അസീസ് കേളകം
കേളകം: പ്ലാവില്‍ ഇരിക്കുന്ന വൈദ്യുതി മീറ്ററിന് മൂന്നുവര്‍ഷമായി വാടക നല്‍കുകയാണ് ശകുന്തള എന്ന വീട്ടമ്മ.
പ്രളയത്തില്‍ വീടിെന്റ മുന്‍ഭാഗം ഇടിഞ്ഞുവീണ് വൈദ്യുതി മീറ്റര്‍ തകര്‍ന്നതോടെ വൈദ്യുതി മീറ്റര്‍ മുറ്റത്തുള്ള പ്ലാവില്‍ സ്ഥാപിച്ച് കെ.എസ്.ഇ.ബിക്കാര് മുങ്ങി. വര്‍ഷങ്ങളായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുകിട്ടാന്‍ ഈ വിധവ കയറിയിറങ്ങാത്ത ഒാഫിസില്ല.
പാറത്തോട്ടിലെ വീട്ടില്‍ തനിച്ചുതാമസിക്കുന്ന വീട്ടമ്മ മൂന്നു വര്‍ഷമായി വൈദ്യുതി ബില്ലടക്കുന്നുണ്ട്. പക്ഷേ, ഇരുട്ടിയാല്‍ വീട്ടിലിപ്പോഴും മണ്ണെണ്ണ വിളക്ക് കത്തിക്കണം. ശകുന്തള പള്ളിക്കക്കോണം എന്ന 60 വയസ്സുള്ള വീട്ടമ്മക്കാണ് വീട്ടില്‍ വൈദ്യുതിയില്ലാഞ്ഞിട്ടും ബില്ലടക്കേണ്ട ദുരവസ്ഥയുള്ളത്. മൂന്നു വര്‍ഷം മുമ്ബുവരെ ഇവിടെ വൈദ്യുതിയുണ്ടായിരുന്നു. എന്നാല്‍, മരം വീണ് വീടിെന്റ ഒരു ഭാഗം തകര്‍ന്നതോടെ മീറ്റര്‍ മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയായി. മീറ്റര്‍ മാറ്റിസ്ഥാപിക്കണമെങ്കില്‍ പുതിയ പോസ്റ്റിടണമെന്ന കെ.എസ്.ഇ.ബി നയമാണ് ഇവര്‍ക്ക് പ്രതിസന്ധിയായത്. നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നും അഞ്ചു മീറ്ററോളം മാത്രം മാറി മീറ്റര്‍ സ്ഥാപിക്കാനായി സംവിധാനമൊരുക്കിയിട്ടും വൈദ്യുതി കണക്ഷന് നല്കാന് കെ.എസ്.ഇ.ബി തയാറായില്ലെന്ന് ശകുന്തള പറഞ്ഞു. നിലവില്‍ വീടിനു സമീപത്തെ പ്ലാവില്‍ താല്‍ക്കാലികമായി മീറ്റര്‍ സ്ഥാപിച്ചിരിക്കുകയാണ്. എങ്കിലും ഇതില്‍ നിന്ന് ഇവര്‍ക്ക് വൈദ്യുതി ലഭിക്കുന്നുമില്ല. നാലുമാസം മുമ്ബ് പോസ്റ്റില്‍ നിന്നുള്ള വൈദ്യുതി കണക്ഷന് വിച്ഛേദിക്കുകയും ചെയ്തു. ശകുന്തള ബി.പി.എല്ലില്‍ ഉള്‍പ്പെട്ടതാണെങ്കിലും നേരത്തേ മുതല്‍ വൈദ്യുതി കണക്ഷനുള്ളതിനാല്‍ ബി.പി.എല്ലുകാര്‍ക്ക് ലഭിക്കുന്ന സൗജന്യ പോസ്റ്റിെന്റ ആനുകൂല്യവും ലഭിക്കുന്നില്ല.
നിരവധി തവണ അപേക്ഷ നല്‍കുകയും വാര്‍ഡ് പ്രതിനിധികളോടടക്കം പറഞ്ഞിട്ടും ഇതുവരെ ഫലമുണ്ടായില്ലെന്നും െതരഞ്ഞെടുപ്പ് സമയത്ത്, പരിഹാരമുണ്ടാക്കാമെന്നുപറഞ്ഞ് പലരും വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രശ്നം ഇതുവരെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ആരും പരാതിയുമായി എത്തിയിട്ടില്ലെന്നും കേളകം കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പരിശോധിച്ച് പ്രശ്നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.

