ഉടുക്കു പാട്ടു പാടി…

തോളില്‍ ഭാണ്ഢവും കൈയ്യില്‍ ഉടുക്കുമായി പാട്ടും പാടി ഊരു ചുറ്റുന്ന പാണന്‍ ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന കഥാപാത്രമായിരുന്നു. ദേശങ്ങള്‍ തോറും സഞ്ചരിച്ച്, പുത്തൂരം വീട്ടിലെയും തച്ചോളിത്തറവാട്ടിലെയുമൊക്കെ വീര നായകന്മാരുടെയും വീരാംഗനകളുടെയുമൊക്കെ ചരിത്രം പാണന്‍ പാടി നടക്കും. ഈ വടക്കന്‍ പാട്ടുകള്‍ എത്രയോ സിനിമകള്‍ക്കു വിഷയമായിട്ടുണ്ട്. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയുമൊക്കെ കഥകള്‍ പ്രേക്ഷക മനസ്സുകളില്‍ നിന്നും തീരെ മാഞ്ഞു പോയിരിക്കാനിടയില്ല. 70 എം.എം. സിനിമാ സ്‌കോപ്പിലുള്ള പുരാണ-ഇതിഹാസ ചിത്രങ്ങള്‍ പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്നു ഒരു കാലത്ത്. ഈ ചിത്രങ്ങളില്‍ വടക്കന്‍ പാട്ടുകള്‍ കൂടാതെ കാലത്തെ അതിജീവിച്ച മനോഹരമായ ഗാനങ്ങളുമുണ്ടായിരുന്നു.

unniarcha-copy-1-640x300

‘തുമ്പോലാര്‍ച്ച’, ‘തച്ചോളി ഒതേനന്‍’, ‘തച്ചോളി മരുമകന്‍ ചന്തു’, ‘തച്ചോളി അമ്പു’, ‘പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച’, ‘പൊന്നാപുരം കോട്ട’, ‘പാലാട്ടു കോമന്‍’, ‘കടത്തനാട്ട് മാക്കം’, ‘ഒതേനന്റെ മകന്‍’, ‘കണ്ണപ്പനുണ്ണി’ തുടങ്ങി വടക്കന്‍ പാട്ടുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ‘മാമാങ്കം’, ‘പടയോട്ടം’ തുടങ്ങിയ ചരിത്രവും പുരാണങ്ങളും കോര്‍ത്തിണക്കിയ ചിത്രങ്ങളും പ്രേക്ഷക ലക്ഷങ്ങളെ ഹരം കൊള്ളിച്ച സിനിമകളാണ്. ഈ സിനിമകളെല്ലാം വടക്കന്‍ പാട്ടുകളും അതുവഴിയുണ്ടായ കേട്ടു കേഴ്‌വികളും കഥകളുമെല്ലാമായി വളരെ ചേര്‍ന്നു നിന്ന് ഒരുക്കിയവയുമായിരുന്നു.

