കോട്ടയം: ( 22.12.2020) ‘കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ എന്റെ കുഞ്ഞിന് നീതി കിട്ടി. ഞാന്‍ ഭയങ്കര ഹാപിയാണ്.’ സിസ്റ്റര്‍ അഭയകേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ചുകൊണ്ടുളള തിരുവനന്തപുരം സി ബി ഐ കോടതിയുടെ വിധി അറിഞ്ഞ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. കേസില്‍ ഏറ്റവും നിര്‍ണായകമൊഴിയായിരുന്നു ദൃക്സാക്ഷിയായ അടയ്ക്കാ രാജുവിന്റേത്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ മോഷണത്തിനായി പയസ് ടെന്ത് കോണ്‍വന്റ് മഠത്തില്‍ കയറിയപ്പോള്‍ ഫാദര്‍ തോമസ് കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃക്കയിലിനെയും മഠത്തില്‍ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. ഒരു മോഷ്ടാവിന്റെ മൊഴി എത്രത്തോളം വിശ്വാസയോഗ്യമാണെന്ന തരത്തിലുളള വാദങ്ങള്‍ പ്രതിഭാഗം ഉയര്‍ത്തിയിരുന്നു. അഭയയയെ കൊന്നത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമം നടത്തി. ക്രൂരമായ ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും രാജു പറഞ്ഞു.
വിധി വന്നപ്പോള്‍ രാജുവിന്റെ പ്രതികരണം;
‘കൊച്ചിന് ഒരു നീതി കിട്ടണം. നീതി കിട്ടിയില്ലേ അതുമതി. അത് കിട്ടി. ഞാന്‍ കള്ള് കുടിക്കും. എനിക്കും പെമ്ബിള്ളേരുണ്ട്. എന്റെ അയല്വക്കത്തും ഉണ്ട്. അവര്‍ക്കാര്‍ക്കും ഒരു ദോഷമുണ്ടാകരുത്. ഇത്രയും വയസ്സ് വരെ വളര്‍ത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്ബോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അതുകൊണ്ട് എന്റെ കുഞ്ഞിന് നീതി കിട്ടണം. അതെന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.
എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഒരുപാട് പേര് എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ്. കോടികളാണ് ഓഫര്‍ ചെയ്തത്. ഞാന്‍ ഒന്നും വാങ്ങിയില്ല. ഒരു രൂപ പോലും എനിക്ക് വേണ്ട ഞാനിപ്പഴും കോളനിക്ക് അകത്താണ് കിടക്കുന്നത്. മൂന്ന് സെന്റ് സ്ഥലത്ത്. എന്റെ കുഞ്ഞിന് (അഭയ) നീതി കിട്ടി. ഇന്ന് അവരുടെ കുടുംബത്തില്‍ ആരേലും ഉണ്ടോ ? എല്ലാം പോയില്ലേ. ആ കുഞ്ഞിന്റെ ഒരു അപ്പനായിട്ട് പറയാ, ഞാന്‍ ഭയങ്കര ഹാപിയാണ്,’ രാജു പറഞ്ഞു.
ദൈവമാണ് അടയ്ക്കാ രാജുവിന്റെ രൂപത്തില്‍ ദൃക്സാക്ഷിയായതെന്ന് ജോമോന് പുത്തന്‍ പുരയ്ക്കല്‍ വിധി വന്ന ശേഷം അഭിപ്രായപ്പെട്ടിരുന്നു. കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതിയാണ് വിധിച്ചത്. ഇരുവര്‍ക്കുമുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും.
സത്യം ജയിച്ചെന്ന് വര്‍ഗീസ് പി തോമസ് പ്രതികരിച്ചു. സത്യം ജയിച്ചെന്നും താന്‍ വലിയ വിലയാണ് നല്‍കേണ്ടി വന്നതെന്നും അഭയ കേസ് അന്വേഷിച്ച സിബിഐ മുന്‍ ഡിവൈഎസ്പി വര്‍ഗീസ് പി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പ്രധാന കണ്ടെത്തലുകള്‍ നടത്തുകയും ഒടുവില്‍ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് രാജിവയ്ക്കുകയും ചെയ്ത സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വര്‍ഗീസ് പി തോമസ്.
