തിരുവനന്തപുരം: കെവിന് വധക്കേസ് പ്രതിയായ ടിറ്റു ജെറോമിന് ജയിലില്‍ വച്ച് മര്‍ദ്ദനത്തില്‍ പരിക്കേറ്റ സംഭവത്തില്‍ നടപടി. മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സ്ഥലംമാറ്റാന്‍ ജയില്‍ ഡി.ഐ.ജി ശുപാര്‍ശ ചെയ്തു. മൂന്ന് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരെയാണ് അന്വേഷണവിധേയമായി മാറ്റിയത്. കെവിന് കേസില്‍ ഒന്‍പതാം പ്രതിയായ ടിറ്റു ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെകുറിച്ച് മെഡിക്കല്‍ രേഖകളടക്കം വിശദപരിശോധന നടത്തുമെന്ന് ഡിഐജി അറിയിച്ചു.
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജയില്‍വകുപ്പ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കെവിന് കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ച് വരികയായിരുന്നു ടിറ്റു. ഇയാളെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ജയിലിലുളള തന്റെ മകനെക്കുറിച്ച് യാതൊരു വിവരവും കുറച്ച് ദിവസമായി ഇല്ലെന്ന് ഇയാളുടെ അച്ഛന് ഹേബിയസ് കോര്‍പസ് ഹര്‍ജി കോടതിയില്‍ നല്‍കിയപ്പോഴാണ് മര്‍ദ്ദന വിവരം അറിയുന്നത്. ജയില്‍മാറ്റം ആവശ്യമെങ്കില്‍ അതിന് നടപടിയെടുക്കാമെന്ന് ജയില്‍വകുപ്പ് കോടതിയില്‍ പറയുന്ന റിപ്പോര്‍ട്ടിലുണ്ട്.

