വിവാദവും വിസ്മയവും തീര്‍ത്ത മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 125 വയസ്സ്

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചരിത്രത്തിലെ വിവാദവും വിസ്മയവും ഒഴുകുന്ന അത്ഭുതത്തിന് 125 വയസ്. കേരളം രൂപീകരിക്കപ്പെടുന്നതിന് മുമ്ബും തിരുവിതാംകൂറിന്റെ കാലത്ത് രൂപപ്പെട്ട കരാര്‍ ചരിത്രമെഴുതിയ വിസ്മയക്കെട്ട് നിര്‍മ്മിക്കുകയായിരുന്നു.

തിരുവിതാംകൂര്‍ രാജ്യവും ബ്രിട്ടീഷ് ഭരണ കര്‍ത്താക്കളും തമ്മില്‍ 1886 ഒക്ടോബര്‍ 29 ന് കരാറിലൊപ്പിട്ടു. അന്ന് മുതല്‍ 999 വര്‍ഷത്തെ പാട്ടത്തിനാണ് കരാര്‍. 1887 ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നിര്‍മ്മാണം ആരംഭിക്കുന്നത്. 1895 ഒക്ടോബര്‍ 10നാണ് അണക്കെട്ട് കമ്മീഷന്‍ ചെയ്യുന്നത്. നിര്‍മ്മാണം മുതല്‍ മുല്ലപ്പെരിയാര്‍ ചരിത്രത്തലിടം നേടിയ അണക്കെട്ടായിരുന്നു. ഇന്ന് തമിഴ് നാടിന്റെ ഭാഗമായി മാറിയ തേനി, മധുര, ദിണ്ഡിഗല്‍, രാമനാഥപുരം, ശിവഗംഗ എന്നിവയുള്‍പ്പടെ അഞ്ച് ജില്ലകളിലേക്ക് കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ അണക്കെട്ട് നിര്‍മ്മിക്കാന്‍ തയ്യാറായത്. ഇന്ത്യ സ്വതന്ത്രമാവുകയും തിരുവിതാംകൂര്‍ നാട്ടുരാജ്യം ഇല്ലാതാവുകയും കേരളം രൂപീകരിക്കപ്പെടുകയും ചെയ്തതോടെ വീണ്ടും മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ന്നുവന്നു. ആദ്യം കരാറായും പിന്നെ വിവാദമായും ഭയമായും മുല്ലപ്പെരിയാര്‍ കേരളത്തിലൊഴുകി. തമിഴ്‌നാടും കേരളവും തമ്മിലുള്ള സംസ്ഥാനന്തര തര്‍ക്കവുമായി അത് മാറി.

കേരളാ- തമിഴ്നാട് അതിര്‍ത്തിയില്‍ ശിവഗിരി മലയിലെ ചൊക്കംപെട്ടിയില്‍ നിന്ന് ഉത്ഭവിക്കുന്ന പെരിയാര്‍ നദി 48 കിലോമീറ്റര്‍ കഴിയുമ്ബോള്‍ മണലാറിന് സമീപം കോട്ടമല ഭാഗത്ത് നിന്നെത്തുന്ന മുല്ലയാറുമായി ചേര്‍ന്നൊഴുകി മുല്ലപ്പെരിയാറായി മാറുന്നു. ഈ നദിയുടെ കുറുകെ കെട്ടിയ അണക്കെട്ടില്‍ വെള്ളം മാത്രമല്ല, വിവാദവും ഒഴുകി. അണക്കെട്ട് നിര്‍മ്മാണ കാലം മുതല്‍ തന്നെ വിവാദങ്ങളുണ്ടായി എന്ന് വേണം ചരിത്രം പരിശോധിക്കുമ്ബോള്‍ മനസ്സിലാകുക. അണക്കെട്ട് നിര്‍മ്മിക്കാന്‍ തയ്യാറാകുക, സര്‍ക്കാര്‍ പിന്നെ പിന്‍വാങ്ങുക, പിന്നീട് വ്യക്തിപരമായി പണം സമ്ബാദിച്ച്‌ നിര്‍മ്മാണം നടത്തുക എന്നിങ്ങനെയുള്ള ചരിത്രവും ഈ അണക്കെട്ടിനുള്ളിലുണ്ട്.