‘സത്യത്തിനായി നിലകൊണ്ടു. വിധി അതിനു ലഭിച്ച സമ്മാനം. സത്യത്തിനായി വലിയ വില നല്കി. 10 വര്‍ഷം സര്‍വീസ് ബാക്കിയുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഡിഐജിമാരായി,’ വര്‍ഗീസ് പി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
വിധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് അഭയയുടെ സഹോദരന് ബിജു പറഞ്ഞു. കേസ് തെളിയില്ലെന്നാണ് ഒരുഘട്ടം വരെ കരുതിയിരുന്നത്. ഒടുവില്‍ നീതി കിട്ടി. നാട്ടില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നു കേസ് തെളിയില്ലെന്ന്. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു പറഞ്ഞു. അനുകൂല വിധി ലഭിച്ചതില്‍ ദൈവത്തിനു നന്ദി പറയുന്നുവെന്നും ബിജു പറഞ്ഞു.
ഏറെ നാളായി ഇങ്ങനെയൊരു വിധിക്ക് വേണ്ടിയാണ് കാത്തിരുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗവും അഭയ കൊലക്കേസ് നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. നീതിപൂര്‍വമായി സിബിഐ കോടതി വിധിപറഞ്ഞു. വിധിയില്‍ വലിയ സന്തോഷമുണ്ട്. ഈ ദിവസത്തിനുവേണ്ടിയാണ് വര്‍ഷങ്ങളായി കാത്തിരുന്നത്.
ഇത് എല്ലാവരുടെയും പോരാട്ടത്തിന്റെ വിജയമാണ്. താന്‍ ഒരു നിമിത്തം മാത്രം. പണവും സ്വാധീനവും വില പോകില്ലെന്നാണ് വിധി തെളിയിക്കുന്നത്. ഇനി മരിച്ചാലും കുഴപ്പമില്ല. സിബിഐ പ്രോസിക്യൂട്ടര്‍ക്കൊപ്പം ഒരു ഗുമസ്തനെ പോലെ ഞാന്‍ നടന്നു. എന്നെ ഒതുക്കാന്‍ നിരവധി കള്ളക്കേസുകള്‍ ഉണ്ടാക്കി. എല്ലാറ്റിനും അവസാനം അഭയയ്ക്ക് നീതി കിട്ടിയെന്നും ജോമോന് പറഞ്ഞു.
അതേസമയം, താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് അഭയ കൊലക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍. തിരുവനന്തപുരം സിബിഐ കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് കേസില്‍ ഒന്നാം പ്രതിയായ തോമസ് കോട്ടൂരിന്റെ പ്രതികരണം. കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും താന്‍ നിഷ്കളങ്കനാണെന്നും തോമസ് കോട്ടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ദൈവം എന്റെ കൂടെയുണ്ട്. ഞാന്‍ ദൈവത്തില്‍ ശരണപ്പെടുന്നു. കുറ്റം ചെയ്തിട്ടില്ല. ഞാന്‍ നിരപരാധിയാണ്. ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ആ പദ്ധതിയനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കും,” തോമസ് കോട്ടൂര്‍ പറഞ്ഞു. വിചാരണ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിനു ‘തനിക്കറിയില്ല’ എന്നാണ് തോമസ് കോട്ടൂര്‍ മറുപടി നല്‍കിയത്. താന്‍ ദൈവത്തില്‍ ശരണപ്പെടുന്നു എന്ന് പലതവണ തോമസ് കോട്ടൂര്‍ ആവര്‍ത്തിച്ചു. ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചില്ല. കോടതി വിധിക്ക് ശേഷം വാഹനത്തില്‍ ജയിലിലേക്ക് കൊണ്ടുപോകുമ്ബോള്‍ സിസ്റ്റര്‍ സെഫി കഴുത്തിലെ മാലയിലുള്ള കുരിശ് ഉയര്‍ത്തിപ്പിടിച്ചിരിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ വിധിയെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴും കുരിശ് ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് സെഫി ചെയ്തത്. ഒരക്ഷരം പോലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി നല്‍കിയില്ല. കേസിന്റെ വിവിധ ഘട്ടങ്ങളില്‍ ഇതുതന്നെയായിരുന്നു സെഫിയുടെ പ്രതികരണം.

