തൃശ്ശൂര്‍: കേരള ബ്രസീല്‍ ഫാന്‍സ് പുറത്തിറക്കിയ സ്നേഹഗാനത്തെ സോഷ്യല്‍ മീഡിയയില്‍ എടുത്തിട്ടലക്കി ബ്രസീല്‍ ഹൈറ്റേഴ്സ്. പാട്ട് പുറത്തിറങ്ങിയത് മുതല്‍ ട്രോളുകളുടെ പ്രവാഹമാണ് സമൂഹമാധ്യമങ്ങളില്‍. ‘ഞാന്‍ ചിരിച്ച് ചിരിച്ച് ചത്ത്’ എന്ന പാഷാണം ഷാജിയുടെ ഡയലോഗ് ആണ് പാട്ട് കേട്ടവരുടെ മുഖഭാവം കണ്ടാല്‍ ഓര്‍മവരുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ ഉരുക്ക് സതീഷനിലെ ‘ചില കുട്ടികളും ചില ചട്ടികളും ചില പട്ടികളും…’ എന്ന ഗാനം ഇതിനേക്കാള്‍ ഭേദമായിരുന്നുവെന്നും ട്രോളന്മാര് പറയുന്നു. ഫാന്‍സിന്റെ പാട്ട് കേട്ട് വെപ്രാളപ്പെട്ടിരിക്കുന്ന സന്തോഷ് പണ്ഡിറ്റ് ആണ് ട്രോളുകളില്‍ നിറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്കിലെ ബ്രസീല്‍ ആരാധകരുടെ കൂട്ടായ്മയായ ബ്രസീല്‍ ഫാന്‍സ് കേരള ആണ് തങ്ങളുടെ ടീമിന് വേണ്ടി ലോകകപ്പ് ഗാനം പുറത്തിറക്കിയത്. ‘ജിംഗ ബീറ്റ്സ്’ എന്ന് പേര് നല്കിയ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ കൊണ്ട് തന്നെ വൈറലായിരിക്കുകയാണ്. ന്യൂട്ടോണ്‍ മീഡിയയാണ് യൂടൂബില്‍ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.



