31 കേസുകളില്‍ 16ഉം പണം നല്‍കി ഒതുക്കി സരിത, നടപടികള്‍ സ്വീകരിക്കാതെ സോളാറില്‍ ‘ഉറക്കം നടിച്ച്‌’ സര്‍ക്കാര്‍


തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയരുമ്ബോഴെല്ലാം യു.ഡി.എഫിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇടതു നേതാക്കള്‍ ഇപ്പോഴും ഉപയോഗിക്കുന്നത് സോളാര്‍ കേസാണ്. എന്നാല്‍ കേസ് നാല് വര്‍ഷം പൊലീസ് അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള മുപ്പതിലധികം കേസുകളില്‍ ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഒന്നില്‍ പോലും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. വിവിധ കോടതികളില്‍ ഉണ്ടായിരുന്ന പതിനാറിലധികം കേസുകളാണ് ഇതിനകം പണം നല്‍കി സരിത ഒത്തുതീര്‍പ്പിലേക്കെത്തിച്ചത്. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി വെറുതെവിട്ട ബിജു രാധാകൃഷ്‌ണന്‍ ഇതിനിടെ ജയില്‍ മോചിതനായി. സര്‍ക്കാര്‍ രേഖകള്‍ പോലും വ്യാജമായുണ്ടാക്കിയ കേസില്‍ സര്‍ക്കാര്‍ കാട്ടുന്ന നിസംഗതയാണ് കേസ് അന്വേഷണം ഇഴയാന്‍ കാരണമെന്നാണ് ആക്ഷേപം.

സോളാര്‍ കേസിലെ പ്രതിയായ സരിത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരെ ഉന്നയിച്ച ലൈംഗിക പരാതികളിലും ഇതുവരെ അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രധാന പ്രചാരണ വിഷയം തന്നെ ഈ കേസായിരുന്നു. 2018 ഒക്ടോബറിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതികയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.

ഇതിനുപിന്നാലെ മുന്‍ മന്ത്രിമാരായ എ.പി അനില്‍കുമാര്‍, അടൂര്‍പ്രകാശ് എന്നിവര്‍ക്കെതിരേയും ലൈംഗിക പീഡന കേസ് ചുമത്തി. ദിവസങ്ങള്‍ നീണ്ട മൊഴിയെടുപ്പിനും ആശയക്കുഴപ്പങ്ങള്‍ക്കും ശേഷമായിരുന്നു കേസെടുത്തത്. ഇപ്പോഴത്തെ ബി.ജെ.പി നേതാവ് അബ്‌ദുള്ളക്കുട്ടിക്കെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെടുത്ത കേസും അന്വേഷണസംഘത്തിന് കൈമാറി. മന്ത്രിമാരുടെ ഒൗദ്യോഗിക വസതിയിലടക്കം പീഡനം നടന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി.

സര്‍ക്കാര്‍ രൂപീകരിച്ച രണ്ട് അന്വേഷണസംഘങ്ങളുടെ തലവന്മാരായ രാജേഷ് ദിവാനും അനില്‍കാന്തും കേസെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ നേരിട്ട് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഓരോ കേസും ഓരോ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയായിരുന്നു പുതിയ അന്വേഷണം. അനില്‍കുമാറിന് എതിരായ കേസില്‍ പരാതിക്കാരി ഇതുവരെ ഹാജരായിട്ടില്ല. സാക്ഷികളും സാഹചര്യ തെളിവുകളും ഇതുവരെ ഒത്തുവരാത്തതും അന്വേഷണം വഴിമുട്ടാന്‍ കാരണമായി. ചില കേസുകളില്‍ ഹാജരായ ശേഷം വസ്ത്രങ്ങളടക്കം ഹാജരാക്കമെന്ന് പറഞ്ഞ പരാതിക്കാരി ഇതുവരെ അതൊന്നും ചെയ്‌തിട്ടുമില്ല.

prp

Leave a Reply

*