ഭയപ്പെട്ടത് തന്നെ സംഭവിക്കുന്നു. കൊറോണയുടെ രണ്ടാം വരവ് അതീവ ഭീകരമായിരിക്കുമെന്ന് നേരത്തേ ഈ രംഗത്തുള്ള വിദ്ഗദരില് പലരും പ്രവചിച്ചിരുന്നതാണ്. അത് യാഥാര്‍ത്ഥ്യമാവുകയാണ് എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിലെ കൊറോണ വ്യാപനത്തെ കാണിക്കുന്ന കൊറോണ വൈറസ് ഹീറ്റ്മാപ്പ് കാണിക്കുന്നത് 200 ല്‍ അധികം പട്ടണങ്ങളും നഗരങ്ങളും അത്യധികം ഗുരുതരാവസ്ഥയിലാണ് എന്നാണ്. ഇവിടങ്ങളില്‍, ബോറിസ് ജോണ്സണ് പുതിയതായി പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വരാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.
തിങ്കളാഴ്ച്ച മുതലാണ് ട്രാഫിക് ലൈറ്റ് സിസ്റ്റത്തെ അനുകരിച്ചുള്ള ത്രിതല ലോക്ക്ഡൗണ്‍ സമ്ബ്രദായം നിലവില്‍ വരുന്നത്. രോഗവ്യാപനത്തിന്റെ നിരക്കിന്റെ അടിസ്ഥാനത്തില്‍ സ്ഥലങ്ങളെ , അപകട സാധ്യത കുറഞ്ഞവ, ഇടത്തരം അപകട സാധ്യതയുള്ളവ, കൂടിയ അപകട സാധ്യതയുള്ളവ എന്നിങ്ങനെ മൂന്നായി തിരിച്ചായിരിക്കും പുതിയ പ്രാദേശിക ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കുക. ഇതില്‍ റെഡ് സോണുകള്‍ എന്നറിയപ്പെടുന്ന അതീവ അപകട സാധ്യതയുള്ള ഇടങ്ങളില്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങളായിരിക്കും ഉണ്ടാവുക.
Stories you may Like
റെഡ് സോണില്‍, ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടതായി വരും. എന്നാല്‍ മറ്റ് ഷോപ്പുകള്‍ക്കും സ്കൂളുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ തന്നെ റെഡ് സോണിലുണ്ട്. രോഗവ്യാപനം കനക്കുകയും ആശുപത്രികളില്‍ തിരക്കേറുകയും ചെയ്തതോടെ കൂടുതല്‍ പ്രദേശങ്ങള്‍ റെഡ് സോണുകളായി പ്രഖ്യാപിക്കാനും ഇടയുണ്ട്. തെക്കന്‍ ഇംഗ്ലണ്ടില്‍ രോഗവ്യാപനം താരതമ്യേന ദുര്ബലമാണെങ്കിലുംബ്രെന്റ്വുഡ്, എസ്സെക്സ്, ബേണ്‍മൗത്ത്, ബ്രിസ്റ്റോള്‍, ബാത്ത്, ബ്രൈറ്റണ് തുടങ്ങിയ നഗരങ്ങളില്‍ രോഗവ്യാപനതോത് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ഇവയും റെഡ് സോണില്‍ ഉള്‍പ്പെടും.
കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ ഭരണകക്ഷിയില്‍ തന്നെ എതിര്‍പ്പുണ്ടെങ്കിലും സര്‍ക്കാരിന്റെ ശാസ്ത്രോപദേഷ്ടാക്കള്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ ദിവസേന 17,000 ത്തില്‍ അധികം പുതിയ രോഗികള്‍ എന്ന നിലയിലേക്കെത്തുന്നത് തികച്ചും അപകടകരമായ കാര്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലേത് പോലെ എന്‍ എച്ച് എസ് വീണ്ടും സമ്മര്‍ദ്ദത്തിലാകും. സമ്മര്‍ദ്ദം ചികിത്സയുടെ ഗുണനിലവാരം കുറയ്ക്കും എന്നുമാത്രമല്ല, പലര്‍ക്കും വേണ്ട സമയത്ത് ചികിത്സ ലഭിക്കാതെയും വന്നേക്കും. ഇപ്പോള്‍ കുറഞ്ഞിരിക്കുന്ന മരണനിരക്കിനെ ഇത് ഉയര്‍ത്താനും സാധ്യതയുണ്ട്.
കര്‍ശന നിയന്ത്രണങ്ങളില്‍ ചിലതിലെങ്കിലും ഇളവുകള്‍ വരുത്തണമെന്ന അഭിപ്രായക്കാരാണ് ചാന്‍സലര്‍ ഋഷി സുനാകും ബിസിനസ്സ് സെക്രട്ടറി അലോക് ശര്‍മ്മയും. എന്നാല്‍ ഏതൊരു തരത്തിലുള്ള ഇളവും വിപരീതഫലം ഉണ്ടാക്കും എന്നാണ് ഹാന്‍കോക്കും ഗോവും വാദിക്കുന്നത്. ഏതായാലും തര്‍ക്കത്തിനൊടുവില്‍ ട്രാഫിക് ലൈറ്റ് സിസ്റ്റത്തിനനുസരിച്ചുള്ള ത്രിതല ലോക്ക്ഡൗണിനാണ് പ്രധാനമന്ത്രി ഉത്തരവിട്ടത്.തിങ്കളാഴ്ച്ചയായിരിക്കും ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുക. ബുധനാഴ്ച്ച മുതല്‍ ഇവ നിലവില്‍ വരും.

