ന്യൂഡല്ഹി: ബിജെപി നേതാക്കള്ക്കുവേണ്ടി മാനദണ്ഡങ്ങള് മാറ്റിയെന്ന റിപ്പോര്ട്ടുകളോടു പ്രതികരിച്ചു ഫേസ്ബുക്ക്. രാഷ്ട്രീയ നിലപാടുകളും പാര്ട്ടി ബന്ധങ്ങളും നോക്കാതെയാണു വിദ്വേഷ പ്രചാരണങ്ങള്ക്കെതിരേ കന്പനി നടപടി സ്വീകരിക്കുന്നതെന്നാണു ഫേസ്ബുക്കിന്റെ പ്രതികരണം.
വിദ്വേഷ പ്രചാരണങ്ങളും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും ഫേസ്ബുക്ക് നിരോധിച്ചിട്ടുണ്ട്. ആരുടെയും രാഷ്ട്രീയ നിലപാടുകളോ പാര്ട്ടി ബന്ധങ്ങളോ പരിഗണിക്കാതെയാണ് ആഗോളതലത്തില് ഈ നയങ്ങള് നടപ്പിലാക്കുന്നത്. കൂടുതല് കാര്യങ്ങള് ചെയ്യാനുണ്ടെന്നു ഫേസ്ബുക്കിനറിയാം. ന്യായവും കൃത്യതയും ഉറപ്പാക്കാന് പരിശോധനകളും നടപടികളും തുടരുകയാണെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകള് ചെയ്യുന്നവര്ക്കെതിരേ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള് ബിജെപി നേതാക്കള്ക്കു വേണ്ടി ഫേസ്ബുക്ക് തിരുത്തിയെന്നാണു വാള്സ്ട്രീറ്റ് ജേണല് റിപ്പോര്ട്ട് ചെയ്തത്. ബിജെപി നേതാവ് ടി. രാജാസിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടിയെ കുറിച്ചുള്ള അന്വേഷണത്തിലാണു ബിജെപിക്കു വേണ്ടി മാനദണ്ഡങ്ങള് തിരുത്തുന്നതായി കണ്ടെത്തിയത്. മുസ്ലിംകള് രാജ്യദ്രോഹികളാണെന്നും പള്ളികള് തകര്ക്കണമെന്നും റോഹിങ്ക്യ മുസ്ലിംകളെ വെടിവച്ചു കൊല്ലണമെന്നുമായിരുന്നു തെലങ്കാനയില്നിന്നുള്ള ബിജെപി നേതാവായ രാജാസിംഗിന്റെ പോസ്റ്റ്.
കഴിഞ്ഞ മാര്ച്ചില് ഫേസ്ബുക്ക് നടത്തിയ അന്വേഷണത്തില് ഫേസ്ബുക്ക് മാനദണ്ഡങ്ങള് രാജാസിംഗ് ലംഘിച്ചതായി കണ്ടെത്തി. അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഫേസ്ബുക്കിന്റെ എല്ലാ പ്ലാറ്റ്ഫോമുകളില്നിന്നും രാജസിംഗിനെ നിരോധിക്കാന് തീരുമാനിച്ചെങ്കിലും തുടര് നടപടിയുണ്ടായില്ല.
ഇതു സംബന്ധിച്ച അന്വേഷണത്തിലാണു ഫേസ്ബുക്ക് മാനദണ്ഡങ്ങള് മാറ്റിയതായി വെളിപ്പെട്ടത്. നരേന്ദ്ര മോദിയുടെ പാര്ട്ടിയില്പ്പെട്ടവര്ക്കെതിരേ നടപടിയെടുക്കുന്നതു ഫേസ്ബുക്കിന്റെ ഇന്ത്യയിലെ താത്പര്യങ്ങളെ ബാധിക്കുമെന്നു കന്പനിയുടെ നേതൃസ്ഥാനത്തുള്ള അന്കി ദാസ് ജീവനക്കാരെ അറിയിച്ചതായും വാള്സ്ട്രീറ്റ് ജേണല് റിപ്പോര്ട്ട് ചെയ്യുന്നു.
രാജാസിംഗിനു പുറമെ മൂന്നു ബിജെപി നേതാക്കള്ക്കെതിരായ നടപടിയും ഫേസ്ബുക്ക് രാഷ്ട്രീയ താത്പര്യങ്ങള്കൊണ്ടു മാറ്റിവച്ചതായും റിപ്പോര്ട്ടില് പറയുന്നു.Dailyhunt

