സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ഇന്നത്തോടെ ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയിലുള്ള മഴ പന്ത്രണ്ടാം തീയതി വരെ തുടരും. മലയോര തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
ഇന്നും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളത്. ഈ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി,തൃശൂര്‍, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് തുടങ്ങി ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ സാധാരണ നിലയിലുള്ള മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also : മഴക്കെടുതി : പ്രധാനമന്ത്രി വിളിച്ച ആറ് സംസ്ഥാനങ്ങളുടെ യോഗം ഇന്ന്
ഇന്നത്തോടെ അതിശക്തമായ മഴക്ക് ശമനം ഉണ്ടാകുമെങ്കിലും സാധാരണനിലയിലുള്ള മഴ പന്ത്രണ്ടാം തീയതി വരെ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളില്‍ താമസിക്കുന്നവരും മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന മേഖലകളിലുള്ളവരും അതീവ ജാഗ്രത തുടരണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തീരദേശത്ത് താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം. മത്സ്യബന്ധനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