1989-ല്‍ എം.ടി – ഹരിഹരന്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ഒരു വടക്കന്‍ വീരഗാഥ’യുടെ വിജയത്തോടെ കാര്യങ്ങളാകെ മാറി മറിഞ്ഞു. ചതിയുടെയും വഞ്ചനയുടെയും പര്യായമായി മലയാള മനസ്സുകളില്‍ ഉറച്ചുപോയ ചന്തുവിനെ, എം.ടി. എന്ന എഴുത്തുകാരന്റെ തൂലിക ഒരു പുത്തന്‍ വീക്ഷണത്തില്‍ പുനസൃഷ്ടിച്ചപ്പോള്‍ അതുവരെ നാം പഠിച്ച വടക്കന്‍ പാട്ടിന്റെ എഴുത്തോലകള്‍ അപ്പാടെ കെട്ടഴിഞ്ഞുപോവുകയായിരുന്നു. കണ്ടതും കേട്ടതുമെല്ലാം കള്ളത്തരങ്ങളായിരുന്നുവെന്നും ഇതാണു ശരിയെന്നുമുള്ള വിശ്വാസം പ്രേക്ഷക മനസ്സില്‍ ഉറച്ചു.ചന്തുവെന്നാല്‍ ‘ചതിക്കാത്ത ചന്തു’വായി മാറിയ മമ്മൂട്ടി മാത്രമാണിപ്പോള്‍ മനസ്സില്‍ തെളിയുക. അങ്ങനെ ഓരോ കഥാപാത്രവും സംഭവവും ‘ഒരു വടക്കന്‍ വീരഗാഥ’യിലൂടെ പുതിയ ഇമേജുകളായി മാറി. ഇതോടെ വടക്കന്‍ പാട്ടു സിനിമകളുടെ അധ്യായം അടഞ്ഞുവെന്നു തന്നെ പറയാം. ഒരു പക്ഷേ പുതിയ കാലത്ത്, അത് മറ്റനേകം കാരണങ്ങള്‍ കൊണ്ട് അനിവാര്യമാവുകയും ചെയ്‌തേനെയെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ‘വീരഗാഥ’ക്കുശേഷം ആ വഴിക്കു നടത്തിയ അപൂര്‍വ്വം ചില ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നുവെന്ന സത്യവും നാം വിസ്മരിച്ചു കൂടാ.
ഓര്‍ക്കണം, മനോഹരങ്ങളായ പഴയ ആ വടക്കന്‍പാട്ടു സിനിമകളില്‍ ഭൂരിഭാഗവും നിര്‍മ്മിച്ചത് ഉദയാ സ്റ്റുഡിയോയും മെരിലാന്‍ഡ് സ്റ്റുഡിയോയുമാണെന്ന്. സിനിമയുടെ സാങ്കേതികത്വം ഒരുപാടു പുരോഗമിച്ചെങ്കിലും സിനിമയുടെ വളര്‍ച്ചക്ക് ഉദയായും മെരിലാന്‍ഡും വഹിച്ച പങ്കിനെ ഓര്‍ക്കാന്‍ നമുക്ക് കടപ്പാടുണ്ട്.

(നല്ല സിനിമകളുടെ പര്യായമായി ഉദയാ സ്റ്റുഡിയോ തലയെടുപ്പോടെ നിന്ന ആ കാലം മലയാളികള്‍ മറന്നിട്ടില്ല. ആ നല്ല കാലം മലയാള സിനിമയ്ക്ക് വീണ്ടും സമ്മാനിക്കാന്‍ ഉദയാ സ്റ്റുഡിയോയുടെ പിന്‍തലമുറ ശ്രമിച്ചു തുടങ്ങിയെന്നത് ഇപ്പോള്‍ ആശ്വാസകരമാണ്. ഉദയാ സ്റ്റുഡിയോയുടെ ബാനര്‍ കുഞ്ചാക്കോ ബോബന്‍ ജീവന്‍ വയ്പിക്കുകയാണ്, ഇപ്പോള്‍ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന സിനിമയുടെ നിര്‍മ്മാണത്തിലൂടെ.)
ഇപ്പോഴത്തെ സിനിമക്കാര്‍ ഇതൊക്കെ മറന്നാലും പുതിയ സിനിമകള്‍ക്കു പേരിടുമ്പോഴെങ്കിലും പഴയ സിനിമകളെ ഓര്‍ക്കുന്നുണ്ടല്ലോ. ‘ഒരു വടക്കന്‍ സെല്‍ഫി’, ‘തച്ചോളി വര്‍ഗീസ് ചേകവര്‍’, ഒക്കെ ആ ഉത്തരവാദിത്വം പ്രകടിപ്പിച്ചല്ലോ. ഇനി ‘ഒതേനന്റെ മരുമകന്‍’, ‘ഉണ്ണിയാര്‍ച്ചയുടെ ഉറങ്ങാത്ത രാവുകള്‍’ എന്നൊക്കെയുള്ള പേരുകള്‍കൂടി കൊടുത്ത് പഴയ സിനിമകളുടെ പാരമ്പര്യം ‘നിലനിര്‍ത്താന്‍’ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കുമല്ലോ!

By: കെ.ജയചന്ദ്രന്‍ – cinemapathram.com

prp

Leave a Reply

*