1860ലാണ് ജോണ്‍ പെനിക്വിക്കെന്ന ബ്രിട്ടീഷ് എന്‍ജിനീയര്‍ ഇന്ത്യയിലെത്തുന്നത്. ബ്രിട്ടീഷ് ഇന്ത്യയില്‍ മദ്രാസ് പ്രസിഡന്‍സിയില്‍ പിഡബ്ല്യുഡി ചീഫ് എഞ്ചിനീയറായി ജോലി ചെയ്യുന്ന കാലത്താണ് പെരിയാറില്‍ നിന്ന് അറബിക്കടലിലേക്ക് ഒഴുകി പോകുന്ന വെള്ളത്തെ തമിഴ്നാട്ടിലേക്ക് അണകെട്ടിക്കൊണ്ടുവരാനുള്ള ആശയത്തിന് പെനിക്വിക്ക് എന്ന എന്‍ജിനിയര്‍ തറക്കല്ലിട്ടത്.

അക്കാലത്ത് വൈഗയിലെ വെള്ളത്തെ മാത്രം ആശ്രയിച്ച തമിഴ് ദേശത്തെ തേനി, മധുര, ദിണ്ഡിഗല്‍, രാമനാഥപുരം, ശിവഗംഗ എന്നീ ദേശങ്ങളി കര്‍ഷകര്‍ക്ക് ജലമെത്തിക്കാനാകുമെന്നായിരുന്നു പെനിക്വിക്കിന്റെ കണക്കുകൂട്ടല്‍ . സ്വന്തം സമ്ബാദ്യം ചെലവഴിച്ചാണ് തനിക്കറിയാത്ത ഒരു ജനതയുടെ ജീവിതം പെനിക്വിക്ക് കെട്ടി ഉയര്‍ത്തിയത്.

തമിഴ്നാടന്‍ ജില്ലകളിലെ വരള്‍ച്ചയകറ്റി കൃഷി സമൃദ്ധമാക്കുകയെന്ന ലക്ഷ്യത്തോടെ ഇടുക്കി കുമളിയില്‍ പണിതുയര്‍ത്തിയ മുല്ലപെരിയാര്‍ അണക്കെട്ടിന് 125 വയസ്.തമിഴ്നാട്ടിലെ 68556 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്കും ശുദ്ധജല ക്ഷാമത്തിനും പരിഹാരം കാണുന്ന ഈ അണക്കെട്ട് വിവാദങ്ങളുടെ കാര്യത്തിലും ഈ വലിപ്പം കാണിക്കാറുണ്ട്. പെരിയാര്‍ വന്യജീവി സങ്കേതത്തത്തിലും സമീപ പ്രദേശങ്ങളിലുമായി 5398 ചതുരശ്ര കിലോമീറ്ററാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം.

സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ചാണ് ബ്രിട്ടീഷ് എന്‍ജിനീയര്‍ അണക്കെട്ട് നിര്‍മിച്ചത്. ഇടുക്കി ജില്ലയിലെ കുമിളിയില്‍ ഈ അണ ഉയര്‍ന്നതോടെ തേക്കടി തടാകവും രൂപം രൂപം കൊണ്ടു. ലോകത്ത് ഇന്നുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ളതാണിതെന്നും പറയപ്പെടുന്നു.

കരിങ്കല്ല് പൊട്ടിച്ചെടുത്ത് അടുക്കിവച്ച്‌ അതിന് മുകളില്‍ സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് അണകെട്ടിയത്. നിര്‍മാണഘട്ടത്തില്‍ രണ്ട് തവണ കെട്ട് ഒലിച്ചുപോയതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറി. എന്നാല്‍, താന്‍ തുടങ്ങിവച്ച്‌ സ്വപ്നം കെട്ടി ഉയര്‍ത്താതിരിക്കാന്‍ പെന്നി ക്വിക്കിന് കവിഞ്ഞില്ല. സര്‍ക്കാര്‍ പിന്മാറിയതോടെ ബ്രിട്ടനിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ഇന്ത്യയിലെ ഈ അണക്കെട്ട് നിര്‍മ്മിച്ചത്. സ്വന്തം ആസ്തിവിറ്റ പണം ഉപയോഗിച്ച്‌ ആരെന്ന് പോലുമറിയാത്തവര്‍ക്കായി, സ്വന്തം നാട്ടുകാര്‍ പോലുമല്ലാത്തവര്‍ക്കായി ഡാം നിര്‍മ്മിച്ച പെനിക്വിക്ക് ഇന്നും ഈ അണക്കെട്ട് പോലെ തന്നെ വിസ്മയമായ ജീവിതമാണ്.

