തമിഴ്‌സിനിമകള്‍ക്ക് വേണ്ടി തീയേ‌റ്റര്‍ തുറക്കരുതെന്ന് ദിലീപ്; സംസ്ഥാനത്ത് ചലച്ചിത്ര പ്രദര്‍ശനം ഉടനില്ലെന്ന് ഫിയോക്ക്

കൊച്ചി: സംസ്ഥാനത്തെ സിനിമ തീയേ‌റ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് തീരുമാനിച്ച്‌ ഫിയോക്ക്. നിര്‍മ്മാതാക്കളും വിതരണക്കാരും തീയേ‌റ്റര്‍ ഉടമകളും അടങ്ങുന്ന സംഘടനയുടെ ഇന്ന് നടന്ന ജനറല്‍ ബോഡിയിലാണ് ഇങ്ങനെ തീരുമാനമുണ്ടായത്. സംഘടനയില്‍ തീയേ‌റ്റര്‍ ഉടമകള്‍ ബഹുഭൂരിഭാഗവും തീയേ‌റ്ററുകള്‍ തുറക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രങ്ങള്‍ക്കായി തീയേ‌റ്റര്‍ തുറക്കുന്നത് നന്നാകില്ലെന്ന സംഘടനാ നേതാക്കളായ നടന്‍ ദിലീപ്,​ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ എന്നിവരുടെ അഭിപ്രായത്തിന് യോഗം ഒടുവില്‍ അംഗീകാരം നല്‍കുകയായിരുന്നു.

നിര്‍മ്മാതാക്കള്‍ ഉള്‍പ്പടെയുള‌ളവര്‍ മുഖ്യമന്ത്രിയ്‌ക്ക് നിവേദനം നല്‍കിയത് മലയാള ചലച്ചിത്ര ലോകത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണമെന്ന് ദിലീപ് അഭിപ്രായപ്പെട്ടു. ലൈസന്‍സ് കാലാവധി ആറ് മാസത്തേക്ക് നീട്ടി നല്‍കുക,​ തീയ‌േറ്ററുകള്‍ പ്രദര്‍ശനത്തിന് സജ്ജീകരിക്കാന്‍ ഒരാഴ്‌ച സമയം നല്‍കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാരിനോട് നി‌ര്‍മ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ഇവ അംഗീകരിച്ച ശേഷം തീയേ‌റ്റര്‍ തുറന്നാല്‍ മതിയെന്ന് കഴിഞ്ഞ ഫിയോക്ക് യോഗത്തിലും തീരുമാനമായിരുന്നു.

കൊവി‌ഡ് പിടിമുറുക്കിയതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ സംസ്ഥാനത്തെ തീയേ‌റ്ററുകള്‍ അടച്ചത്. പിന്നീട് ജനുവരി 5 മുതല്‍ പകുതി ആളുകളെ പ്രവേശിപ്പിച്ച്‌ കര്‍ശന കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ പ്രദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇങ്ങനെ തുറക്കുന്നതിന് തയ്യാറായിരുന്നില്ലാത്തതിനാല്‍ ഫിലിംചേമ്ബര്‍ തീയേറ്ററുകള്‍ തുറക്കില്ലെന്ന് അറിയിച്ചു. പുതിയ സിനിമകള്‍ തീയേ‌റ്ററുകള്‍ക്ക് നല്‍കില്ലെന്ന് വിതരണക്കാരുടെ സംഘടനയും അറിയിച്ചിരുന്നു.

prp

Leave a Reply

*