോഗിന്റെ വാര്‍ഷിക കണക്കുകള്‍ സംബന്ധിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് പ്രകാരം ഒരു ലക്ഷത്തി എഴുപതിനായിരം കോടിയിലേറെ രൂപയുടെ സഹായമാണ് സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
150 കോടി രൂപ മുതല്‍ 1000 കോടി രൂപ വരെ മുടക്കുള്ള പദ്ധതികളില്‍പ്പെടുത്തി നല്‍കിയ സഹായത്തിന്റെ മാത്രം കണക്കാണിത്. മുഴുവന്‍ പദ്ധതികളുടെ കണക്കെടുത്താല്‍ ഇതിലും അധികമുണ്ടാകും. പുറത്തുവന്നിരിക്കുന്ന കണക്ക് പ്രകാരം കേരളത്തില്‍ വികസന പദ്ധതികളുടെ എണ്ണത്തിലും ഇരട്ടിയിലേറെ വര്‍ധന വന്നുവെന്ന് വ്യക്തമാകുന്നു. അതി ബൃഹദ് പദ്ധതികളെന്നും ബൃഹദ് പദ്ധതികളെന്നും തരം തിരിച്ചുള്ള സഹായത്തില്‍ ബൃഹദ് പദ്ധതിയിലാണ് കേരളത്തിനുള്ള സഹായം.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്ബുള്ള 2014-15 സാമ്ബത്തിക വര്‍ഷം ഈ ഇനത്തില്‍ 12 പദ്ധതികള്‍ക്കാണ് കേന്ദ്രം സഹായം നല്‍കിയിരുന്നത്. അതാണ് മോദിയുടെ ഭരണത്തില്‍ 25 ആയി ഉയര്‍ന്നിരിക്കുന്നത്. ആറു വര്‍ഷം മുമ്ബ് 12 പദ്ധതികള്‍ക്ക് നല്‍കിയിരുന്നത് 23,429 കോടി രൂപയുടെ സഹായമാണ്. 2015 മുതല്‍ ഓരോ വര്‍ഷവും പദ്ധതികളുടെ എണ്ണവും വര്‍ധിച്ചു, സഹായം നല്‍കുന്ന തുകയും വര്‍ധിച്ചു. സംസ്ഥാനത്ത് നടക്കുന്ന/നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലെ മൂന്നിലൊന്ന് സഹായവും നല്‍കുന്നത് കേന്ദ്രമാണെന്ന് ചുരുക്കം.