1886 ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മയും ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി ഫോര്‍ പെരിയാര്‍ ഇറിഗേഷന്‍ വര്‍ക്കസുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 999 വര്‍ഷത്തെ പാട്ടത്തിനാണ് നല്‍കുമെന്നായിരുന്നു. എന്നാല്‍ 1947 ല്‍ ഇന്ത്യ സ്വതന്ത്രമാവുകയും 1956 നവംബറില്‍ കേരളം രൂപീകൃതമാവുകയും തിരുവിതാംകൂര്‍ രാജ്യം ഇല്ലാതാവുകയും ചെയ്തു. ഇതോടെ ബ്രിട്ടീഷ് ഭരണാധികാരികളും തിരുവിതാംകൂര്‍ രാജ്യവും തമ്മിലുള്ള കരാര്‍ അസാധുവായതായി കേരളം നിലപാട് സ്വീകരിച്ചു. 1970 ല്‍ അച്യതമേനോന്‍ മന്ത്രിസഭയുടെ കാലത്ത് കേരളവും തമിഴ് നാടും ഈ വിഷയത്തില്‍ പുതിയ കരാറില്‍ ഏര്‍പ്പെട്ടു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെടുകയും, എന്നാല്‍ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് കേരളം ഈ ആവശ്യത്തെ നിരാകരിക്കുകയും ചെയ്തു. 1961 ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാര്‍ത്ഥത്തില്‍ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്ക ഉയര്‍ന്നത്. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു നിര്‍മ്മിക്കപ്പെട്ട ഈ കാലപ്പഴക്കംചെന്ന അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാന്‍ സാധിക്കുമോ എന്നതായിരുന്നു പ്രധാനമായും ഉയര്‍ന്ന ഭയം. ഈ വിവാദങ്ങളുടെ കൂടെ പശ്ചാത്തലത്തിലായിരന്നു 1970 ലെ കരാര്‍ പുതുക്കല്‍.

1961 ന് ശേഷം കേരളത്തില്‍ വീണ്ടും ആശങ്കയുടെ വഴിയൊരുക്കിയത് 1990കളുടെ രണ്ടാം പകുതിയില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍കണ്ട ചോര്‍ച്ചയാണ്. ആ ചോര്‍ച്ച സംബന്ധിച്ച ആശങ്ക കേരളത്തില്‍ വലിയ വിഷയമായി മാറി. അന്ന് എല്‍ ഡി എഫ് കണ്‍വീനറായിരന്ന വി എസ് അച്യുതാനന്ദന്‍ ഡാം സന്ദര്‍ശിക്കുകയും ഈ വിഷയത്തെ കുറിച്ച്‌ നിലപാട് വ്യക്തമാക്കുകയും ചെയ്തു. അന്ന് ഭരിച്ചിരുന്ന എല്‍ ഡി എഫ് സര്‍ക്കാരും ഈ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ മുല്ലപ്പെരിയാര്‍ ഡാം വീണ്ടും സജീവ വിഷയമായി മാറി. പിന്നീട് കേരളവും തമിഴ് നാടും തമ്മിലുള്ള വലിയ തര്‍ക്കങ്ങളിലൂടെയും വിവാദങ്ങളിലുടെയും കേസുകളിലൂടെയും ഡാം ഒഴുകി.

ജലനിരപ്പ് ഉയര്‍ത്തണമെന്ന് തമിഴ് നാട് ആവശ്യമുന്നയിക്കും ജലനിരപ്പ് കുറയ്ക്കാന്‍ അനുമതി വേണമെന്ന കേരളം ആവശ്യപ്പെടുകയും ചെയ്തുതുടങ്ങി. ഡാമിലെ നിയന്ത്രണം സംബന്ധിച്ച്‌ അവകാശ തര്‍ക്കങ്ങളും ഉടലെടുത്തു. സംസ്ഥാന്തര ജലതര്‍ക്കം കോടതി കയറി. മുല്ലപ്പെരിയാര്‍ വിഷയം പഠിക്കാന്‍ കേന്ദ്ര ജലകമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെയുള്ള മൂന്ന് പേരെ നിയോഗിച്ചുള്ള കമ്മിറ്റിയെ സുപ്രീം കോടതി 2006 ല്‍ നിയോഗിച്ചു. പിന്നീട് 2010 ല്‍ എ എസ് ആനന്ദ് കമ്മിറ്റിയെ നിയോഗിച്ചു.

2014 മെയ് 7 ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി തമിഴ്നാടിന് അനുകൂലമായി വന്നു. ഈ വിധി കേരളത്തിന് പ്രതികൂലമായിരുന്നു. 136 അടിയില്‍ നിന്നും 142 അടിയിലേയ്ക്ക് ജലനിരപ്പ് ഉയര്‍ത്താമെന്നും, അണക്കെട്ടിന്റെ നിരീക്ഷണത്തിന് ഒരു മൂന്നംഗ സമിതിയെ നിയോഗിക്കാമെന്നും അന്നത്തെ സുപ്രീംകോടതി വിധിയില്‍ പറഞ്ഞു.

prp

Leave a Reply

*