തൃശൂര്‍: കേരള ലോട്ടറിയുടെ കുത്തകയ്ക്ക് വെല്ലുവിളിയുമായി നാഗാലാന്‍ഡ് ലോട്ടറി വരുന്നു. ഹൈക്കോടതി അനുമതി നല്‍കിയതോടെ ഈ മാസം പകുതിയോടെത്തന്നെ നാഗാലാന്‍ഡ് ലോട്ടറികള്‍ കേരളത്തില്‍ എത്തുമെന്നാണു വിവരം. നാഗാലാന്‍ഡ് ലോട്ടറിക്കു പിറകേ, മറ്റു സംസ്ഥാനങ്ങളിലെ ലോട്ടറികളും കേരളത്തിലെത്തും. ഇതു സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.
കൂടുതല്‍ ആകര്‍ഷകമായ സമ്മാനങ്ങളും ഏജന്റുമാര്‍ക്കു കൂടുതല്‍ കമ്മീഷനും നല്‍കുന്നുണ്ടെന്നതാണ് നാഗാലാന്‍ഡ് ലോട്ടറിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. 40 രൂപയാണ് കേരള ലോട്ടറിയുടെ വില. എന്നാല്‍ നാഗാലാന്‍ഡ് ലോട്ടറി ടിക്കറ്റിനു 30 രൂപയേയുള്ളൂ. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമെന്നാണ് നാഗാലാന്‍ഡ് ലോട്ടറി വ്യാപാരത്തിനു തയാറെടുക്കുന്നവര്‍ പറയുന്നത്.
എന്നാല്‍ കൂടുതല്‍ ആകര്‍ഷകമായ ഒന്നും നാഗാലാന്‍ഡ് ലോട്ടറിയില്‍ ഇല്ലെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ നിലപാട്. കേരള ലോട്ടറി കൂടുതല്‍ ആകര്‍ഷകമാക്കും. നാഗാലാന്‍ഡ് ലോട്ടറി വില്ക്കാന് അനുമതി നല്‍കിക്കൊണ്ട് കഴിഞ്ഞ 30ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി തട്ടിപ്പുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേരളത്തില്‍ അന്യ സംസ്ഥാന ലോട്ടറികള്‍ നിരോധിച്ചത്. ഇതര സംസ്ഥാന ലോട്ടറികള്‍ക്കു കേരളത്തില്‍ 28 ശതമാനം ജിഎസ്ടി ചുമത്തിയാണ് പ്രധാനമായും ചെറുത്തത്.
ഏതാനും മാസം മുന്‍പ് കേന്ദ്ര ജിഎസ്ടി കൗണ്‍സില്‍ എല്ലാ ലോട്ടറി ടിക്കറ്റുകള്‍ക്കും ജിഎസ്ടി 28 ശതമാനമാക്കി ഏകീകരിച്ചു. ഇതോടെ അന്യ സംസ്ഥാന ലോട്ടറികള്‍ക്കു കേരളത്തില്‍ വിപണി തുറന്ന അവസ്ഥയായി.
ഓരോ ദിവസവും ഓരോ കോടി ടിക്കറ്റുകളാണ് കേരള ലോട്ടറി വില്‍ക്കുന്നത്. 7.92 കോടി ടിക്കറ്റുകളാണ് ആഴ്ചയില്‍ വില്‍ക്കുന്നത്. 2018- 19 ല്‍ 9,276 കോടി രൂപയാണ് വരുമാനം. 1,673 കോടി രൂപയാണ് ലാഭം.
നാഗാലാന്‍ഡ് ലോട്ടറി അടക്കമുള്ള ഇതര സംസ്ഥാന ലോട്ടറികള്‍ എത്തിയാല്‍ കേരളത്തിന്റെ പ്രധാന വരുമാനം കുറയുമെന്നാണ് ആശങ്ക. ജിഎസ്ടി ഇനത്തിലുള്ള വരുമാനം കിട്ടുമെങ്കിലും ആദായം കുറയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

