രാജ്യസഭാ തെരഞ്ഞെടുപ്പ്: എല്ലാ കണ്ണുകളും ജോസ് കെ മാണിയിലേക്ക്, റോഷി അഗസ്റ്റിനും എന്‍ ജയരാജും ആര്‍ക്ക് വോട്ട് ചെയ്യും?

തിരുവനന്തപുരം: ( 18.08.2020) ആഗസ്റ്റ് 24ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടത് വലത് മുന്നണികള്‍ ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ട് പ്രതീക്ഷിക്കുന്നു. ജോസിനെയും കൂട്ടരെയും പുറത്താക്കിയത് തിരിച്ചടിയായെന്ന് കോണ്‍ഗ്രസും യു.ഡി.എഫും ഇപ്പോള്‍ വിശ്വസിക്കുന്നു. ഏക എംഎല്‍എയുള്ള ബിജെപിയാകട്ടെ ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി ഇരു മുന്നണികള്‍ക്കും എതിരായതിനാല്‍ ഒ രാജഗോപാല്‍ എംഎല്‍എ വോട്ടിംഗില്‍ നിന്ന് മാറി നില്‍ക്കാനാണ് സാധ്യത.

89 എംഎല്‍എമാരുള്ള എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ശ്രേയാംസ്‌കുമാറിന്റെ വിജയം ഉറപ്പാണ്. കേരളാ കോണ്‍ഗ്രസിന് അഞ്ച് എംഎല്‍എമാരാണ് ഉള്ളത്. അതില്‍ റോഷി അഗസ്റ്റിനും എന്‍സജയരാജും ആര്‍ക്ക് വോട്ട് ചെയ്യും എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം നിര്‍ണായകമാണ്. പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് വിപ്പ് നല്‍കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം അനുവദിക്കാതിരുന്ന പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ പി ജെ ജോസഫിന് എങ്ങനെ തങ്ങള്‍ക്ക് വിപ്പ് നല്‍കാനാവുമെന്നാണ് ജോസ് കെ മാണി വിഭാഗം ചോദിക്കുന്നത്.

മധ്യതിരുവിതാംകൂറില്‍ യുഡിഎഫിന്റെ ശക്തി കേരളാ കോണ്‍ഗ്രസാണ്. അതുകൊണ്ട് അവരെ ഒഴിവാക്കുക എന്നത് കോട്ടയം ഡിസിസിയുടെ വര്‍ഷങ്ങളായുള്ള താല്‍പര്യമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ തുടര്‍ന്നുള്ള തര്‍ക്കം ജോസ് കെ.മാണിയേയും സംഘത്തെയും പുറത്താക്കുന്നതില്‍ കലാശിച്ചതില്‍ അവിടുത്തെ കോണ്‍ഗ്രസുകാര്‍ക്ക് സന്തോഷമാണ്. എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്.

റോഷി അഗസ്റ്റിനും എന്‍ ജയരാജും എല്‍ഡിഎഫിന് വോട്ട് ചെ്താല്‍ അത് കേവലം കേരളാ കോണ്‍ഗ്രസിലെ പ്രശ്നമായി അവസാനിക്കില്ല. കാരണം രണ്ട് തെരഞ്ഞെടുപ്പുകളാണ് വരാനിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള എം.എല്‍.എമാര്‍ ഉള്ളതിനാല്‍ മാണി വിഭാഗവുമായി എല്‍ഡിഎഫ് ഇതുവരെ കൂടിയാലോചനകള്‍ പോലും നടത്തിയിട്ടില്ല. യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ശേഷം സ്വതന്ത്രമായി നില്‍ക്കുക എന്ന നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചിരിക്കുന്നത്. അതേസമയം ജോസിനെയും സംഘത്തെയും പുറത്താക്കിയതില്‍ യുഡിഎഫ് പുനര്‍വിചിന്തനം നടത്തുന്നുണ്ടെന്ന് വ്യക്തമാണ്.

ജോസ് കെ മാണി വിഭാഗത്തെ ഔദ്യോഗികമായി മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞത് അതുകൊണ്ടാണ്. എന്നാല്‍ എന്‍.ജയരാജും റോഷി അഗസ്റ്റിനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ലാല്‍ ചെറിയാന് വോട്ട് ചെയ്യുമെന്ന് അദ്ദേഹത്തിന് ഉറപ്പുമില്ല. പക്ഷെ, ബിജെപി വോട്ട് എല്‍ഡിഎഫിനായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. റോഷിയും ജയരാജും വോട്ടെടുപ്പിന് വന്നില്ലെങ്കില്‍ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാലാണ് അവര്‍ വരാത്തതാണെന്ന് പറഞ്ഞ് നാണക്കേടില്‍ നിന്ന് യുഡിഎഫിന് തടിതപ്പാനാകും.

prp

Leave a Reply

*