അഞ്ച് വര്‍ഷത്തോളമായി എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ബഡായി ബംഗ്ലാവ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുളള അവതരണവുമായിട്ടാണ് മുന്നേറിയിരുന്നത്. മറ്റു ചാനല്‍ പരിപാടികളില്‍ നിന്നും വ്യത്യസ്ഥമായൊരു അവതരണമായിരുന്നു ബഡായി ബംഗ്ലാവിനെ വേറിട്ടു നിര്‍ത്തിയിരുന്നത്. റേറ്റിങ്ങില്‍ ഇപ്പോഴും മുന്‍പന്തിയിലുളള പരിപാടി പര്യവസാനിപ്പിക്കുന്നതായുളള വാര്‍ത്ത പ്രേക്ഷകരില്‍ നിരാശയുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ബഡായി ബംഗ്ലാവുമായി ബന്ധപ്പെട്ട് പുതിയൊരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്.
![]()
ബഡായി ബംഗ്ലാവ് പര്യവസാനിപ്പിക്കുകയാണെന്ന് രമേഷ് പിഷാരടി തന്നെയാണ് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നത്. അണിയറയില്‍ പ്രവര്‍ത്തിച്ചവരോടും പ്രേക്ഷകരോടും നന്ദി പറഞ്ഞു കൊണ്ടായിരുന്നു പിഷാരടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്. പരിപാടി അവസാനിപ്പിക്കുന്നു എന്നറിഞ്ഞതോടെ ബഡായി ബംഗ്ലാവിന്റെ അവസാന രണ്ട് എപ്പിസോഡുകള്‍ എന്നുണ്ടാവുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകരുളളത്.
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് അവസാന എപ്പിസോഡില്‍ മമ്മൂക്കയും ലാലേട്ടനും എത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം പരിപാടി സംബന്ധിച്ച് പുറത്തു വന്ന അഭ്യൂഹമാകാം ഇതെന്നും സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. സൂപ്പര്‍ താരങ്ങളെത്തുകയാണെങ്കില് പരിപാടിയുടെ അവസാന എപ്പിസോഡ് ഗംഭീരമായിരിക്കുമെന്നാണ് മറ്റു ചിലയാളുകള്‍ പറയുന്നത്.

